തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; സിദ്ധരാമയ്യക്കെതിരെ പടയൊരുക്കം

Monday 9 December 2019 10:05 pm IST
പല നേതാക്കളും കടുത്ത ഭാഷയിലാണ് സിദ്ധരാമയ്യയെ വിമര്‍ശിച്ചത്. സിദ്ധരാമയ്യ കോണ്‍ഗ്രസിനെ സംസ്ഥാനത്ത് ഇല്ലാതാക്കുമെന്നായിരുന്നു മുന്‍കേന്ദ്രമന്ത്രി ജനാര്‍ദ്ദന പൂജാരി അഭിപ്രായപ്പെട്ടത്.

ബെംഗളൂരു: സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പതിനൊന്ന് സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസിന് പത്തും നഷ്ടമായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്ത് സിറ്റിങ് സീറ്റുകളില്‍ ഒന്‍പതും നഷ്ടമായതിനു പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ സിദ്ധരാമയ്യക്കെതിരെയുള്ള പടയൊരുക്കം ശക്തമായി. 

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ തന്നെ സംസ്ഥാനത്തെ വലിയൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സിദ്ധരാമയ്യക്കെതിരെ പ്രതിഷേധസ്വരം ഉയര്‍ത്തിയിരുന്നു. സിദ്ധരാമയ്യയുടെ ഏകാധിപത്യ നിലപാടാണ് പാര്‍ട്ടിയുടെ പരാജയങ്ങള്‍ക്ക് കാരണമെന്നായിരുന്നു നേതാക്കളുടെ ആരോപണം. 

പല നേതാക്കളും കടുത്ത ഭാഷയിലാണ് സിദ്ധരാമയ്യയെ വിമര്‍ശിച്ചത്. സിദ്ധരാമയ്യ കോണ്‍ഗ്രസിനെ സംസ്ഥാനത്ത് ഇല്ലാതാക്കുമെന്നായിരുന്നു മുന്‍കേന്ദ്രമന്ത്രി ജനാര്‍ദ്ദന പൂജാരി അഭിപ്രായപ്പെട്ടത്. 

പതിറ്റാണ്ടുകളായി കോണ്‍ഗ്രസില്‍ തുടരുന്ന നേതാക്കളെ സിദ്ധരാമയ്യ അവഗണിക്കുകയാണെന്നും മറ്റ് പാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തിയവര്‍ക്കും സ്തുതിപാടകര്‍ക്കും മാത്രമാണ് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതെന്നും മുതിര്‍ന്ന നേതാക്കളായ വീരപ്പമൊയ്‌ലി, ബി.കെ. ഹരിപ്രസാദ്, കെ.എച്ച്. മുനിയപ്പ, എച്ച്.കെ. പാട്ടീല്‍ എന്നിവര്‍ ആരോപിച്ചിരുന്നു. 

സിദ്ധരാമയ്യയുടെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ച് ഡി.കെ. ശിവകുമാര്‍, മല്ലികാര്‍ജുന ഖര്‍ഗെ, ജി. പരമേശ്വര ഉള്‍പ്പെടെയുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് ഹരിപ്രസാദ്, കെ.എച്ച്. മുനിയപ്പ തുടങ്ങിയ നേതാക്കള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി യോഗം ബഹിഷ്‌ക്കരിച്ചിരുന്നു. 

മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ സിദ്ധരാമയ്യയും കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവും ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. ഈ പേരുകള്‍ തെരഞ്ഞെടുപ്പു സമിതിയില്‍ വായിക്കുക മാത്രമാണ് ചെയ്തത്. 

ഇതോടൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് കെ.എച്ച്. മുനിയപ്പ, ബി.കെ. ഹരിപ്രസാദ്, ജി. പരമേശ്വര ഉള്‍പ്പെടെയുള്ള നേതാക്കളെ ഒഴിവാക്കി. ഇതിനെതിരെ കെ.എച്ച്. മുനിയപ്പ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തെഴുതിയെങ്കിലും ഫലം കണ്ടില്ല. അതിനാല്‍ ഉപതെരഞ്ഞെടുപ്പിലെ ജയ, പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സിദ്ധരാമയ്യക്കും ഹൈക്കമാന്‍ഡിനുമാണെന്ന് നേരത്തെ തന്നെ വിമത കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. 

ഭരണത്തുടര്‍ച്ച എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ നിയമസഭ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് 122 സീറ്റില്‍ നിന്ന് 69 ലേക്ക് കൂപ്പുകുത്തി. അന്നും വലിയ പ്രതിഷേധം സിദ്ധരാമയ്യക്കെതിരെ ഉയര്‍ന്നിരുന്നു. 

ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് സിദ്ധരാമയ്യയും കര്‍ണാടകത്തിന്റെ ചുമതലയുണ്ടായിരുന്ന കെ.സി. വേണുഗോപാലും കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയെ വിശ്വസിപ്പിച്ചിരുന്നു. ഇതോടെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം മാനിക്കാതെയായിരുന്നു മൂവര്‍ സംഘത്തിന്റെ പ്രചാരണം. 

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സിദ്ധരാമയ്യക്കും കെ.സി. വേണുഗോപാലിനുമെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പ്രതികരിച്ചിരുന്നു. എന്നാല്‍, ബിജെപി വിരോധം ഉയര്‍ത്തി ജെഡിഎസ്സുമായി കോണ്‍ഗ്രസ് സഖ്യം ചേരുകയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ പ്രതിഷേധ സ്വരങ്ങള്‍ കെട്ടടങ്ങുകയും ചെയ്തു. 

എന്നാല്‍, ഈ വര്‍ഷം നേരിട്ട രണ്ടു തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതോടെ സിദ്ധരാമയ്യക്കെതിരെ പാര്‍ട്ടിയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. 

മല്ലികാര്‍ജുന ഖര്‍ഗെയെയും ഡി.കെ. ശിവകുമാറിനെയും സംസ്ഥാനത്തെ കോണ്‍ഗ്രസ് മുഖങ്ങളായി ഉയര്‍ത്തിക്കൊണ്ടു വരാനാണ് സിദ്ധരാമയ്യ വിരുദ്ധ ചേരിയുടെ ലക്ഷ്യം. ശിവകുമാറിനെ പ്രസിഡന്റാക്കാനാണ് നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.