പ്രളയ ദുരിതാശ്വാസം കുറഞ്ഞുപോയെന്ന് പരാതിപ്പെട്ടവരുടെ വീട് സിപിഎം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ആക്രമിച്ചു അമ്മയുടെയും മകളുടെയും മാറ് കടിച്ചുകീറി; ആഭരണങ്ങള്‍ അടക്കം കവര്‍ന്നു

Friday 19 July 2019 5:28 pm IST

ആലപ്പുഴ: പതിനേഴുകാരിക്കും അമ്മയ്ക്കും നേരെ സിപിഎമ്മിന്റെ ക്രൂര ആക്രമണം. പുലിയൂര്‍ പഞ്ചായത്തിലെ സി.പി.എം അംഗം അമ്പിളിയുടെ മകനും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നാണ് ഇരുവരെയും ആക്രമിച്ചത്. ആക്രമണത്തിനിടെ  സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ മകന്‍ അമ്മയുടെയും മകളുടെയും മാറ് കടിച്ചുകീറി. ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ചകിത്സയിലാണ്. പഞ്ചായത്തില്‍ നിന്നും ആദ്യം ലഭിച്ച പ്രളയ ദുരിതാശ്വാസം കുറഞ്ഞുപോെയന്ന് പരാതിപ്പെടുകയും പിന്നീട് കലക്ടറേറ്റില്‍നിന്നും തുക വര്‍ധിപ്പിച്ച് നല്‍കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ക്രൂരമായ അക്രമത്തിന് വഴിവെച്ചത്. അമ്മയുമായുള്ള വഴക്ക് കണ്ട് സഹിക്കാനാവാതെയാണ് താന്‍ ഇടയ്ക്ക് കയറിയതെന്ന് പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് അക്രമികള്‍ മുടിക്ക് കുത്തിപ്പിടിച്ചശേഷം നെഞ്ചിന് ഇടിച്ചു. നിലത്തുവീണ തന്നെ സിപിഎമ്മുകാര്‍ ചവിട്ടിയെന്നും പെണ്‍കുട്ടി പറയുന്നു. ബാറ്റുകൊണ്ടുള്ള അടിക്ക് തന്റെ ബോധം പോയതിനാല്‍ പിന്നീട് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും പറഞ്ഞു. 

 

സിപിഎം പഞ്ചായത്ത് അംഗമായ അമ്പിളിയുടെ മകന്‍ അഖിലാണ് തന്നെ ക്രൂരമായി അക്രമിച്ചതെന്ന് മാതാവ് പറഞ്ഞു. തന്റെ നട്ടെല്ലിന് വടിവെച്ച് അടിച്ചുവീഴ്ത്തി മാറിടത്തും കൈയ്ക്കും കടിച്ചു. ചെറുക്കാന്‍ നോക്കിയപ്പോള്‍ സംഘത്തിലുണ്ടായിരുന്ന എല്ലാവരും ചേര്‍ന്ന് തന്നെയും മകളെയും ആക്രമിക്കുകയായിരുന്നുവെന്ന് മാതാവ് പറഞ്ഞു. ഒരാഴ്ച മുമ്പാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ചെങ്ങന്നൂരില്‍ നടന്നത്. അമ്പിളിയുടെ ഭര്‍ത്താവ് ബാബുവും മകന്‍ അരുണും കൂട്ടുകാരും ചേര്‍ന്നാണ് ഇരുവരെയും അക്രമിച്ചത്. അക്രമത്തിനിടെ അമ്മയുടെയും മകളുടെയും മാറ്  കടിച്ചുകീറിയത് അരുണാണ്.  എന്നാല്‍ സംഭവം നടന്ന് ഒരാഴ്ചയായിട്ടും  പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയാറായിട്ടില്ല.  അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ കുടുംബം  സമീപിച്ച  ആശുപത്രികളിലെല്ലാം ചികിത്സ നിഷേധിച്ചിരുന്നു.  വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ എസ്എസ്എല്‍സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും ആഭരണങ്ങളും അവിടെനിന്ന് സി.പി.എം പ്രവര്‍ത്തകര്‍ കവര്‍ന്നുവെന്ന് കുടുംബം പറഞ്ഞു. പരുക്കേറ്റ അമ്മയും മകളും വണ്ടാനത്തും കുട്ടിയുടെ പിതാവ്  കരുനാഗപള്ളി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.  കുടുംബത്തിന് സിപിഎം ഊരുവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.