കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ കമ്മ്യൂണിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങള്‍ ഒഴിപ്പിക്കണം; ദയാ ദാക്ഷിണ്യം വേണ്ടെന്ന് സിആര്‍പിഎഫിനോട് അമിത് ഷാ

Saturday 16 November 2019 8:20 am IST

ന്യൂദല്‍ഹി : ആറുമാസത്തിനുള്ളില്‍ രാജ്യത്ത് നിന്ന് കമ്മ്യൂണിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കണമെന്ന് കര്‍ശ്ശന നിര്‍ദ്ദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള കമ്മ്യൂണിസ്റ്റ് ഭീകരവാദം ഒഴിപ്പിക്കണം. ജമ്മു കശ്മീര്‍ താഴ്‌വരയില്‍ അരങ്ങേറി വരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കണമെന്നും അമിത് ഷാ സിആര്‍പിഎഫിന് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കി.  

ദല്‍ഹി സിആര്‍പിഎഫ് ആസ്ഥാനത്ത് സേനയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനിടെയാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷം അമിത് ഷായുടെ ആദ്യ സൈനിക ആസ്ഥാന സന്ദര്‍ശനമാണിത്. നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കും അവര്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്കുമെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ യാതൊരു ദയാ ദാക്ഷിണ്യവും കാട്ടരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇതുസംബന്ധിച്ച് പാരാമിലിട്ടറി വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തിക്കഴിഞ്ഞു. 

ജമ്മു കശ്മീരിലും മറ്റ് നക്‌സല്‍ ബാധിത പ്രദേശങ്ങളിലും പാരാമിലിട്ടറിയെ വിന്യസിക്കുന്നതിനെക്കുറിച്ച് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍ആര്‍ ഭട്‌നഗര്‍ ഷായെ അറിയിച്ചു. കേരളത്തിലേതടക്കം രാജ്യത്തെ വിവിധയിടങ്ങളില്‍ നടക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകര പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളും സിആര്‍പിഎഫ് ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ ചര്‍ച്ച ചെയ്‌തെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.