ശബരിമല തിരിച്ചടി; നാട്ടുകാരുടെ അഭിപ്രായം അറിയാന്‍ ഇന്നു മുതല്‍ വീടുകളിലേക്ക് എത്തുന്നു കോടിയേരിയും മന്ത്രിമാരും നേതാക്കളും

Monday 22 July 2019 11:37 am IST

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടി ഏതു തരത്തില്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് അറിയാന്‍ സിപിഎം നേതാക്കള്‍ വീടുകളിലേക്ക് എത്തുന്നു. ശബരിമല എത്രമാത്രം പാര്‍ട്ടിക്ക് ആഘാതമുണ്ടാക്കി എന്നതും അതിനുള്‍പ്പെടെ ജനങ്ങളുടെ അഭിപ്രായം എന്താണെന്ന് അറിയാനുമാണ് പാര്‍ട്ടിയുടെ പരിപാടി. നോട്ടീസോ ലഘുലേഖയോ നല്‍കി ഉടന്‍ അടുത്ത വീട്ടിലേക്ക് പോകുന്ന രീതിവേണ്ടെന്നാണ് കര്‍ശനനിര്‍ദേശം. വീട്ടുകാരുമായി സംസാരിക്കണമെന്നും ശബരിമല ഉള്‍പ്പെടെ വിഷയത്തില്‍ നാട്ടുകാരുടെ അഭിപ്രായം രേഖപ്പെടുത്തണമെന്നുമാണ് നിര്‍ദേശം. വീട്ടുകാരുടെ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും മനസിലാക്കാനും സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നു മുതല്‍ 28 വരെയാണ് വീടു കയറിയുള്ള സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തുക. കണ്ണൂര്‍ ജില്ലയില്‍  വീടുകയറ്റം ഞായറാഴ്ചതന്നെ തുടങ്ങിയിട്ടുണ്ട്.   

പാര്‍ട്ടിയെക്കുറിച്ചുള്ള അഭിപ്രായം കേള്‍ക്കുന്നതിനുപുറമേ, നിലപാട് അവരോട് വിശദീകരിക്കുകയും ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം എല്ലാ നേതാക്കളും പ്രവര്‍ത്തകരും ഓരോസ്ഥലത്ത് ഗൃഹസന്ദര്‍ശന സ്‌ക്വാഡുകളുടെ ഭാഗമാകും. കണ്ണൂര്‍ നഗരത്തിലെ വീടുകളില്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിലുള്ള സംഘമാണു ഞായറാഴ്ചയെത്തിയത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് 27-ന് തലശ്ശേരിയില്‍ ഗൃഹസന്ദര്‍ശനം നടത്തും. മന്ത്രി ഇ.പി. ജയരാജന്‍ മട്ടന്നൂര്‍, പാപ്പിനിശ്ശേരി എന്നിവിടങ്ങളില്‍ പ്രചാരണത്തിനിറങ്ങും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.