വള്ളികുന്നം വട്ടക്കാട് ദേവീക്ഷേത്രത്തെ തകര്‍ക്കാന്‍ സിപിഎം ശ്രമം; എതിര്‍പ്പുമായി ഭക്തജനങ്ങള്‍

Tuesday 8 October 2019 11:54 am IST

ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള വള്ളികുന്നം വട്ടക്കാട് ദേവീക്ഷേത്രത്തെ തകര്‍ക്കാന്‍ സിപിഎം രംഗത്ത്. ക്ഷേത്രത്തിന് സമീപത്തെ വട്ടക്കാട് കാമ്പിശേരി കരുണാകരന്‍ മൊമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വികസനത്തിന്റെ മറവിലാണ് സിപിഎം ശ്രമം.

സ്‌കൂളിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ വര്‍ഷങ്ങള്‍ മുമ്പ് എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ചിരുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസ് ഡിവിഷനുകള്‍ക്കു വേണ്ടിയാണ് പുതിയ കെട്ടിടം അനുവദിച്ചത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ താത്കാലികമായി ഷെഡ് നിര്‍മ്മിച്ച് ഡിവിഷനുകള്‍ മാറ്റാമെന്നിരിക്കെ സമീപത്തെ ദേവീക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളിലെ സദ്യാലയത്തിലേക്ക് ഡിവിഷനുകള്‍ മാറ്റുന്നതിന്റെ പിന്നില്‍ ക്ഷേത്രാചാരത്തെ തകര്‍ക്കാനുള്ള സിപിഎമ്മിന്റെ ബോധപൂര്‍വമായ അജണ്ടയുണ്ടന്നാണ് ക്ഷേത്ര വിശ്വാസികളുടെ ആക്ഷേപം. 

നിരവധി വിവാഹങ്ങളും നിശ്ചയവും പ്രതിമാസം ഇവിടെ നടക്കുന്നുണ്ട്. വൃശ്ചിക-മണ്ഡലകാല ചിറപ്പുകളും നടക്കുന്ന ക്ഷേത്രമാണ്. സ്‌കൂള്‍ ഡിവിഷനുകള്‍ സദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ മൈക്ക് ഉപയോഗിച്ച് ഭാഗവത പാരായണവും വിശേഷാല്‍ പൂജകളും മണ്ഡലകാല ചിറപ്പുകളും നടത്താന്‍ കഴിയാതെ വരും. 

ചുറ്റുമതിലിനുള്ളില്‍ ഡിവിഷനുകള്‍ തുടങ്ങിയാല്‍ പഠിക്കാനെത്തുന്ന ഋതുമതികളായ പെണ്‍കുട്ടികള്‍ക്ക് ശരീരശുദ്ധിയോടെ എത്താനാവാതെ വരും. കൂടാതെ ഉച്ചഭക്ഷണത്തിന് കുട്ടികള്‍ വീട്ടില്‍നിന്നു കൊണ്ടുവരുന്ന ഭക്ഷണങ്ങളില്‍ മത്സ്യ-മാംസാദികള്‍ ഉള്‍പ്പെടുന്നതിനാല്‍ ഇവയൊക്കെ ക്ഷേത്ര പരിശുദ്ധിയെ വ്രണപ്പെടുത്തുമെന്നാണ് വിശ്വാസികളുടെ ആശങ്ക. 

ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രമാണെങ്കിലും ഇതുപോലെയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ പൊതുജനങ്ങളുടെ കൂടി അഭിപ്രായം ആരായുവാന്‍ ബാധ്യസ്ഥരായ ഭരണസമിതി രഹസ്യനീക്കത്തിലൂടെ ക്ഷേത്ര വിശ്വാസങ്ങളെ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നതായി ഭക്തര്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.