ഹെല്‍മറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ട് പിടിക്കരുത്; റോഡില്‍ കയറിനിന്ന് ഗതാഗതം തടയരുത്; നിയമലംഘകരെ പിടികൂടാന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ ഉപയോഗിക്കണം; പോലീസിന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

Wednesday 20 November 2019 7:32 pm IST

 

കൊച്ചി: ഹെല്‍മറ്റ് ധരിക്കാത്തതടക്കം ട്രാഫിക് നിയമലംഘനം നടത്തുന്നവരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് പോലീസിനോട് ഹൈക്കോടതി. നിയമലംഘകരെ പിടികൂടാന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും ഇതിലൂടെ റോഡിലേക്ക് കയറിനിന്ന് ഗതാഗതം തടയുന്ന രീതി ഒഴിവാക്കണമെന്നും ജസ്റ്റീസ് രാജ വിജയരാഘവന്‍ വ്യക്തമാക്കി.

ഹെല്‍മറ്റ് പരിശോധനക്കടക്കം മാര്‍ഗനിര്‍ദേശങ്ങള്‍ നിശ്ചയിച്ച് ഡിജിപി 2012ല്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ നടപ്പായില്ലെന്നും കോടതി വിമര്‍ശിച്ചു. 2002 ലെ ഡിജിപിയുടെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ട്രാഫിക് നിയമലംഘകരെ പിടികൂടാനായി നൂതനമാര്‍ഗങ്ങള്‍ ഉപയോഗിക്കണം. ട്രാഫിക് സിഗ്‌നലുകള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നും ട്രാഫിക് സര്‍വൈലന്‍സ് ക്യാമറ, ഡിജിറ്റല്‍ ക്യാമറ, ഹാന്‍ഡ് ഹെല്‍ഡ് ക്യാമറ എന്നിവ ഉപയോഗിച്ച് നിയമലംഘനം നടത്തുന്നവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തണമെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ ഇവരില്‍ നിന്ന് പിഴ ഈടാക്കാനും കഴിയുമെന്നും ഹൈക്കോടതി പറഞ്ഞു.

മലപ്പുറം സ്വദേശിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം. മലപ്പുറം സ്വദേശി ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തപ്പോള്‍ പോലീസ് കൈകാണിച്ചിരുന്നു. ആ സമയത്ത് വണ്ടി നിര്‍ത്താതെ പോയപ്പോള്‍ മറ്റൊരു വാഹനത്തിലിടിച്ച് അപകടമുണ്ടായി. അപകടത്തില്‍ പരുക്കേറ്റ ബൈക്ക് യാത്രക്കാരന് കടുത്ത ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇതേതുടര്‍ന്നാണ് കോടതി പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

അതേസമയം ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന നാല് വയസിനു മുകളിലുള്ളവര്‍ക്ക് ഹെല്‍മറ്റ് ധരിക്കണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിയമം സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.