കോപ്പയില്‍ ക്വാര്‍ട്ടര്‍ നാളെ മുതല്‍

Thursday 27 June 2019 3:30 am IST

ബ്രസീലിയ: ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ചക്രവര്‍ത്തിമാരെ കണ്ടെത്താനുള്ള പോരാട്ടം അവസാനഘട്ടത്തിലേക്ക്. കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരങ്ങള്‍ക്കു നാളെ തുടക്കം. കായികപ്രേമികളുടെ ഏറ്റവും വലിയ ആവേശമായ ബ്രസീല്‍-അര്‍ജന്റീന സെമി പോരാട്ടത്തിനുള്ള സാധ്യതയാണ് ക്വാര്‍ട്ടറിനെ ശ്രദ്ധേയമാക്കുന്നത്.

ക്വാര്‍ട്ടറില്‍ ആതിഥേയരായ ബ്രസീലിന് പരാഗ്വെയാണ് എതിരാളികള്‍. അര്‍ജന്റീന, വെനസ്വേലയെ നേരിടുമ്പോള്‍ നിലവിലെ ജേതാക്കള്‍ ചിലിക്ക് കൊളംബിയയാണ് എതിരാളികള്‍. ഉറുഗ്വെയും പെറുവും മുഖാമുഖമെത്തും.

ക്വാര്‍ട്ടര്‍ കടന്നാല്‍ ബ്രസീല്‍-അര്‍ജന്റീന സെമിക്കാകും ചാമ്പ്യന്‍ഷിപ്പ് സാക്ഷിയാകുക. നിലവിലെ ഫോമില്‍ ബ്രസീല്‍, പരാഗ്വെയെ മറികടക്കുമെന്നാണ് പ്രതീക്ഷ. ഗ്രൂപ്പ് ബിയില്‍ മൂന്നാംസ്ഥാനക്കാരയ പരാഗ്വെ ഗോള്‍ശരാശരിയുടെ അടിസ്ഥാനത്തില്‍ മികച്ച മൂന്നാംസ്ഥാനക്കരെന്ന നേട്ടത്തോടെയാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് എയില്‍ വെനസ്വേലയോട് കുരുങ്ങിയ ബ്രീസില്‍ ഗ്രൂപ്പ് ജേതാക്കളായി അവസാന എട്ടില്‍ ഇടം നേടി. സൂപ്പര്‍ താരം നെയ്മറുടെ അഭാവമറിയാതെ കളിക്കുന്ന ബ്രസീലിനു തന്നെയാണ് മത്സരത്തില്‍ മുന്‍തൂക്കം. 

പ്രാഥമിക ഘട്ടത്തില്‍ തോല്‍ക്കാതെയെത്തിയ വെനസ്വേല, അര്‍ജന്റീനയ്‌ക്കൊരു വെല്ലുവിളിയാണ്. ലയണല്‍ മെസിയടക്കം താരനിരയുണ്ടായിരുന്നിട്ടും അവസാന കളിയില്‍ ഖത്തറിനെ തോല്‍പ്പിച്ചാണ് ഗ്രൂപ്പില്‍ രണ്ടാമതായി മുന്നേറിയത്. ആദ്യ കളിയില്‍ കൊളംബിയയോട് തോറ്റ അവര്‍, രണ്ടാമത്തേതില്‍ പരാഗ്വെയോട് കുരുങ്ങി. 

ക്വാര്‍ട്ടറിലെ സൂപ്പര്‍ പോരാട്ടം കൊളംബിയയും ചിലിയും തമ്മില്‍. ഒരു കളിയും തോല്‍ക്കാതെയെത്തുന്ന റഡാമല്‍ ഫല്‍ക്കാവൊയുടെയും ജയിംസ് റോഡ്രിഗസിന്റെയും കൊളംബിയ; അലക്‌സി സാഞ്ചസ്, എഡ്വാര്‍ഡൊ വര്‍ഗാസ്, അര്‍ട്യുറൊ വിദല്‍ അടങ്ങിയ നിലവിലെ ജേതാക്കള്‍ ചിലിയെ എതിരിടും. കോപ്പയില്‍ കൂടുതല്‍ തവണ ജേതാക്കളായ ഉറുഗ്വെയ്ക്ക് ഒത്ത എതിരാളിയല്ല പെറു. ലൂയി സുവാരസും എഡിന്‍സണ്‍ കവാനിയുമടങ്ങിയ ഉറുഗ്വെ വീണ്ടുമൊരു കിരീടം ലക്ഷ്യമിടുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.