സിഎഎ : വേട്ടയാടപ്പെടുന്നവര്‍ക്കുള്ള അഭയം; ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ ജന്മഭൂമിയോടു സംസാരിക്കുന്നു

Thursday 23 January 2020 5:00 am IST
മുസ്ലിങ്ങള്‍ അല്ല എന്ന ഒറ്റക്കാരണത്താല്‍, ബംഗ്ളാദേശിലെ ഗ്രാമപ്രദേശങ്ങളിലും മറ്റും ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നു. ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നവര്‍ക്കു മുന്നില്‍ നാടു വിടുക എന്ന വഴി മാത്രമേ ഉള്ളൂ. എന്നാല്‍, ഇതിലുമേറെയാണ് ഇത്തരം ആക്രമണങ്ങള്‍ സമൂഹത്തിലാകെ സൃഷ്ടിക്കുന്ന മുറിവുകള്‍. മറ്റു ചിലയിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നത് അറിയുന്നതോടെ, ആക്രമിക്കപ്പെടുമെന്ന ഭയത്താല്‍ കൂട്ടപ്പലായനം ചെയ്യാന്‍ ആക്രമണം നേരിടാത്ത ഹിന്ദുക്കള്‍ പോലും നിര്‍ബന്ധിതരാകുന്നു. ചിലര്‍ പീഡിപ്പിക്കപ്പെടുന്നു; മറ്റു ചിലര്‍ ഭയത്താല്‍ ഓടി രക്ഷപ്പെടുന്നു

ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ മതപീഡനം കാരണം വേട്ടയാടപ്പെടുന്നവര്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനം സന്തോഷകരമാണ്. 

ബംഗ്ലാദേശില്‍ ഭരണകൂടം തന്നെ മതഭീകരതയെ പിന്തുണയ്ക്കുകയാണ്. ബംഗ്ലാദേശിലെ അവിശ്വാസികളായ മുസ്ലിം ബ്ലോഗര്‍മാര്‍ ഈയിടെ കൊല ചെയ്യപ്പെട്ടു. ഇസ്ലാമിക തീവ്രവാദികളാണ് കൊലയ്ക്കു പിന്നില്‍ എന്നാണു ആരോപി

ക്കപ്പെട്ടത്. ബ്ലോഗര്‍മാരും എഴുത്തുകാരും കൊല ചെയ്യപ്പെടുമെന്ന ഭീതി കാരണം ജീവനും കൊണ്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം തേടി. പീഡനം അനുഭവിക്കുന്ന ഇസ്ലാം മതത്തിലെ സ്വതന്ത്ര ചിന്തകര്‍ക്കും അവിശ്വാസികള്‍ക്കും കൂടി അഭയം നല്‍കാന്‍ ഭാരത സര്‍ക്കാര്‍ തയ്യാറാകണം. ഭാരതത്തില്‍ മുസ്ലിം സമുദായക്കാരായ സ്വതന്ത്ര ചിന്തകരുടെയും മതനിരപേക്ഷ നിലപാ

ടുള്ളവരുടെയും ഫെമിനിസ്റ്റുകളുടെയും സാന്നിധ്യം അനിവാര്യമാണ്.

പൗരത്വനിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങളില്‍ ഭാഗമാകാന്‍ ഇസ്ലാമിക മതമൗലികവാദികളെ അനുവദിക്കരുത്. കാരണം, അവര്‍ മതനിരപേക്ഷതയെ അംഗീകരിക്കുന്നില്ല. മത ഭീകരവാദികളും വര്‍ഗ്ഗീയവാദികളും സാമൂഹ്യ പുരോഗതിക്കും സ്ത്രീകളുടെ ഉന്നമനത്തിനും എതിരാണ്. സംവാദമാണ് ആവശ്യം. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവര്‍ക്ക് അത് പറയാനുള്ള അവസരമുണ്ടാകണം. എതിര്‍ക്കുന്നവര്‍ അവരുടെ വാദങ്ങള്‍ നിരത്തട്ടെ. എന്നാല്‍ ഇത്തരം ഇടങ്ങളില്‍ മതമൗലികവാദികളുടെ സാന്നിദ്ധ്യത്തെ കരുതിയിരിക്കണം. 

 

പ്രവാസജീവിതത്തിന്റെ കാല്‍നൂറ്റാണ്ടിനെ

 കുറിച്ച്

1994 ലാണ് എനിക്ക് ബംഗ്ലാദേശ് വിടേണ്ടി വന്നത്. കാരണം അവിടെ എന്റെ അഭിപ്രായങ്ങള്‍ പറയാനുള്ള അവസരമുണ്ടായില്ല. എഴുതാനോ പറയാനോ ഉള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. എന്റെ പുസ്തകങ്ങള്‍ സ്ത്രീവിരുദ്ധവും മനുഷ്യാവകാശവിരുദ്ധവുമായ ഇസ്ലാമിക നിയമങ്ങളെ തുറന്നുകാണിച്ചു. മുല്ലമാര്‍ക്കും ഇസ്ലാമിക മതമൗലികവാദികള്‍ക്കും അത് സഹിക്കാനാവുന്നതായിരുന്നില്ല. അവരെനിക്കെതിരെ  ഫത്വ പുറപ്പെടുവിച്ചു. ബംഗ്ലാദേശ് സര്‍ക്കാര്‍ എന്നെ പുറത്താക്കി.

അവിടെ നടമാടുന്നത് ക്രൂരത

ബംഗ്ലാദേശില്‍ ക്രൂരതയാണ് നടമാടുന്നത്.  എത്രത്തോളം ക്രൂരമായാണു ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നതെന്ന് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അതാണ് വിവാദ കൃതിയായിത്തീര്‍ന്ന ലജ്ജ എന്ന നോവലില്‍ ഞാന്‍ വരച്ചുകാണിക്കാന്‍ ആഗ്രഹിച്ചത്. ബംഗ്ലാദേശില്‍ ഹിന്ദുക്കളെ ആക്രമിക്കുന്നവര്‍ ശിക്ഷിക്കപ്പെടുന്നുമില്ല. അവിടെ അഭിപ്രായസ്വാതന്ത്ര്യമില്ല. ജീവിക്കാനും സ്വന്തം നിലപാട് ഉറക്കെപറയാനുമുള്ള ഇടങ്ങളിലേക്ക് സ്വാതന്ത്ര്യ ദാഹികളായ ബംഗ്ലാദേശുകാര്‍ കുടിയേറുന്നു. കുറേ ഹിന്ദുക്കളെങ്കിലും വടക്കേ അമേരിക്കയിലും യൂറോപ്പിലുമൊക്കെ രാഷ്ട്രീയ അഭയം തേടിയിട്ടുണ്ട്. ഇസ്ലാമിക മത വിശ്വാസികള്‍ തന്നെ രാജ്യം വിടുന്ന സ്ഥിതിയുണ്ട്. അവര്‍ യൂറോപ്യന്‍ നാടുകളും അമേരിക്കയുമാണ് ലക്ഷ്യം വയ്ക്കുന്നത്. 

മുസ്ലിംങ്ങള്‍ അല്ല എന്ന ഒറ്റക്കാരണത്താല്‍ ഗ്രാമപ്രദേശങ്ങളിലും മറ്റും ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നു. ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നവര്‍ക്കു മുന്നില്‍ നാടു വിടുക എന്ന വഴി മാത്രമേ ഉള്ളൂ. എന്നാല്‍, ഇതിലുമേറെയാണ് ഇത്തരം ആക്രമണങ്ങള്‍ സമൂഹത്തിലാകെ സൃഷ്ടിക്കുന്ന മുറിവുകള്‍. മറ്റു ചിലയിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നത് അറിയുന്നതോടെ, ആക്രമിക്കപ്പെടുമെന്ന ഭയത്താല്‍ കൂട്ടപ്പലായനം ചെയ്യാന്‍ ആക്രമണം നേരിടാത്ത ഹിന്ദുക്കള്‍ പോലും നിര്‍ബന്ധിതരാകുന്നു. ചിലര്‍ പീഡിപ്പിക്കപ്പെടുന്നു; മറ്റു ചിലര്‍ ഭയത്താല്‍ ഓടി രക്ഷപ്പെടുന്നു എന്നതാണു സ്ഥിതി.

 ഭാരതം എത്ര മനോഹരമായ മണ്ണ്

ലോകത്തിലെ പല രാജ്യങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഭാരതത്തെയാണ് എനിക്ക് ഇഷ്ടം. ഇത് മഹത്തായ രാജ്യമാണ്. മതനിരപേക്ഷതയും ശക്തമായ ഭരണഘടനയും സ്വാധീനിക്കുന്ന മനോഹരമായ രാജ്യം. 

ഇവിടെ ഞാന്‍ സന്തുഷ്ടയാണ്. ഇവിടെ ജീവിക്കാനാണ് എനിക്ക് ഇഷ്ടം. സ്വന്തം കുടുംബത്തില്‍ കഴിയുന്ന അനുഭവമാണ് എനിക്ക് ഇവിടെ. എനിക്ക് ബംഗാളിയടക്കം ഇന്ത്യന്‍ ഭാഷകള്‍ അറിയാം. എന്റെ വേരുകള്‍ ഇവിടെയാണ്. എത്രകാലം കഴിയാനാകുമോ അത്രയും ഞാന്‍ ഇവിടെയുണ്ടാകും.

ഇടത് ബംഗാള്‍ ചവിട്ടിപ്പുറത്താക്കി

ഇടതുപക്ഷം ഭരിച്ച പശ്ചിമ ബംഗാളില്‍നിന്ന് എന്നെ ചവിട്ടിപ്പുറത്താക്കി. അതില്‍ എനിക്ക് ദുഃഖമുണ്ട്. ബുദ്ധദേവ് ഭട്ടാചാര്യയടക്കമുള്ള സിപിഎം നേതാക്കളുമായി എനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് പരിഗണിക്കേണ്ടിയിരുന്നത് വോട്ട് ബാങ്കായിരുന്നു. ഇസ്ലാമിലെ മതമൗലികവാദത്തേയും യാഥാസ്ഥിതിക സമീപനത്തെയും  വിമര്‍ശിക്കുമ്പോള്‍ ബംഗാളിലെ ഇടതുപക്ഷത്തിന് അത് രുചിച്ചില്ല. അവര്‍ക്ക് മുന്നില്‍ ഞാന്‍ അനഭിമതയായത് അതുകൊണ്ടാണ്.  ഇസ്ലാമിക മതമൗലിവകവാദത്തെ എതിര്‍ത്ത എനിക്ക് അഭയം തന്നാല്‍ മുസ്ലീം വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയമാണ് ഇടതുപക്ഷത്തിന്റെ അകല്‍ച്ചയ്ക്ക് കാരണം. അവര്‍ക്ക് മുന്നിലുള്ളത് തെരഞ്ഞെടുപ്പുകള്‍ മാത്രമാണ്.

മമതയും കൈവിട്ടു

ഇടതുപക്ഷത്തിനെതിരെ പോരാടി അധികാരത്തില്‍ വന്ന മമതബാനര്‍ജിയും എന്നെ കൈവിട്ടു. അവരുടെ സര്‍ക്കാരും മുസ്ലീം മതമൗലികവാദികള്‍ക്കു കീഴടങ്ങി. ദല്‍ഹിയില്‍ ജീവിക്കാനല്ല, ഞാന്‍ ഭാരതത്തിലേക്ക് വന്നത്. എനിക്ക് ബംഗാളില്‍ കഴിയാനായിരുന്നു ഇഷ്ടം. എന്നാല്‍ അത് അനുവദിക്കാത്ത സാഹചര്യമാണ് അവിടെ ഉണ്ടായത്. എന്റെ പുസ്തകങ്ങള്‍ ബംഗാളില്‍ നിരോധിക്കപ്പെട്ടു. 

അവര്‍ അകന്നു തന്നെ

ഇടതുപക്ഷം പഴയ അവസ്ഥയില്‍ തന്നെയാണ്. എന്റെ പുസ്തകം നിരോധിച്ചപ്പോള്‍ കോടതിയാണ് അത് നീക്കിയത്.  ഈ പരാജയം അവരെ കൂടുതല്‍ പ്രകോപിപ്പിച്ചു. സത്യത്തില്‍ ഞാനായിരുന്നില്ല, ഒരു മനുഷ്യാവകാശ സംഘടനയാണ് എന്റെ പുസ്തകങ്ങളുടെ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്.

ഭാരതം ആവിഷ്‌കാര 

സ്വാതന്ത്ര്യത്തിന്റെ നാട്

ഭാരതം അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും നാടാണ്. ബംഗ്ലാദേശുമായി താരതമ്യം ചെയ്യാന്‍ പോ

ലും പറ്റില്ല. എല്ലാ സര്‍ക്കാരുകളും അഭിപ്രായ സ്വാതന്ത്ര്യത്തെ അവരവരുടെ താല്‍പ്പര്യത്തിന് വേണ്ടി ബലികഴിച്ചിട്ടുണ്ട്. ഈ ഗവണ്‍മെന്റിനു കീഴില്‍ മാത്രമല്ല അഭിപ്രായസ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നത്. യുപിഎ സര്‍ക്കാര്‍ എന്നെ വീട്ടുതടങ്കലില്‍ ആക്കുകയായിരുന്നു. 2007ല്‍ ഞാന്‍ വീട്ടുതടങ്കലിലാക്കപ്പെട്ടു. എനിക്ക് തെറ്റായ മരുന്നുകള്‍ നല്‍കുക പോലുമുണ്ടായി. രാജ്യത്തുനിന്നു പുറത്താക്കപ്പെടുന്ന സ്ഥിതി വന്നു. എന്നാല്‍, അക്കാലത്ത് ഉണ്ടായിരുന്നത് ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആയിരുന്നില്ലല്ലോ. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്തു മാത്രമാണ് അസഹിഷ്ണുതയെന്നു ഞാന്‍ കരുതുന്നില്ല. ചര്‍ച്ചകള്‍ ഉണ്ടാവണം. അതിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ.

ബംഗ്ലാദേശ് പഴയ ബംഗ്ലാദേശ് തന്നെ

ബംഗ്ലാദേശ് ഇപ്പോഴും പഴയ ബംഗ്ലാദേശായി തുടരുന്നു. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും നിഷേധിക്കുന്നതിലൂടെ ബംഗ്ലാദേശ് സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഇസ്ലാമിക മതമൗലികവാദത്തെ വളര്‍ത്തുകയാണ്.

ഒരു പ്രമുഖ സൂഫി ഗായകന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ഈയിടെയാണ്. അദ്ദേഹത്തിനുമേല്‍ ആരോപിക്കപ്പെട്ട കുറ്റം ഖുര്‍ആന്‍ സംഗീതത്തെ വിലക്കുന്നില്ല എന്നു പറഞ്ഞതു കൊണ്ടു മാത്രമാണ്.  ആ വലിയ ഗായകന്‍ ഇസ്ലാമിന് എതിരാണെന്ന് ആരോപിച്ചു മതതീവ്രവാദികള്‍ ഒച്ചയെടുത്തു. ഇത്തരം അസംബന്ധവാദങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബംഗ്ലാദേശ് കടുത്ത ഇസ്ലാമിക മതമൗലികവാദ രാജ്യമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.

വളരുന്ന ഇസ്ലാമിക തീവ്രവാദം

ഇസ്ലാമിക തീവ്രവാദം വളരുകയാണ്. അവരുടെ ലോകത്ത് വിമര്‍ശനങ്ങള്‍ക്ക് സ്ഥാനമില്ല. ബംഗ്ലാദേശില്‍ മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക കേന്ദ്രങ്ങളിലെല്ലാം വിമര്‍ശനപരമായ വീക്ഷണങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണ്.

ഒരു സമൂഹം രൂപപ്പെടുകയോ സംസ്‌കാരമായി മാറുകയോ ചെയ്യുന്നതില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള ഇടം നിര്‍ണായകമാണ്. എന്നാല്‍ ഇസ്ലാം  മതവും ക്രൈസ്തവ മതവും വിമര്‍ശനങ്ങളെ അംഗീകരിക്കുന്നില്ല. മതങ്ങള്‍ വിമര്‍ശനത്തിന് അതീതമാണെന്ന ചിന്ത ശരിയല്ല. വിമര്‍ശനങ്ങളെ അംഗീകരിക്കാന്‍ തയ്യാറാവുമ്പോഴേ നിലവിലുള്ള സ്ഥിതിയില്‍ മാറ്റമുണ്ടാവുകയുള്ളൂ. 

ഭാരതം മതരാജ്യമാകില്ല

ഭാരതം സ്വതന്ത്രമാക്കപ്പെട്ടപ്പോള്‍ പാക്കിസ്ഥാന്‍ വിഭജിക്കപ്പെട്ടതു മതരാഷ്ട്രമായാണ്. എന്നാല്‍ ഭാരതം മതനിരപേക്ഷ രാജ്യമായി നിലകൊള്ളുന്നു. മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ശക്തമായ ഭരണഘടനയാണ് ഇവിടെയുള്ളത്. മതധ്രുവീകരണം ഭാരതത്തില്‍ സംഭവിക്കില്ല എന്നുറപ്പാണ്.

ഇവിടെയുള്ളത് ഹിന്ദുയിസവും ഇസ്ലാമും തമ്മിലുള്ള തര്‍ക്കമല്ല. ഇതു സത്യത്തില്‍ മതമൗലികവാദവും മതനിരപേക്ഷതയും തമ്മിലുള്ള സംഘര്‍ഷമാണ്; ആധുനികതയും ആധുനികതയോടുള്ള എതിര്‍പ്പും തമ്മിലുള്ള സംഘര്‍ഷമാണ്; യുക്തിഭദ്രമായ ചിന്തയും അബദ്ധവിശ്വാസവും തമ്മിലുള്ള സംഘര്‍ഷമാണ്; പുതുമയും പാ

രമ്പര്യവാദവും തമ്മിലുള്ള സംഘര്‍ഷമാണ്; മാനവികതയും മൃഗീയതയും തമ്മിലുള്ള സംഘര്‍ഷമാണ്. ഇതില്‍ സത്യത്തിന് വിജയമുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസമാണ് എനിക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.