ശബരിമലയില്‍ ഇനി യുവതികളെ കയറ്റാന്‍ ശ്രമിക്കില്ല; ക്ഷേത്രക്കമ്മിറ്റികള്‍ പിടിക്കാന്‍ ശ്രമിക്കണം; വിശ്വാസത്തിന്റെ വഴിയേ സിപിഎം

Friday 23 August 2019 11:01 am IST

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ കൂട്ടുനിന്നതില്‍ പശ്ചാത്തപിച്ചു സിപിഎം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത തിരിച്ചടിയുടെ മുഖ്യകാരണം ശബരിമല വിഷയമാണെന്നും സിപിഎം സംസ്ഥാനസമിതി വിലയിരുത്തല്‍. വിശ്വാസികളുടെ വികാരം വൃണപ്പെടുത്താന്‍ കൂട്ടുനില്‍ക്കരുതായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് വലിയ ഒരു വിഭാഗം വിശ്വാസികള്‍ അകന്നു. ഇതു ബിജെപി ശക്തമാകാന്‍ കാരണമായി. വിശ്വാത്തിന്റെ വിഷയത്തില്‍ തെറ്റുതിരുത്തല്‍ അനിവാര്യമാണ്. വിശ്വാസികളുടെ വികാരം മാനിക്കണമെന്ന നിര്‍ദേശം സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള പ്രാദേശിക ഘടകങ്ങളിലെത്തിക്കും. ആളുകള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കണം. വിശ്വാസികളെയും പാര്‍ട്ടിയ്ക്ക് ഒപ്പം നിര്‍ത്തണം. അതിനായി പ്രാദേശിക ക്ഷേത്ര കമ്മിറ്റികളില്‍ പ്രവര്‍ത്തകര്‍ സജീവമാകണം. നിലവില്‍ കണ്ണൂരിലേതു പ്രാദേശിക തലത്തില്‍ വിശ്വാസികളുമായി കൂടുതല്‍ അടുക്കാന്‍ ക്ഷേത്രസമിതികളില്‍ പ്രവര്‍ത്തകര്‍ അംഗങ്ങളാകുന്നത് നല്ലതാണെന്നും നിര്‍ദേശമുണ്ട്. 

അതേസമയം, തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നുള്ള തെറ്റുതിരുത്തല്‍ നടപടികള്‍ക്കുള്ള സിപിഎമ്മിന്റെ സംഘടനാരേഖകയ്ക്ക് ഇന്ന് അന്തിമരൂപമാകും. എന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട ഈ നിലപാട് മാറ്റവും മയപ്പെടുത്തലും, തെറ്റുതിരുത്തല്‍ രേഖയില്‍ ഉള്‍പ്പെടുത്തുമോ എന്നതും ഇന്നറിയാം.

ജനങ്ങളെ വെറുപ്പിച്ചു കൊണ്ടുള്ള സംഘടനാ പ്രവര്‍ത്തനമെന്ന ശൈലി മാറണമെന്ന് രേഖ വ്യക്തമാക്കുന്നു. പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് ജനങ്ങളിലേക്കിറങ്ങി ജനങ്ങളോട് വിനയത്തോടെ പെരുമാറണം. സുഖജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയ നിലനില്‍പ്പിന്റെ ആവശ്യകത നേതാക്കള്‍  മനസിലാക്കണം. പാര്‍ട്ടി ഈശ്വരവിശ്വാസത്തിനെതിരല്ലെന്ന് വീട്ടമ്മമാരെ ബോധ്യപ്പെടുത്താനുള്ള ക്യാംപെയിനുകള്‍ നടത്തും

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.