കൊറോണയും ടൂറിസവും

Wednesday 5 February 2020 6:44 am IST

കോഴിക്കോട് പടര്‍ന്നു പിടിച്ച് രാജ്യത്തെ ആശങ്കയിലാക്കിയ രോഗമാണ് നിപ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിതാന്ത ജാഗ്രതയും ആരോഗ്യപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പരിശ്രമവും ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ്. നിപ കേരളത്തില്‍ വ്യാപകമായില്ല. കേരളത്തിന് പുറത്ത് പടര്‍ന്നതുമില്ല. എന്നാല്‍ കൊറോണ അങ്ങിനെയല്ല. അതിന്റെ പ്രഭവകേന്ദ്രം ചൈനയാണ്.

കൊറോണമൂലം ചൈനയില്‍ മരണം 427 ആണ് ഇന്നലെ വരെയുള്ള കണക്ക്. അധികം കൂടാതിരിക്കട്ടെ എന്നാശിക്കാം. പതിനായിരക്കണക്കിനാളുകള്‍ രോഗബാധിതരാണത്രേ. ചൈന ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ കൊറോണ വ്യാപിച്ചു. കേരളത്തില്‍ മൂന്നുപേര്‍ രോഗബാധിതരാണെന്നാണ് വാര്‍ത്തകള്‍. നിരവധിയാളുകള്‍ നിരീക്ഷണത്തിലുമാണ്. രോഗം പടരാതിരിക്കാനും പരിഭ്രാന്തി ഒഴിവാക്കാനും ഒരു അമ്മയുടെ ജാഗ്രതയോടെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രയത്നിക്കുകയാണ്. നിപബാധ ഉണ്ടായപ്പോള്‍ കണ്ട അതേ ജാഗ്രത!

കൊറോണ വിഷയത്തിലും നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കുന്ന കരുതലിനെയും സഹായത്തെയും കുറിച്ച് നന്ദിപൂര്‍വമാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി വാചാലയാകുന്നത്. എന്നാല്‍ മറ്റൊരു മന്ത്രിയുടെ വിലാപമാണ് അത്ഭുതപ്പെടുത്തുന്നത്. കൊറോണ സംബന്ധിച്ചുള്ള പ്രചാരണങ്ങള്‍ കേരളത്തിന്റെ മേഖലയില്‍ വന്‍ ഇടിവുണ്ടാക്കിയെന്നാണ് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. നേരത്തെ ടൂറിസ്റ്റുകള്‍ ഹോട്ടലുകളില്‍ ചെയ്ത ബുക്കിംഗുകളൊക്കെ റദ്ദാക്കുകയാണ്. ടൂറിസ്റ്റുകള്‍ക്കായി വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പ്രഖ്യാപിച്ച പാക്കേജുകളും ഇല്ലാതാവുന്നു. ഉള്ള പാക്കേജുകളും കേരളം നല്‍കുന്ന സൗകര്യങ്ങളും പുകള്‍പെറ്റതാണല്ലോ. കേരളത്തിലെത്തുന്ന സഞ്ചാരികളെ തല്ലിക്കൊല്ലുന്നത് പതിവു പരിപാടിയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലാകട്ടെ സംരക്ഷണമില്ല. സഹായമില്ല. ആലപ്പുഴയിലെ ടൂറിസ്റ്റ് ബോട്ടുകളുടെ സുരക്ഷയില്ലായ്മ ഇന്നൊരു രഹസ്യമേ അല്ല. അടുത്തിടെ യാത്രക്കാരെയും കയറ്റിപോയ ബോട്ട് കായല്‍ മധ്യത്തില്‍ കത്തിയമര്‍ന്നു. യാത്രക്കാരുടെ ഭാഗ്യംകൊണ്ട് ആളപായമുണ്ടായില്ല.

തേക്കടിയില്‍ ബോട്ട് സവാരിക്കെത്തിയ വിദേശി ഭാര്യയുടെ കണ്‍മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചത് മന്ത്രി അറിഞ്ഞോ എന്തോ. അയര്‍ലന്‍ഡ് സ്വദേശി ഐവോര്‍ കെന്നത്ത് (75) ആണ് ബോട്ട് ലാന്‍ഡിങ്ങില്‍ മരിച്ചത്. ഭാര്യ ജോസഫീന്‍ ഉള്‍പ്പെടുന്ന സംഘത്തോടൊപ്പമാണ് ഐവോര്‍ തേക്കടിയിലെത്തിയത്. ബോട്ടിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീണു. ഒപ്പമുണ്ടായിരുന്ന ജോസഫീനും സഹയാത്രികരും ചേര്‍ന്ന് ഇദ്ദേഹത്തെ താങ്ങിപിടിച്ച് ബോട്ട് ലാന്‍ഡിങ്ങിന് പുറത്തെത്തിച്ചെങ്കിലും മുക്കാല്‍ മണിക്കൂറോളം വൈകിയാണ് ആംബുലന്‍സ് കിട്ടിയത്. ഐവോറിനെ ആശുപത്രിയിലെത്തിക്കാന്‍ മാര്‍ഗമില്ലാതെ ഭാര്യയും ഒപ്പമുണ്ടായിരുന്നവരും അധികൃതരുടെ സഹായം തേടി. രണ്ടാം മൈലിലെ ഒരു ക്ലിനിക്കില്‍ നിന്ന് ആംബുലന്‍സ് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒട്ടകത്തലമെട്ടിലെ ഹോം സ്റ്റേയില്‍ താമസിച്ചു വരികയായിരുന്ന സംഘം തിങ്കളാഴ്ച തേക്കടിയിലെത്തി ബോട്ട് സവാരിക്കായി പുറപ്പെടുകയായിരുന്നു. അടിയന്തരഘട്ടങ്ങളില്‍ സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുത്തേണ്ട വനംവകുപ്പിന്റെ ആംബുലന്‍സ് ഉപയോഗശൂന്യമാണ്. ഇതൊക്കെ സംഭവിക്കുമ്പോള്‍ ചൈനയില്‍ നിന്നെത്തിയ കൊറോണയെ മന്ത്രി കുറ്റപ്പെടുത്താമോ?

 കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്താണ് അലനും താഹയും ചെയ്ത കുറ്റമെന്ന് ആരും പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സങ്കടം. പന്തീരാങ്കാവ് കേസ് സംസ്ഥാനത്തിന് തിരിച്ചുതരണമെന്ന് ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുന്നതിന് മുമ്പാണ് എന്‍ഐഎ പന്തീരങ്കാവ് യുഎപിഎ കേസ് ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നു. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് 123 യുഎപിഎ കേസുകള്‍ എടുത്തു. ഇതില്‍ ഒമ്പതെണ്ണം എന്‍ഐഎ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ അമിത് ഷായുടെ മുമ്പില്‍ കത്തുമായി പോകണമെന്നാണോ പറയുന്നതെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനോട് ആരായുകയും ചെയ്തിരിക്കുന്നു.

ഗവര്‍ണറുടെ കാലു പിടിക്കുന്നതിനേക്കാള്‍ നല്ലതാണ് അമിത് ഷായെ കാണുന്നതെന്നും ചെന്നിത്തലയ്ക്ക് അഭിപ്രായമുണ്ട്. നിയമസഭയില്‍ സംസാരിക്കുന്നത് മോദിയോ പിണറായിയോ എന്ന് പോലും സംശയം തോന്നുകയാണെന്നും, അതോ ഞാനിനി പാര്‍ലമെന്റിലാണോ ഇരിക്കുന്നതെന്നും സ്ഥലജലഭ്രമം ബാധിച്ചതുപോലെ ചെന്നിത്തല പറയുന്നതും കേട്ടു. പന്തീരാങ്കാവ് സംഭവത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടല്ല സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിക്ക്. ലീഗ് നേതാവ് എം.കെ. മുനീറും പന്തീരാങ്കാവ് പ്രതികള്‍ക്കൊപ്പം. സംഗതി വ്യക്തം അലനും താഹയും മുസ്ലിമാണ് സര്‍.

മലബാറിലെ വിശേഷങ്ങള്‍ അവതരിപ്പിക്കാനാണ് മലബാര്‍ മാനുവല്‍. പക്ഷേ സംഘപരിവാറിനെ കള്ള പ്രചാരണം നടത്തി പ്രതിക്കൂട്ടിലാക്കണമെങ്കില്‍ മലബാര്‍ വിട്ട് മലകള്‍ താണ്ടി ഷാജഹാന്‍ സഞ്ചരിച്ചെന്നിരിക്കും. ഒടുവിലത്തെ മലബാര്‍ മാനുവല്‍ അതിന് സാക്ഷി.

പുത്തന്‍പുരക്കല്‍ അച്ചന്‍ കഴിഞ്ഞ ദിവസം ഒരു സത്യപ്രസ്താവന നടത്തി. ലോകത്താകെ പരിശോധിച്ചാല്‍ ക്രിസ്ത്യാനികളെ കൊല്ലുന്നത് മുസ്ലിങ്ങളാണ്. പോരേ പൂരം!. അമര്‍ഷം അണപൊട്ടി. ഒടുവില്‍, അച്ചന്‍ ഖേദം പ്രകടിപ്പിച്ചു. എന്നാലും അടങ്ങുമോ ഷാജഹാന്റെ രോഷം. ബിജെപി ഭരിക്കുമ്പോള്‍ രാജ്യത്താകമാനം ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തു എന്നൊരു കണക്കും സംസ്ഥാനം തിരിച്ചുനിരത്തി. പക്ഷേ കേരളത്തിലെ കണക്ക് കണ്ടില്ല. ബീഹാറും മധ്യപ്രദേശം യുപിയും മഹാരാഷ്ട്രയും ദല്‍ഹിയുമെല്ലാം പറഞ്ഞാല്‍ ശരിയായിരിക്കുമെന്ന് മാലോകര്‍ കരുതിയാല്‍ അത്ഭുതമില്ല. കുറേ പള്ളിക്കാര്യങ്ങള്‍ നേരത്തെ വാര്‍ത്തയായിരുന്നു. അവിടങ്ങളിലേക്ക് പഠന സംഘത്തെ അയച്ചതാണ്. കേള്‍ക്കുന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നാണ് സെബാസ്റ്റ്യന്‍ പോള്‍ അടക്കം വിവരിച്ചത്. ചില സംഭവങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ അതൊന്നും കേള്‍ക്കും പോലെയല്ല. കവര്‍ച്ചാശ്രമങ്ങളും പള്ളിയില്‍ നിന്നും പുറത്താക്കിയവരുടെ കോപ്രായങ്ങളുമെന്നും സാക്ഷ്യപ്പെട്ടതാണ്. ഗോവയിലും കര്‍ണാടകയിലും ബിജെപിയെ പ്രതിക്കൂട്ടിലാക്കാന്‍ മുസ്ലിം തീവ്രവാദികള്‍ നടത്തിയ അതിക്രമങ്ങളെന്ന് തെളിഞ്ഞതോടെ ബിജെപിയെ പ്രതിക്കൂട്ടിലാക്കാനുള്ള പ്രയത്നം നിര്‍ത്തി. പിന്നെയും എന്തേ ഇപ്പോഴിങ്ങനെ? ഞങ്ങള്‍ അങ്ങനെയാണ് ഭായ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.