വനിതാ കൗണ്‍സിലറെ തള്ളി സിപി‌എം നേതൃത്വം, കൗണ്‍സിലറെ നിലക്ക് നിര്‍ത്തണമെന്ന് യൂണിയൻ നേതാക്കൾ

Thursday 11 July 2019 12:37 pm IST

തിരുവനന്തപുരം: വാര്‍ഡ് കൗണ്‍സിലറും റവന്യു ഇന്‍സ്പെക്ടറും പരസ്പരം കൊമ്പുകോര്‍ത്തതോടെ കോര്‍പ്പറേഷന്റെ നെട്ടയം സോണല്‍ ഓഫീസില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ബുധാനാഴ്ച രാവിലെ 10 മണി മുതല്‍ മണിക്കൂറുകള്‍ ഈ കൊമ്പുകോര്‍ക്കല്‍ തുടര്‍ന്നു. ഒടുവില്‍ പാര്‍ട്ടിനേതൃത്വം വാര്‍ഡ് കൗണ്‍സിലറെ തള്ളി യൂണിയന്‍ നേതാവായ റവന്യു ഇന്‍സ്പെക്ടര്‍ക്കു കുടപിടിച്ചു. 

നെട്ടയം വാര്‍ഡ് കൗണ്‍സിലര്‍ പി. രാജിമോളും സോണല്‍ ഓഫീസിലെ റവന്യു ഇന്‍സ്പെക്ടറും തമ്മിലായിരുന്നു വാഗ്വാദങ്ങള്‍. രാവിലെ സോണല്‍ ഓഫീസിലെ ക്യാഷ് കൗണ്ടറില്‍ ഒരു ഉപഭോക്താവിന്റെ പണം അടയ്ക്കാനെത്തിയതായിരുന്നു രാജിമോള്‍. ക്യാഷ് കൗണ്ടറിനു മുന്നില്‍ തിരക്കായിരുന്നതിനാല്‍ കൗണ്‍സിലര്‍ കൗണ്ടറിനുള്ളിലേക്ക് ചെന്ന് പണമടയ്ക്കാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതനായ റവന്യു ഇന്‍സ്പെക്ടര്‍ വനിതയെന്ന പരിഗണനപോലും നല്‍കാതെ കൗണ്‍സിലറോട് പരുഷമായി സംസാരിച്ചശേഷം പുറത്തിറക്കി കൗണ്ടറിന്റെ വാതില്‍ അടയ്ക്കുകയായിരുന്നു.  രാജിമോള്‍ ഉടന്‍തന്നെ മുതിര്‍ന്ന നേതാവായ ശ്രീകുമാറിനെയും നെട്ടയത്തെ സിപിഎം പ്രാദേശികനേതൃത്വത്തെ വിവരമറിയിച്ചു. ശ്രീകുമാര്‍ രാജിമോള്‍ക്ക് അനുകൂലമായ നിലപാടെടുത്തുവെങ്കിലും പാര്‍ട്ടിനേതൃത്വം ഇവരെ തള്ളുകയായിരുന്നു. 

വിഷയം രൂക്ഷമായതോടെ ജീവനക്കാര്‍ക്ക് വേണ്ടി സിപിഎം യൂണിയനായ കെഎംസിഎസ്‌യു ഇടപെട്ടു. കൗണ്‍സിലറെ നിലക്ക് നിര്‍ത്തണമെന്നായി യൂണിയന്‍ നേതാക്കള്‍. പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് പരാതിപ്പെട്ടു. ജില്ലാ കമ്മറ്റി കൗണ്‍സിലര്‍ ഉള്‍പ്പെട്ട ലോക്കല്‍ കമ്മറ്റിയില്‍ വിവരം അറിയിച്ചു. അടിയന്തര കമ്മറ്റി കൂടി പതിവു പോലെ വിശദീകരണം പോലും ചോദിക്കാതെ കൗണ്‍സിലറെ രൂക്ഷമായി നേതാക്കള്‍ ശാസിച്ചു. യൂണിയന്‍ നേതാവിനെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും അറിയിച്ചു. സിപിഎമ്മിലെ സഹ കൗണ്‍സിലര്‍മാരെ വിവരം അറിയിച്ചെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചില്ല. സ്വന്തം പാര്‍ട്ടിയും പാര്‍ട്ടിയിലെ യൂണിയന്‍ നേതാക്കളും തനിക്കെതിരെ  തിരിഞ്ഞതിനാല്‍ ഒറ്റപ്പെട്ട അവസ്ഥയിലായി കൗണ്‍സിലര്‍.  തന്നെ പാര്‍ട്ടി നേതൃത്വം പരസ്യമായി തള്ളിയതോടെ രാജിമോള്‍ നിറകണ്ണുകളോടെ സോണല്‍ഓഫീസിനു മുന്നില്‍ നിന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കുറേനേരത്തിനുശേഷമാണ് ഇവര്‍ ഓഫീസ് വിട്ടത്. 

കോര്‍പ്പറേഷന്‍ ഭരണം അവസാനിക്കാന്‍ ഇനി ഏകദേശം ഒരു വര്‍ഷമാണ് ഉള്ളത്. പാര്‍ട്ടി നേതൃത്വം തനിക്കെതിരേ രംഗത്തുവന്ന നിലയ്ക്ക് ഇനി തനിക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടുമെന്നു കരുതുന്നില്ലെന്നാണ് രാജിമോള്‍ പറയുന്നത്. നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പാളയം രാജനെതിരെ റവന്യൂ ഇന്‍സ്‌പെക്ടര്‍ സുരേഷ് നഗരസഭാങ്കണത്തില്‍ വച്ച് മൈക്ക്‌വച്ച് വെല്ലുവിളിച്ചതിനു പിന്നാലെയാണ് വട്ടിയൂര്‍ക്കാവ് സോണല്‍ ഓഫീസിലെ സംഭവം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.