മാവോയിസ്റ്റ് ' സഖാക്കള്‍ ' ദേശവിരുദ്ധരെന്ന തെളിവുകള്‍ നിരത്തി വിരട്ടി പോലീസ്; യുഎപിഎ പിന്‍വലിച്ചാല്‍ എന്‍ഐഎ എത്തുമെന്ന് പിണറായി; ഒടുവില്‍ സിപിഎം പ്രവര്‍ത്തകരെ കൈവിട്ട് പാര്‍ട്ടി

Friday 8 November 2019 2:45 pm IST

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധത്തില്‍ രണ്ടു സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ അറസ്റ്റിലായ സംഭവത്തില്‍ യുഎപിഎ ചുമത്തിയില്‍ ഇടപെടില്ലെന്ന് സിപിഎം. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയതിനെ പിബി അംഗം പ്രകാശ് കാരാട്ട് അടക്കം നിരവധി സിപിഎം നേതാക്കള്‍ എതിര്‍ത്തിരുന്നു. യുഎപിഎ ചുമത്തിയത് പരിശോധിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഉള്‍പ്പെടെ അറിയിച്ചത്. എന്നാല്‍, യുഎപിഎ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം ശക്തമായതോടെ അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ വെറും മാവോയിസ്റ്റ് ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്നവരല്ല മറിച്ച കശ്മീര്‍ അടക്കം വിഷയങ്ങളില്‍ ദേശവിരുദ്ധ സമീപനം സ്വീകരിച്ചതാണെന്നതിന്റെ തെളിവുകള്‍ പോലീസ് ആഭ്യന്തര വകുപ്പിന് കൈമാറി. 

 

യുഎപിഎ പിന്‍വലിച്ചാല്‍ ഉടന്‍ കേസ് എന്‍ഐഎക്ക് ഏറ്റെടുക്കാനാകുമെന്നും പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതോടെ പിണറായി വിജയന്‍ ഉള്‍പ്പെടെ കുരുക്കിലായി. ഇന്നു ചേര്‍ന്ന് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ യുഎപിഎക്കെതിരേ വികാരം ഉണര്‍ന്നപ്പോള്‍ തന്നെ സര്‍ക്കാരിന്റെ നിസഹായവസ്ഥ പിണറായി വ്യക്തമാക്കുകയായിരുന്നു. യുഎപിഎ പിന്‍വലിച്ചാല്‍ ഉടന്‍ എന്‍ഐഎ എത്തുമെന്നും അവര്‍ കേസന്വേഷിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയാല്‍ സിപിഎം സര്‍ക്കാരും ദേശവിരുദ്ധരാണെന്ന വികാരം പൊതു സമൂഹത്തില്‍ ഉണ്ടാവുമെന്നും പിണറായി അറിയിച്ചു. പിടിയിലായവര്‍ക്കെതിരേ ശക്തമായ തെളിവുകളാണ് ഉള്ളതെന്നും യുഎപിഎ പിന്‍വലിച്ചാന്‍ പോലീസ് അതു മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും അതു വന്‍ തിരിച്ചടി ആകുമെന്നും പിണറായി യോഗത്തെ അറിയിച്ചു. യുഎപിഎ പിന്‍വലിക്കാന്‍ ചുമതലപ്പെടുത്തിയ സമിതി മുന്‍പാകെ പ്രതികള്‍ പോകട്ടെ എന്നും പിണറായി നിര്‍ദേശിച്ചു. പിണറായിയുടെ വാക്ക് ധിക്കരിക്കാന്‍ സാധിക്കാതെ മറ്റു നേതാക്കളും ഇതു അനുസരിക്കുകയായിരുന്നു. ഇതോടെ, പ്രതികളെ പൂര്‍ണമായും പാര്‍ട്ടി കൈവിട്ടു. പ്രതികള്‍ക്കെതിരായ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.