സിപിഎം ഏരിയാ നേതാക്കളുടെ പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ഭീഷണി മുഴക്കി പാര്‍ട്ടി കുടുംബം; നേതാക്കള്‍ വരുമാനം ഇല്ലാതാക്കിയതോടെ മരണം അല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ലെന്ന് ബ്രാഞ്ച് സെക്രട്ടറി

Tuesday 23 July 2019 10:43 am IST

രാജപുരം : സിപിഎം ഏരിയാ നേതാവിന്റ പീഡനം സഹിക്കാതെ ആത്മഹത്യ ഭീഷണി മുഴക്കി ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും. കാസര്‍ഗോഡ് ഏരിയാ നേതാവും ഒടയംചാല്‍ ഉദയപുരം ക്ഷീരസഹകരണസംഘം പ്രസിഡന്റ് എ.സി.മാത്യുവിനും, മുന്‍ പ്രസിഡന്റും പാര്‍ട്ടിയംഗവുമായ സി.അശോകനുമെതിരേ ക്ഷീരോത്പാദകസംഘം സെക്രട്ടറിയായിരുന്ന എ.നിഷയും ഇവരുടെ ഭര്‍ത്താവും, സിപിഎം ഉദയപുരം ബ്രാഞ്ച് സെക്രട്ടറിയുമായ കെ.ബി. ബിജുമോനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. 

ജോലിയുമായി ബന്ധപ്പെട്ട് മാത്യുവും, അശോകനും മാനസ്സികമായി പീഡിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. 2012 മുതല്‍ 2018 ജനുവരി ഒന്നുവരെ ഉദയപുരം ക്ഷീരോത്പാദകസംഘത്തില്‍ സെക്രട്ടറിയായിരുന്നു നിഷ. 2017 ജൂണ്‍ 27 മുതല്‍ ജൂലായ് 31 വരെ കുട്ടിക്ക് സുഖമില്ലാത്തതിനാല്‍ അവധിയിലായിരുന്നു. ഈസമയത്ത് ക്ഷീരസംഘം പ്രസിഡന്റായിരുന്ന അശോകന്‍ സാമ്പത്തികതിരിമറി നടത്തി.

ഇത് മനസ്സിലാക്കിയ നിഷ കണക്കുകളും പണവും സംഘത്തില്‍ ഹാജരാക്കാന്‍ അശോകനോടാവശ്യപ്പെടുകയും ചെയ്തു.എന്നാല്‍ ഓഡിറ്റിങ്ങില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ക്ക് താന്‍ കാരണക്കാരിയാണെന്നാരോപിച്ച് 2017 ഡിസംബറില്‍ ഭരണസമിതി തനിക്ക് വിശദീകരണനോട്ടീസ് നല്‍കുകയാണ് ചെയ്തത്. 

30 ദിവസത്തിനകം മറുപടിനല്‍കാനാണ് നോട്ടീസിലാവശ്യപ്പെട്ടത്. എന്നാല്‍ മറുപടി നല്‍കാനുള്ള സമയപരിധിക്കു മുമ്പ് 2018 ജനുവരി രണ്ടിന് തന്നെ നിഷയെ സസ്പെന്‍ഡ് ചെയ്തു. പിന്നീട് ആറുമാസം കഴിഞ്ഞിട്ടും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ ഭരണസമിതി തയ്യാറാവാത്തതിനാല്‍ സിപിഎം ലോക്കല്‍ കമ്മിറ്റിക്കും ഏരിയാ കമ്മിറ്റിക്കും പരാതിനല്‍കിയെങ്കിലും ഫലമുണ്ടായില്ല.

ഇതുകൂടാതെ നിയമാനുസൃതമായി തനിക്ക് ലഭിക്കേണ്ട ഉപജീവനബത്ത തടയുന്നതിനായി മാത്യു തൊഴിലുറപ്പ് അക്രെഡിറ്റഡ് എഞ്ചിനീയറുടെ സഹായത്തോടെ മാര്‍ച്ചില്‍ തൊഴിലുറപ്പുജോലിക്ക് പോയതായി തെറ്റായ രേഖയുണ്ടാക്കി. ക്ഷീരസംഘവുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണംനടത്തുന്ന ഉദ്യോഗസ്ഥന്‍ മുമ്പാകെ ഇതു കാണിച്ച ഉപജീവന ബത്ത തടയുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന് വ്യാജരേഖ ചമച്ചെന്നാരോപിച്ച് എ.സി.മാത്യു, തൊഴിലുറപ്പുപദ്ധതി അക്രെഡിറ്റഡ് എഞ്ചിനീയര്‍ പി.എല്‍.രേഷ്മ, പഞ്ചായത്ത് സെക്രട്ടറി എം.കെ.രാധാകൃഷ്ണന്‍, സി.അശോകന്‍ എന്നിവരുടെ പേരില്‍ നിഷ പോലീസില്‍ പരാതിം നല്‍കി.

അതേസമയം നിഷയുടെയും ബിജുമോന്റെയും ആരോപണം അടിസ്ഥാനരഹിതമാണെന്ന് മാത്യു പറഞ്ഞു. ഓഡിറ്റിങ്ങില്‍ വന്‍ സാമ്പത്തികക്രമക്കേട് കണ്ടെത്തിയതിനാലാണ് നിഷയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. അന്വേഷണം അവസാനഘട്ടത്തിലാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും കൂടുതല്‍ നടപടിവേണോ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണോയെന്ന് തീരുമാനിക്കുക.

നിഷയുടെ പരാതിയില്‍ പാര്‍ട്ടിതല അന്വേഷണം നടത്തുകയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തതാണ്. തൊഴിലുറപ്പുജോലിയുമായി ബന്ധപ്പെട്ട് പോലീസില്‍ നല്‍കിയ പരാതിയിലും അടിസ്ഥാനമില്ല. നിഷ ജോലിചെയ്തതായുള്ള രേഖ അന്വേഷണോദ്യോഗസ്ഥന് താന്‍ നല്‍കിയിട്ടില്ലെന്നും മാത്യു അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.