മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ വീട്ടില്‍ സി.ബി.ഐ സംഘം; അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നേക്കും

Tuesday 20 August 2019 7:25 pm IST

ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ നടപടി തുടങ്ങി. സിബിഐയുടെ പ്രത്യേക സംഘമാണ് ഡലഹിയിലെ ചിദംബരത്തിന്റെ വീട്ടിലെത്തിയത്. ഇന്ന്  ചിദംബരത്തെ അറസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. നേരത്തെ, ഡല്‍ഹി ഹൈക്കോടതിയാണ് ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. 

ഇതേ കേസില്‍ മകന്‍ കാര്‍ത്തി ചിദംബരത്തെ ഫെബ്രുവരി 28 ന് സി.ബി.ഐ അറസ്റ്റുചെയ്തിരുന്നു. കാര്‍ത്തിക്ക് പിന്നീട് ജാമ്യം അനുവദിച്ചു. ഇന്ത്യയിലും വിദേശത്തുമായി കാര്‍ത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടിയിരുന്നു. ചിദംബരം ധനമന്ത്രിയായിരിക്കെ 2007ല്‍ ഐ.എന്‍.എക്‌സ്. മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം.

ചിദംബരത്തിനും കാര്‍ത്തിക്കും പുറമേ ഐ.എന്‍.എക്‌സ്. മീഡിയ, അതിന്റെ ഡയറക്ടര്‍മാരായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ക്കെതിരേയും സി.ബി.ഐ. അന്വേഷണം നടത്തുന്നുണ്ട്. സിബിഐയുടെ എട്ട് പേരടങ്ങുന്ന സംഘമാണ് ചിദംബരത്തിന്റെ വീട്ടില്‍ എത്തിയിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.