സിപിഎം പഞ്ചായത്തംഗവും ഭര്‍ത്താവും ചേര്‍ന്ന് അയല്‍വാസിയായ വീട്ടമ്മയേയും കുടുംബത്തേയും മര്‍ദ്ദിച്ചതായി പരാതി; പരിക്കേറ്റ കുടുംബം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍

Saturday 20 July 2019 9:22 am IST

ആലപ്പുഴ : സിപിഎം പഞ്ചായത്തംഗവും ഭര്‍ത്താവും ചേര്‍ന്ന് അയല്‍വാസിയേയും കുടുംബത്തേയും മര്‍ദ്ദിച്ചതായി പരാതി. പുലിയൂര്‍ സ്വദേശിയായ ബിന്ദുവിനേയും കുടുംബത്തേയും പഞ്ചായത്തംഗമായ അമ്പിളിയും ഭര്‍ത്താവും മര്‍ദ്ദിച്ചതായാണ് ആരോപണം. പരിക്കേറ്റ ബിന്ദുവും മകളും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഇതിനെ തുടര്‍ന്ന് അമ്പിളിക്കെതിരെ ബിന്ദു പോലീസില്‍ പരാതി നല്‍കി. പ്രളയദുരിതാശ്വാസം പഞ്ചായത്ത് അംഗമായ അമ്പിളി ഇടപെട്ട് തടഞ്ഞുവെന്നാണ് ആരോപിച്ചാണ് ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിക്കുന്നത്. ഇതോടെ കളക്ടറേറ്റില്‍ അപ്പീല്‍ നല്‍കി സഹായം വാങ്ങിയതോടെ അമ്പിളിക്ക് തന്നോട് വൈരാഗ്യമായതായി ബിന്ദു അറിയിച്ചു. തുടര്‍ന്ന് പല കാരണങ്ങളും ഉയര്‍ത്തി അമ്പിളി നിരന്തരം ബിന്ദുവിനേയും കുടുംബത്തേയും ഉപദ്രവിച്ചിരുന്നതായും ആരോപണമുണ്ട്. 

അക്രമണത്തില്‍ അമ്പിളിയുടെ ഭര്‍ത്താവിനും ശാരീരിക വെല്ലുവിളി നേരിടുന്ന മകനും മര്‍ദ്ദനമേറ്റിട്ടുണ്ട്. കൂടാതെ പ്രായപൂര്‍ത്തിയാകാത്ത മകളെ അമ്പിളിയുടെ മകന്‍ ആക്രമിച്ചെന്നും പരാതിയുണ്ട്. അതേസമയം ബിന്ദുവിന്റെ ആരാപണങ്ങള്‍ തെറ്റാണെന്ന അമ്പിളി പറഞ്ഞു. പ്രളയദുരിതാശ്വാസം തടഞ്ഞിട്ടില്ലെന്നും അവര്‍ അറിയിച്ചു. 

വീട് കയറി ആക്രമിച്ചതിന് ഇരുകൂട്ടര്‍ക്കുമെതിരെ ചെങ്ങന്നൂര്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണ്. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി പോലീസ് കേസ് അട്ടിമറിക്കുകയാണെന്ന് ബിന്ദുവും കുടുംബവും ആരോപിച്ചു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.