മരടും മുത്തൂറ്റും പിന്നെ മലയാളിയും

Wednesday 11 September 2019 3:00 am IST

 

രട് നഗരസഭ അടുത്തകാലം വരെ കേരളത്തിന് പരിചിതമായിരുന്നില്ല. ഇന്ന് മരട് എന്നുകേട്ടാല്‍ ഉടന്‍ ഓര്‍മയിലെത്തുന്നത് അഞ്ച് കൂറ്റന്‍ ബഹുനില കെട്ടിടങ്ങളാണ്. കായലിന്റെ ഭംഗിയുള്ള ചിത്രങ്ങളും കുളിര്‍മ്മയേറുന്ന കാറ്റുമെല്ലാം ആ കെട്ടിടങ്ങളുടെ മഹിമയും മനോഹാരിതയും വിളിച്ചോതുന്നതാണ്. ആ വിളി കേട്ടാണ് രാജ്യത്തിനകത്തും പുറത്തുമായിരുന്ന അഞ്ഞൂറോളം കുടുംബങ്ങളെ അങ്ങോട്ടാകര്‍ഷിച്ചത്. അറുപത് ലക്ഷം മുതല്‍ ഒന്നരക്കോടിവരെ നല്‍കി ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയ കുടുംബങ്ങള്‍ ഇന്ന് കായലിന് നടുവില്‍ തീ തിന്നുകയാണ്. ഈ മാസം 20ന് അകം ആ കൂറ്റന്‍ കെട്ടിടങ്ങള്‍ നിലംപരിശാക്കിയില്ലെങ്കില്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറി അഴി എണ്ണേണ്ടിവരുമെന്നാണ് സുപ്രീംകോടതി വിധി. ചീഫ് സെക്രട്ടറി അഴി എണ്ണുന്നതിലല്ല ഫ്‌ളാറ്റ് ഉടമകളുടെ സങ്കടം. അഞ്ചുദിവസത്തിനകം ഫ്‌ളാറ്റ് ഒഴിയണമെന്ന നഗരസഭയുടെ നോട്ടീസിലാണ്.

സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കിയേ പറ്റൂ എന്ന നിലപാട് അടുത്തിടെ എടുത്ത സര്‍ക്കാരിന് എന്തുചെയ്യാന്‍ പറ്റും? ചീഫ് സെക്രട്ടറിയെ ഉപേക്ഷിക്കാന്‍ സാധിക്കുമോ? ചീഫ് സെക്രട്ടറി കഴിഞ്ഞദിവസം ഓടിക്കിതച്ച് മരടിലേക്കോടി. ഫ്‌ളാറ്റ് സ്വന്തമാക്കിയവര്‍ നെഞ്ചത്തടിച്ച് ചോദിച്ചു, 'ഞങ്ങളെന്ത് പിഴച്ചു?' ചീഫ് സെക്രട്ടറി എന്തുപറയാന്‍? 500 കുടുംബങ്ങള്‍ എന്തുചെയ്യണമെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. വിധി നടപ്പാക്കണമെന്ന് സര്‍ക്കാര്‍. നടപ്പാക്കാന്‍ 300 കോടിവേണമെന്ന് നഗരസഭ. പണം ലഭിച്ചാലും പൊളിക്കുന്നതിന്റെ അവശിഷ്ടം എന്തുചെയ്യുമെന്നതിന്റെ ആകുലത, ആകെ പ്രശ്‌നം. കുടുംബങ്ങളുടെ കണ്ണീരാകട്ടെ കായലിന്റെ അളവ് കൂട്ടുകയും ചെയ്യുകയാണ്. മലയാളിയുടെ വേവലാതിക്ക് അളവും അതിരുമില്ല.

പടുകൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചവര്‍ ഇരിക്കട്ടെ. അതിന് അനുമതികൊടുത്തത് മറുനാട്ടുകാരൊന്നുമല്ലല്ലോ. അവരാരും കാലപുരി പൂകി എന്നും പറയാനാകില്ല. നഗരസഭയുടെ വെറുമൊരു ടൗണ്‍ പ്ലാനര്‍ക്ക് നിയമവും വ്യവസ്ഥകളും ലംഘിച്ച് അനുമതി നല്‍കാനാവില്ല. സംസ്ഥാന സര്‍ക്കാരില്‍ തദ്ദേശ സ്ഥാപന ഭരണാധികാരിയായിരിക്കാം അന്തിമാനുമതി നല്‍കിയത്. എന്തേ അവരാരെന്ന് പറയാത്തത്. സുപ്രീംകോടതിയും അത് നോക്കിയില്ലേ? അതിനെക്കുറിച്ചൊന്നും ഇതുവരെ ആരും പറയുന്നത് കേട്ടില്ല. ഫ്‌ളാറ്റ് മാഫിയയില്‍നിന്നും വന്‍തുക കോഴപറ്റിയാണ് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്നതെന്നത് ഒരു രഹസ്യമല്ല. അത്തരക്കാര്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിലിരിക്കുമ്പോള്‍ പാവം-500 കുടുംബങ്ങള്‍. അവര്‍ക്ക് കാണവും ഇല്ല, ഓണവും ഇല്ല.

അതുപോലെയാണ് മുത്തൂറ്റ് എന്ന മൊത്തം ഊറ്റുന്ന സ്ഥാപനത്തിന്റെ അവസ്ഥ. 3,500 ബ്രാഞ്ചുകളുള്ള സ്ഥാപനം. കേരളത്തില്‍ 600ല്‍പ്പരം ബ്രാഞ്ചുകള്‍. 2800 ജീവനക്കാര്‍. ഒരു പോത്ത് കുളത്തില്‍വീണ് ചത്താല്‍ ആയിരം പോത്തിന്റെ വെള്ളം കുടിമുട്ടും എന്ന് പറയാറില്ലെ. അതുപോലെയാണ് മുത്തൂറ്റ് ജീവനക്കാരുടെ സ്ഥിതി. മുത്തൂറ്റിലെ ചെറിയ വിഭാഗം ജീവനക്കാര്‍ സമരത്തിലാണ്. ആകെയുള്ളതിന്റെ പത്ത് ശതമാനമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. അടുത്തമാസം പിറക്കും മുന്‍പ് ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നതാണ് മുത്തൂറ്റിന്റെ ശൈലിയത്രെ. എന്നിട്ടും സിഐടിയു സമരം എന്തിനെന്നാണ് മാനേജ്‌മെന്റിന് മനസ്സിലാകാത്തത്. ഈ മാനേജ്‌മെന്റ് ഏത് ലോകത്തിലാണാവോ? സിപിഎമ്മിന്റെയും സിഐടിയുവിന്റെയും ശീലമതാണ്. പത്രത്തിന് പരസ്യവും പാര്‍ട്ടിക്ക് പണവും നല്‍കുന്നതിന് ഒരു പിശുക്കും കാണിക്കാത്ത മാനേജ്‌മെന്റിനെ പിന്നെയും ഭീഷണിപ്പെടുത്തുന്നത് എന്തിനാണെന്നല്ലെ? മൊത്തം പോക്കറ്റിലാക്കാന്‍. ബംഗാളും ത്രിപുരയും ഇപ്പോഴില്ല. ദല്‍ഹിയില്‍ പാര്‍ട്ടി ഓഫീസിന്റെ കരണ്ട് ബില്ലടക്കണം. വെള്ളത്തിനും കാശ് വേണം. മുത്തൂറ്റ് കുറച്ചുകൂടി ജനങ്ങളെ ഊറ്റി പാര്‍ട്ടിയുടെ ബക്കറ്റിലേക്ക് ഒഴുക്കണം. പറ്റുമോ? പറ്റില്ലെന്നും കേരളത്തിലെ മുത്തൂറ്റ് ബ്രാഞ്ചുകള്‍ പൂട്ടുമെന്നും പറയുമ്പോള്‍ അവിടങ്ങളിലെ തൊഴിലാളികള്‍ക്ക് പണിയുമില്ല, പണവുമില്ല. അവരുടെ ഓണവും തഥൈവ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.