കുട്ടിസഖാക്കളുടെ വിദേശയാത്ര; സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ വിമര്‍ശനം; എതിര്‍പ്പു തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്

Wednesday 11 December 2019 11:22 pm IST
പ്രളയത്തിന് ശേഷം ദൈനംദിന പ്രവര്‍ത്തനത്തിന് പോലും പണമില്ലാത്ത അവസ്ഥയില്‍ സംസ്ഥാനം വീര്‍പ്പുമുട്ടുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്. വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ ഭാഗമെന്ന നിലയ്ക്ക് സിപിഐക്കും സമൂഹത്തോട് ഉത്തരം പറയേണ്ടിവരും.

തിരുവനന്തപുരം: എസ്എഫ്ഐക്കാര്‍ക്ക് വിദേശയാത്രയ്ക്ക് അവസരമൊരുങ്ങുമ്പോള്‍ എതിര്‍പ്പുമായി സിപിഐ രംഗത്ത്. പരിശീലനത്തിന് കോളേജ് യൂണിയന്‍ ചെയര്‍മാന്മാരുടെ ലണ്ടന്‍ യാത്രയ്ക്കെതിരെയാണ് സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് സിപിഐയുടെ നീക്കം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ നടത്തുന്ന വിദേശയാത്ര തെറ്റായ സന്ദേശം നല്‍കുമെന്ന് ചില അംഗങ്ങള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

പ്രളയത്തിന് ശേഷം ദൈനംദിന പ്രവര്‍ത്തനത്തിന് പോലും പണമില്ലാത്ത അവസ്ഥയില്‍ സംസ്ഥാനം വീര്‍പ്പുമുട്ടുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്. വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ ഭാഗമെന്ന നിലയ്ക്ക് സിപിഐക്കും സമൂഹത്തോട് ഉത്തരം പറയേണ്ടിവരും. പത്തുവോട്ടുപോലും വിധി നിര്‍ണയിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഐയുടെ നിര്‍വാഹക സമിതിയില്‍ വിമര്‍ശനമെന്നതും ശ്രദ്ധേയം.

ഉപദേഷ്ടാവിനെ നിയമിക്കല്‍, പുതിയ തസ്തികകള്‍ സൃഷ്ടിക്കല്‍, മന്ത്രിമാരുടെ വിദേശയാത്ര തുടങ്ങി ഒന്നിനുപിറകെ ഒന്നായി വന്ന സര്‍ക്കാര്‍ ധൂര്‍ത്തിനെതിരെ വ്യാപക പ്രതിഷേം ഉയരുന്ന സാഹചര്യത്തിലാണ് എസ്എഫ്ഐക്കാരെ ലണ്ടനിലേക്ക് അയയ്ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനവും. 66 സര്‍ക്കാര്‍ കോളേജുകളിലെയും ഒമ്പത് സര്‍വകലാശാലകളിലെയും 75 യൂണിയന്‍ ചെയര്‍മാന്മാരെയാണ് കാര്‍ഡിഫ് സര്‍വകലാശാലയില്‍ നേതൃത്വ പരിശീലനത്തിനായി അയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 

പാസ്പോര്‍ട്ട് വിവരമടക്കം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഫ്ലെയര്‍ എന്ന നൂതന വിഭാഗത്തിന്റെ ഭാഗമായി ലീഡ് ഇന്‍ഡെക്ഷന്‍ പരിശീലനമെന്ന നിലയ്ക്കാണ് വിദേശയാത്ര. ഉന്നത വിദ്യാഭ്യാസമന്ത്രി പദ്ധതിയെക്കുറിച്ച് സൂചന നല്‍കിയപ്പോള്‍ തന്നെ വിവാദമായിരുന്നു. സാധാരണക്കാരുടെ പോക്കറ്റ് കീറുമ്പോഴാണ് സര്‍ക്കാര്‍ മറുഭാഗത്തുകൂടി ധൂര്‍ത്ത് നടത്തുന്നത്. നേതൃത്വ പാടവം മെച്ചപ്പെടുത്താന്‍ രാജ്യത്ത് തന്നെ അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന സ്ഥാപനങ്ങള്‍ ഉള്ളപ്പോഴാണ് സര്‍ക്കാര്‍ എസ്എഫ്ഐ നേതാക്കളെ വിദേശത്തേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.