പ്രശാന്തിനെതിരെ സിപിഎം ജില്ലാകമ്മറ്റിയുടെ കടുംവെട്ട്, പ്രചാരണത്തിൽ അകൽച്ച പാലിച്ച് ജില്ലാ സെക്രട്ടറി

Saturday 5 October 2019 12:50 pm IST

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മില്‍ ചേരിപ്പോര്. ജില്ലാ കമ്മറ്റി തീരുമാനിച്ച സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതില്‍ പ്രചാരണത്തിലും ജില്ലാകമ്മറ്റിയുടെ കടുത്ത പ്രതിഷേധം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും സംസ്ഥാനകമ്മറ്റി അംഗം വി. ശിവന്‍കുട്ടിയും ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മറ്റിയംഗമായ സുനില്‍കുമാറിനെയാണ് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. 

ജില്ലാകമ്മറ്റിയില്‍ ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യസ്ഥാനം സുനില്‍കുമാറിന് നല്‍കിയാണ് സംസ്ഥാന കമ്മറ്റിക്ക് കൈമാറിയത്.  എന്നാല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സുനില്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കടുത്ത നീരസം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയോട് തന്റെ നീരസം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്  വെള്ളാപ്പള്ളി നടേശന്റെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ വി.കെ. പ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിര്‍ദേശം നല്‍കുകയായിരുന്നു. 

ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ വി. ശിവന്‍കുട്ടിയും ശ്രമം നടത്തിയിരുന്നു. എന്നാല്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്തായി. തുടര്‍ന്നാണ് സുനില്‍കുമാറിന്റെ പേരുമായി രംഗത്ത് വന്നത്. ജില്ലാ കമ്മറ്റി തീരുമാനിച്ച സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതില്‍ ആനാവൂര്‍ നാഗപ്പനും വി. ശിവന്‍കുട്ടിയും തങ്ങളുടെ എതിര്‍പ്പ് കോടിയേരിയെ അറിയിച്ചെങ്കിലും മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പറ്റില്ലെന്ന് അറിയിച്ചു. 

 ജില്ലാ കമ്മറ്റിയുടെ നിര്‍ദേശങ്ങള്‍ പലപ്പോഴും മേയര്‍ സ്ഥാനത്തുള്ള പ്രശാന്ത് നിരസിച്ചിരുന്നു. ജില്ലാ സെക്രട്ടറി കൊടുത്തുവിടുന്ന പല കത്തുകളും പ്രശാന്ത് പരിഗണിച്ചിരുന്നില്ല.  ജില്ലാ കമ്മറ്റിയുമായി അകന്നായിരുന്നു പ്രശാന്തിന്റെ പ്രവര്‍ത്തനം. കൗണ്‍സിലില്‍ ബിജെപി അംഗങ്ങളുമായി തര്‍ക്കമുണ്ടായി മേയര്‍ ഗോവണിയില്‍ തട്ടി നിലത്തുവീണ് പരിക്കുണ്ടെന്ന വ്യാജേന ആശുപത്രി ചികിത്സ തേടി നാടകം കളിച്ചപ്പോഴും ജില്ലാകമ്മറ്റി വേണ്ടവിധം ഇടപെട്ടിരുന്നില്ല. അന്നുമുതല്‍ ജില്ലാകമ്മറ്റിയുമായി കടുത്ത നീരസം  പ്രശാന്തിനുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇത് പ്രതിഫലിക്കുന്നുണ്ട്. ശിവന്‍കുട്ടി പ്രശാന്തിന്റെ കൂടെ ഉണ്ടെങ്കിലും കാര്യമായ പ്രവര്‍ത്തനത്തിന് ഇല്ല. ജില്ലാ സെക്രട്ടറി വന്നുപോകുന്ന തരത്തിലാണ് വട്ടിയൂര്‍ക്കാവില്‍ എത്തുന്നത്. അതും മറ്റ് മുതിര്‍ന്ന നേതാക്കള്‍ വരുമ്പോള്‍ മാത്രം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.