മന്ത്രിയിടപെട്ടു; യോഗ്യതയില്ലാത്തയാളെ പ്രിന്‍സിപ്പാളാക്കി

Tuesday 3 December 2019 5:42 am IST

നെടുങ്കണ്ടം: വണ്ടന്മേട് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യോഗ്യത ഇല്ലാത്തയാളെ വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക താത്പര്യ പ്രകാരം പ്രിന്‍സിപ്പാള്‍ ആയി നിയമിച്ചതായി പരാതി. പൊതുവിദ്യാഭ്യാസ ചട്ടങ്ങളും കോടതി ഉത്തരവും ലംഘിച്ച് റഫീഖ് വി.എയെ നിയമിച്ചെന്നാണ് ആക്ഷേപം. സ്‌കൂളിലെ തന്നെ ജീവനക്കാരും എംഇഎസ് മുന്‍ കമ്മിറ്റി മെമ്പര്‍ നാസറുമാണ് പരാതിയുമായി രംഗത്തെത്തിയത്.

അതത് സ്‌കൂളുകളിലെ പാഠ്യവിഷയങ്ങളില്‍ ബിരുദാന്തര ബിരുദമുള്ളവരായിരിക്കണം പ്രിന്‍സിപ്പാള്‍ ആകേണ്ടത്. നിലവില്‍ പ്രിന്‍സിപ്പാള്‍ ആയിരിക്കുന്ന ആളുടെ യോഗ്യതയായ അറബി ഈ സ്‌കൂളിലെ പാഠ്യ വിഷയങ്ങളില്‍ പോലുമില്ല. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍മാര്‍ ആഴ്ചയില്‍ പത്ത് പിരീഡ് ക്ലാസെടുക്കണമെന്ന വ്യവസ്ഥയും ഇവിടെ പാലിച്ചില്ല. യോഗ്യതയില്ലാത്തതു മൂലം ഇദ്ദേഹത്തിന്റെ നിയമനം കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്‍ഡറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. തുടര്‍ന്ന് മന്ത്രി സി. രവീന്ദ്രനാഥുമായുള്ള സ്വാധീനം ഉപയോഗിച്ച് ഹൈക്കോടതി ഉത്തരവിന്റെ പേര് പറഞ്ഞ് അംഗീകാരം നേടിയെന്നാണ് പരാതി.

വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയില്ലാതെ വന്നതോടെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാര്‍. ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് പ്രിന്‍സിപ്പാള്‍ സ്‌കൂളില്‍ വരുന്നതെന്നും പരാതി പറയുന്നവരെ ഭീഷണിപ്പെടുത്തുന്നെന്നും ആരോപണമുണ്ട്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.