തൊഴിലെടുത്ത് ജീവിക്കാനും സിപിഎം അനുവദിക്കില്ല; വായ്പയെടുത്ത് വാങ്ങിയ ഓട്ടോയുമായി സ്റ്റാന്‍ഡിലെത്തിയ ബിജെപി പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചു; മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

Sunday 22 September 2019 11:00 am IST

കോഴിക്കോട്: സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. എലത്തൂര്‍ എസ്.കെ. ബസാറിലെ നാലൊന്നുകണ്ടി രാജേഷ് (42) ആണ് മരിച്ചത്.  എലത്തൂര്‍ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്നതിനെ ചൊല്ലിയായിരുന്നു സംഘര്‍ഷമുണ്ടായത്.ഈമാസം 15ന് വൈകുന്നേരം അഞ്ചരയ്ക്ക് റോഡരികിലായിരുന്നു ആത്മഹത്യാശ്രമം. പൊള്ളലേറ്റ രാജേഷിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കണ്ടാലറിയാവുന്ന പത്തോളം സിപിഎം പ്രവര്‍ത്തകര്‍ സംഘംചേര്‍ന്ന് ആക്രമിച്ചതില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് രാജേഷ് കോഴിക്കോട് അഞ്ചാംക്ലാസ് മജിസ്‌ട്രേറ്റ് കണ്ണന് മൊഴി നല്‍കിയിരുന്നു. അടയ്ക്ക പറിക്കുന്ന തൊഴിലാളിയായ ഇദ്ദേഹം ഈ മേഖലയില്‍ ജോലി ഇല്ലാതായതോടെ വായ്പയെടുത്ത് പുതിയ ഓട്ടോ വാങ്ങിയെങ്കിലും സ്റ്റാന്‍ഡില്‍നിന്ന് ഓടിക്കാന്‍ സി.ഐ. ടി.യു. യൂണിയന്‍കാര്‍ അനുവദിച്ചില്ലെന്നും പലപ്പോഴായി തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നുമാണ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി. സംഭവത്തില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകരെ കഴിഞ്ഞദിവസം എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാര്യ: രജിഷ. അച്ഛന്‍: പരേതനായ അച്യുതന്‍. അമ്മ: ഗൗരി. സഹോദരങ്ങള്‍: വിനോദ് (ഫാറൂഖ്), വിജയന്‍, സബിത, പവിത, പരേതരായ വിന്‍സണ്‍, വിപിന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.