'മുഹമ്മദ് മുഹ്‌സിനെ നയിക്കുന്നത് മതമൗലിക വാദികള്‍; കൈകൊള്ളുന്നത് തീവ്രനിലപാടുകള്‍; നിയമസഭാ സീറ്റ് വാങ്ങിയത് പണം വാരിയെറിഞ്ഞ്; പട്ടാമ്പി എംഎല്‍എക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐ നേതാക്കള്‍ തന്നെ രംഗത്ത്

Sunday 21 July 2019 3:16 pm IST

പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിനെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.ഐ നേതാക്കള്‍. മുഹ്‌സിനെ നയിക്കുന്നത് മതമൗലിക വാദികളാണെന്നും ഇവരാണ് തെരഞ്ഞെടുപ്പില്‍ സീറ്റ് വാങ്ങി നല്‍കിയതെന്നും ഇവര്‍ ആരോപിക്കുന്നു. പട്ടാമ്പി നിയമസഭാ സീറ്റ് മുഹ്‌സിന് നല്‍കുന്നതിനെക്കുറിച്ച് പാര്‍ട്ടിയില്‍ പോലും ചര്‍ച്ച നടത്തിയില്ല. മതമൗലിക വാദികളുടെ പണം വാങ്ങിയാണ് സീറ്റ് വിട്ടുകൊടുത്ത്.  സീറ്റ് പേമെന്റ് സീറ്റാണെന്ന വെളിപ്പെടുത്തലുമായി സീറ്റ് നിര്‍ണ്ണയ കമ്മറ്റിയില്‍ അദ്ധ്യക്ഷത വഹിച്ച വ്യക്തിയും, എ ഐ വൈ എഫ് ജില്ലാ കമ്മറ്റി അംഗവുമാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 

നിരവധിയാളുകള്‍ സീറ്റിനായി പണവുമായി സിപിഐയെ സമീപിച്ചിരുന്നുവെന്നും അതില്‍ ഒരാളാണ് മുഹ്‌സിന്‍ എന്നും എ ഐ വൈ എഫ് ജില്ലാ കമ്മറ്റി അംഗവും സംസ്ഥാന ദേശീയ നേതാക്കള്‍ പങ്കെടുത്ത സീറ്റ് നിര്‍ണ്ണയ കമ്മറ്റിയുടെ അദ്ധ്യക്ഷനുമായിരുന്ന ഇ.കെ ഷാജി മാധ്യമങ്ങളോട് പറഞ്ഞു. 

എംഎല്‍എക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പുമില്ല, പാര്‍ട്ടിയുമായി പുലബന്ധം പോലുമില്ലെന്ന് എഐവൈഎഫ് ജില്ലാ കമ്മറ്റി അംഗവും സിപിഐ ഓങ്ങല്ലൂര്‍ ലോക്കല്‍ കമ്മറ്റി അംഗവുമായ വിപി സജീഷ് പറയുന്നു. പാലക്കാട്ടെ പാര്‍ട്ടിയില്‍ കുറച്ചുനാളായി എംഎല്‍എയെക്കുറിച്ചുള്ള വിവാദം കത്തിപ്പടര്‍ന്നിരുന്നു. മുഹമ്മദ് മുഹ്‌സിന്‍ പാര്‍ട്ടിക്കാരുടെ നിര്‍ദേശങ്ങള്‍ അവഗണിക്കുകയാണെന്നും  മതമൗലിക വാദികളുമായി കൂട്ടുചേരുന്നുവെന്നും പാര്‍ട്ടിയുടെ ഘടകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പാര്‍ട്ടിയുടെ ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ അവഗണിച്ചതോടെയാണ് പുതിയ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടാമ്പി മണ്ഡലത്തില്‍  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സി.പി. മുഹമ്മദിനെ തോല്‍പിച്ചാണ് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയായത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.