പൗരത്വ നിയമം കത്തിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് 77 ലക്ഷം വാങ്ങി; ഇസ്ലാമിക തീവ്രവാദികളില്‍ നിന്ന് കപില്‍ സിബല്‍ കൈപറ്റിയ പണത്തിന്റെ രേഖകള്‍ പുറത്ത്

Monday 27 January 2020 3:48 pm IST
സുപ്രീംകോടതി അഭിഭാഷകരായ ഇന്ദിരാ ജയ്‌സിങ്, ദുഷ്യന്ത് എ ധവേ, അബ്ദുള്‍ സമന്ദ് എന്നിവര്‍ക്കും ഇസ്ലാമിക തീവ്രവാദ സംഘടനകളില്‍ നിന്ന് ഫണ്ട് ലഭിച്ചിരുന്നതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ന്യൂദല്‍ഹി:  പ്രമുഖ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലിന് 77 ലക്ഷം രൂപ, ഇന്ദിര ജയ്‌സിങ്ങിന് നാലു ലക്ഷം രൂപ, ദുഷ്യന്ത് ദവെയ്ക്ക് 11 ലക്ഷം രൂപ എന്നിങ്ങനെ പോപ്പുലര്‍ ഫ്രണ്ട് നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്.

ഇതിനു പുറമേ എന്‍ഐഎയുടെ കുറ്റപത്രത്തിലുള്ള അബ്ദുള്‍ സമദിന് പോപ്പുലര്‍ ഫ്രണ്ട് 3.10 ലക്ഷം നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ കേസുകള്‍ കൈകാര്യം ചെയ്തതിനാണ് സിബല്‍ അടക്കമുള്ളവര്‍ക്ക് പണം നല്‍കിയത്. കേസുകള്‍ക്ക് താന്‍ ചെക്കായി പണം വാങ്ങിയിരുന്നതായി സിബല്‍ വ്യക്തമാക്കിയിട്ടുണ്ട്. ലവ് ജിഹാദുമായി ബന്ധപ്പെട്ട അഖിലക്കേസ് കൈകാര്യം ചെയ്തതിനാണ് പണം നല്‍കിയതെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രസ്താവനയില്‍ അറിയിച്ചു. കലാപം നടത്താന്‍ പണമൊഴുക്കിയെന്ന എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍ പോപ്പുലര്‍ ഫ്രണ്ട് നിഷേധിച്ചു.

അതേസമയം പൗരത്വ നിയമ ഭേദഗതിയുടെ മറവില്‍ യുപിയില്‍ കലാപം അഴിച്ചുവിടാന്‍ പോപ്പുലര്‍ ഫ്രണ്ട് 73 അക്കൗണ്ടുകള്‍ വഴി 120 കോടി രൂപ ഒഴുക്കിയതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. പണം വന്ന വഴികള്‍ വ്യക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

യുപിയിലും മംഗലാപുരത്തും ആസാമിലുമുണ്ടായ, ഇരുപതിലേറെപ്പേരുടെ ജീവനെടുത്ത കലാപത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ഐബി അടക്കമുള്ള രഹസ്യാന്വേഷണ ഏജന്‍സികളും പോലീസും കണ്ടെത്തിയിരുന്നു. പലയിടങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ്  സംഘര്‍ഷങ്ങള്‍ അഴിച്ചുവിടാന്‍ അവര്‍ വന്‍തോതില്‍ പണം ഉപയോഗിച്ചെന്ന് കണ്ടെത്തിയത്.

പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ച ഡിസംബര്‍ നാലു മുതല്‍ ജനുവരി ആറു വരെ ഒരു മാസം കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് വന്‍തോതില്‍ പണം സംഭരിച്ചു. ഈ ഒരു മാസം കൊണ്ട് 73 അക്കൗണ്ടുകള്‍ വഴി, യുപിയിലെ ബിജ്‌നോര്‍, ഹാപ്പൂര്‍, ബഹ്‌റൈച്ച്, ഷാമിലി, ദസ്‌ന എന്നിവിടങ്ങളിലുള്ള ചിലര്‍ക്ക്, കലാപമഴിച്ചുവിടാന്‍ പണം നല്‍കിയെന്നും മൊത്തത്തില്‍ ഇത് 120 കോടി വരുമെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ കശ്മീര്‍ വിഭാഗത്തിന് 1.65 കോടി നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്.

ചെറിയ തുകകളായി നല്‍കിയതിന്റെ വിശദാംശവും റിപ്പോര്‍ട്ടിലുണ്ട്. 2019 ഡിസംബര്‍ നാലു മുതല്‍ ജനുവരി ആറു വരെയായി പോപ്പുലര്‍ ഫ്രണ്ടിന്റെ പത്ത് അക്കൗണ്ടുകളിലും റിഹാബ് ഫൗണ്ടേഷന്റെ അഞ്ച് അക്കൗണ്ടുകളിലുമായി 1.04 കോടി രൂപ നിക്ഷേപിച്ചു. 50,000 രൂപ മുതല്‍ മുകളിലോട്ടുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് കാണിക്കണമെന്നതിനാല്‍ അയ്യായിരം രൂപ മുതല്‍ 49,000 രൂപ വരെയുള്ള തുകകളായാണ് നല്‍കിയത്. പണം നിക്ഷേപിച്ചതും പിന്‍വലിച്ചതും ഇതേ രീതിയിലുള്ള തുകകളായാണ്. അതിനാല്‍, ഒരു നിക്ഷേപകനും പിന്‍വലിച്ചയാള്‍ക്കും തങ്ങളുടെ പാന്‍ കാര്‍ഡ് കാണിക്കേണ്ടിവന്നിട്ടില്ല. നിരവധി അക്കൗണ്ടുകളില്‍ ഒന്ന്  സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കോഴിക്കോട്ടെ മാവൂര്‍ റോഡ് ശാഖയിലേതാണ്. (നമ്പര്‍ 44051010004277) 

ദുബായ്‌യില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായും റിപ്പോട്ടില്‍ പറയുന്നു. വലിയ കലാപങ്ങളും സംഘര്‍ഷങ്ങളുമുണ്ടായതിന് അടുത്ത ദിവസങ്ങളിലാണ് പണം പിന്‍വലിച്ചത്. പണം നിക്ഷേപിച്ചതിനും  പിന്‍വലിച്ചതിനും  കലാപങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. പണം പിന്‍വലിച്ച ദിവസങ്ങളും കലാപം ശക്തമായ ദിവസങ്ങളും റിപ്പോര്‍ട്ടില്‍ പ്രത്യേക ഗ്രാഫായി കാണിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.