ഇനി കളി നാളെ കാര്യവട്ടത്ത്; ടീമുകളെത്തി; സഞ്ജുവിനെ കളിപ്പിച്ചില്ലെങ്കില്‍ കളി കാര്യമാകുമെന്ന് ആരാധകര്‍; ഭീഷണി ഉയര്‍ത്തി മഴയും

Saturday 7 December 2019 5:26 pm IST

 

 

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20യിലും സഞ്ജു സാംസണിനെ ഒഴിവാക്കി നിര്‍ത്തിയിരിക്കുന്നതില്‍ അമര്‍ഷം പ്രകടിപ്പിച്ചിരിക്കുകയാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍. വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ ഋഷഭ് പന്ത് പ്രകടനം തെളിയിക്കുന്നതില്‍ നിരന്തരം പരായജയമായിട്ടും സഞ്ജുവിന് അവസരം കൊടുക്കത്തതില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ടി20 ലോകകപ്പ് മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസുമായുള്ള രണ്ടാം മത്സരം നാളെ കാര്യവട്ടത്താണ് നടക്കുന്നത്. ജന്മനാട്ടിലെ കളിയിലും സഞ്ജുവിനെ ഒഴിവാക്കിയാല്‍ ബിസിസി ഐ കളിയുടെ കാര്യം അറിയുമെന്നാണ് പറയുന്നത്. ഇതുസംബന്ധിച്ച ക്യാമ്പൈന്‍ സോഷ്യല്‍ മീഡിയ വഴി ഉത്സാഹത്തോടെ നടക്കുന്നുണ്ട്. ഇതിനിടെ ഇന്ത്യന്‍ ടീം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഞങ്ങള്‍ ഇതാ തിരുവനന്തപുരത്ത് എന്ന ക്യാപ്ഷനോടെ പരിശീലനത്തിന്റെ ചിത്രവും ഫേസ്ബുക്കില്‍ സഞ്ജു പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഇന്നു വൈകിട്ട് കനത്ത മഴയാണ് തിരുവനന്തപുരത്ത്. ഗ്രീന്‍ഫീല്‍ഡിലെ പിച്ച് അടക്കം ഗ്രൗണ്ട് കവര്‍ ചെയ്തിട്ടുണ്ട്. നാളെയും വൈകിട്ട് മഴ പെയ്താല്‍ അതു ക്രിക്കറ്റ് ആരാധകര്‍ക്ക് കനത്ത നിരാശയാകും സമ്മാനിക്കുക. ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ട്വന്റി 20 മത്സരവും മഴ മൂലം എട്ട് ഓവറായി ചുരുക്കേണ്ടി വന്നിരുന്നു.

 

രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുലാണ് കഴിഞ്ഞ കളിയില്‍ ഓപ്പണിങിനിറങ്ങിയത്. മനീഷ് പാണ്ഡെ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവരും പതിനൊന്നംഗ ടീമിലില്ലായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ തിരിച്ചെത്തി. ട്വന്റി 20 റാങ്കിങ്ങില്‍ ഇന്ത്യ അഞ്ചാമതും വിന്‍ഡീസ് പത്താം സ്ഥാനത്തുമാണ്. മുന്‍ ട്വന്റി20 ലോക ജേതാക്കളായ വെസ്റ്റിന്‍ഡീസും ഇന്ത്യയും ഏറ്റുമുട്ടുമ്പോള്‍ ലോകകപ്പിന് മുന്നോടിയായുള്ള സാംപിള്‍ വെടിക്കെട്ടാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരം എട്ടിന് തിരുവനന്തപുരത്തും മൂന്നാമത്തേതു 11നു മുംബൈയിലും നടക്കും. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയില്‍നിന്നു വിട്ടുനിന്ന വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു തിരിച്ചെത്തിക്കഴിഞ്ഞു.

നിലവിലുള്ള സാഹചര്യത്തില്‍ സഞ്ജു സാംസണ് തിരുവനന്തപുരത്തും കളിക്കാന്‍ അവസരം ലഭിക്കാനുള്ള സാധ്യതകള്‍ കുറവാണ്. എന്നാല്‍ സഞ്ജുവിന്റെ നാട്ടിലാണ് മത്സരം എന്നതിനാല്‍ ടീം മാനേജ്‌മെന്റ് അങ്ങനെയൊരു തീരുമാനം എടുക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. അങ്ങനെയാണെങ്കില്‍ മധ്യനിര ബാറ്റ്‌സ്മാനായിട്ടായിരിക്കും താരം ടീമിലെത്തുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.