'തോമസ് ഐസക്കിന് കയറിനെക്കുറിച്ച് ഒന്നും അറിയില്ല; ധനമന്ത്രി ഭൂലോക പരാജയം'; പിണറായി സര്‍ക്കാരിനെതിരെ പരസ്യവെല്ലുവിളിയുമായി സി.പി.ഐ. സംഘടന

Wednesday 17 July 2019 1:03 pm IST

തിരുവനന്തപുരം: ധനകാര്യമന്ത്രി തോമസ് ഐസക്കിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ. സംഘടന. കയര്‍ മേഖലയില്‍ ഉണ്ടായ പ്രതിസന്ധിയുടെ പേരിലാണ് ഐസക്കിനെതിരെ സി.പി.ഐ. നിയന്ത്രണത്തിലുള്ള കേരളാ കയര്‍തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി). രംഗത്തെത്തിയത്. 

ധനമന്ത്രിയായ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും  കയര്‍മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകാത്തത് മന്ത്രിയുടെ പരാജയമാണെന്നു സി.പി.ഐ. ആലപ്പുഴ ജില്ലാ സെക്രട്ടറി കൂടിയായ എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് പറയുന്നു.  ഉത്പന്നങ്ങള്‍ക്കു വിലയില്ല. കയര്‍ കോര്‍പറേഷന്‍ പോലും ഉത്പന്നങ്ങള്‍ ഏറ്റെടുക്കുന്നില്ല. ഡിപ്പോ സമ്പ്രദായം ശക്തമായി. പ്രതിസന്ധി കടുത്തിട്ടും കയര്‍ തൊഴിലാളി സംഘടനകളുടെയും ചെറുകിട ഉല്‍പാദകരുടെയും യോഗം വിളിക്കാന്‍ മന്ത്രി തയാറല്ലന്നും പത്രസമ്മേളനം വിളിച്ചാണ് സിപിഐ സംഘടന വെളിപ്പെടുത്തിയത്. 

എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായാണ് കയര്‍ വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നു ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.വി. സത്യനേശന്‍ ആരോപിച്ചു. നാളെ കേരളാ കയര്‍ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ കയര്‍ഫെഡ് ആസ്ഥാനത്തേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. കയര്‍തൊഴിലാളികളുടെ കൂലി 600 രൂപയാക്കുക, ഉല്‍പാദനച്ചെലവിന് ആനുപാതികമായി കയറിന്റെയും കയറുത്പന്നങ്ങളുടേയും വില നിശ്ചയിക്കുക, അംശാദയം അടച്ച 60 കഴിഞ്ഞ എല്ലാ കയര്‍തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ട് വെയ്ക്കുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.