പൗരത്വ ഭേദഗതിക്കെതിരെ തീവ്രമുസ്ലീം സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലിനെ അംഗീകരിക്കില്ല; 17ന് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

Sunday 15 December 2019 8:37 pm IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് 17ന് തീവ്രമുസ്ലീം സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സംസ്ഥാത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അന്നേ ദിവസം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍, ജന.സെക്രട്ടറി രാജു അപ്‌സര, ട്രഷറര്‍ ദേവസ്യ മേച്ചേരി എന്നിവര്‍ അറിയിച്ചു.

കേരളത്തില്‍ തീവ്രനിലപാടുള്ള മുസ്ലീം സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വാട്സ്ആപ്പ് ഹര്‍ത്താല്‍ നടത്തി ഇവര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. അഭ്യന്തരമന്ത്രാലയം നിലപാട് കടുപ്പിച്ചതോടെ 17ലെ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് കേരള പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.  17ന് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തീവ്ര മുസ്ലീം സംഘടനകള്‍ പ്രചരിപ്പിക്കുന്നുണ്ട്. 

എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബി.എസ്.പി, കേരള മുസ്ലിം യുവജന ഫെഡറേഷന്‍, സോളിഡാരിറ്റി, എസ്.ഐ.ഓ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡി.എച്ച്.ആര്‍.എം, ജമാ - അത്ത് കൗണ്‍സില്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗതീരുമാനമാണെന്നുള്ള രീതിയിലാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന ഏഴ്  ദിവസം മുമ്പ് നോട്ടിസ് നല്‍കണമെന്ന് 07.01.2019 തീയ്യതിയിലെ ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. നിലവില്‍ യാതൊരു സംഘടനയും ഔദ്യോഗികമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് നോട്ടിസ് നല്‍കിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.