വനിതാ പ്രവര്‍ത്തകയ്ക്ക് അശ്ലീല വീഡിയോ അയച്ച സിപിഎം നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു; നടപടി സംഭവം വിവാദമായതോടെ

Sunday 17 November 2019 8:53 am IST

പയ്യോളി: വനിതാ പ്രവര്‍ത്തകയ്ക്ക് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ച സിപിഎം നേതാവിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കെഎസ്ടിയു ജില്ലാ കമ്മിറ്റി അംഗവും, സിപിഎം പയ്യോളി ഏരിയാ കമ്മറ്റി അംഗവും അര്‍ബന്‍ ബാങ്ക് ഡയറക്ടറുമായ സി. സുരേഷ് ബാബുവിനെയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഏരിയ കമ്മിറ്റി അംഗത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.

ആറു മാസത്തേക്കാണ് സസ്പെന്‍ഷന്‍. വനിത പ്രവര്‍ത്തകയ്ക്ക് സുരേഷ് ഇതിനു മുമ്പും അശ്ലീല വിഡിയോ ദൃശ്യങ്ങള്‍ അയച്ചതായി പരാതി ഉയരുകയും അതിനെ വിലക്കുകയും ചെയ്തതാണ്. എന്നാല്‍ അത് ആവര്‍ത്തിച്ചതോടെ വനിതാ പ്രവര്‍ത്തക ഏരിയ കമ്മിറ്റിക്ക് പരാതി നല്‍കി. ഇത് ആദ്യം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സംഭവം പുറത്തായി വിവാദമായതോടെയാണ് നേതാവിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്. 

വിഷയത്തില്‍ അന്വേഷണം നടത്താന്‍ പാര്‍ട്ടി മൂന്നംഗ സമിതിയേയും നിയോഗിച്ചിരുന്നു. വനിതാ നേതാവ് ഉള്‍പ്പെടെയുള്ള മൂന്നംഗ സമിതി സംഭവം അന്വേഷിച്ച് നേതാവിനെതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി ഇയാള്‍ക്ക് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.