സ്കൂള്‍ കലോത്സവ ഉദ്ഘാടനത്തിന് അയ്യപ്പ ഭക്തനെ കല്ലെറിഞ്ഞു കൊന്നപ്രതിയും; അവതരിപ്പിച്ചത് സാംസ്കാരിക പ്രവര്‍ത്തകനായി; പ്രതിഷേധവുമായി ബിജെപി
പന്തളം: പന്തളം വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായി സിപിഎം ക്രിമിനലിനെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. പന്തളത്ത് ചന്ദ്രൻ ഉണ്ണിത്താൻ എന്ന അയ്യപ്പ ഭക്തനെ കല്ലെറിഞ്ഞു കൊന്ന കേസിലെ പ്രധാന പ്രതിയെയാണ് സാംസ്കാരിക പ്രവർത്തകൻ എന്ന ലേബലിൽ ചടങ്ങിൽ പങ്കെടുപ്പിക്കാൻ അധികൃതർ തയാറായിരിക്കുന്നത്.
ശബരിമല ആചാര ലംഘനത്തിനെതിരെ നടത്തിയ നാമജപയാത്രയ്ക്ക് നേരെ സിപിഎം ഏരിയാ കമ്മറ്റി ഓഫീസിൽ നിന്നും ഉണ്ടായ അക്രമത്തിന് നേതൃത്വം കൊടുത്ത ക്രിമിനലിനെയാണ് കലോത്സവ പരിപാടിയിൽ പങ്കെടുപ്പിക്കുന്നത്. സാംസ്കാരിക പ്രവർത്തകൻ എന്ന പേരിൽ വേദി ഒരുക്കി കൊടുക്കാനുള്ള ഗൂഢശ്രമം പന്തളത്തെ പൊതുസമൂഹത്തെ അവഹേളിക്കാനും ക്രിമിനലുകളെ മഹത്വവത്ക്കരിക്കാനുമാണെന്ന് ബിജെപി ആരോപിച്ചു. ചട്ടപ്രകാരം സ്വാഗതസംഘം രൂപീകരിക്കതെയും പന്തളത്തെ കലാ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പല പ്രമുഖരെയും ഒഴിവാക്കി സിപിഎമ്മിനു രാഷ്ട്രീയം കളിക്കാനുള്ള വേദിയാക്കി കലോത്സവം മാറ്റിയിരിക്കുന്നു.
കലോത്സവങ്ങൾക്ക് ലഭിക്കുന്ന പണം എങ്ങനെയും ധൂർത്തടിക്കുന്നതിനും അതിലൂടെ രാഷ്ട്രീയ ലാഭം ഉണ്ടാക്കുകയുമാണ് സിപിഎം ലക്ഷ്യം. വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നടപടിയെ ബിജെപി പന്തളം നഗരസഭാ കമ്മറ്റി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. സ്കൂൾ കലോത്സവം നടത്തിപ്പിലെ ക്രിമിനൽവത്ക്കരണത്തിനെതിരെ ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. മുൻസിപ്പൽ പ്രസിഡന്റ് സുഭാഷ് കുമാർ അധ്യക്ഷനായ യോഗത്തിൽ ഏരിയാ പ്രസിഡന്റ് മനോജ് കുമാർ, ഐഡിയൽ ശ്രീകുമാർ, റെജി പത്തിയിൽ, കെ.വി പ്രഭ, സുമേഷ് കുമാർ എന്നിവർ സംസാരിച്ചു.