ദല്‍ഹി കേരളാ ഹൗസ് സിപിഎം ഹൗസാക്കാന്‍ നീക്കം; റസിഡന്റ്സ് കമ്മീഷണറെ കേരളത്തിലേക്ക് മാറ്റി, പിന്നില്‍ വ്യവസായ മന്ത്രി ജയരാജന്റെ നേതൃത്വത്തിലുള്ള ലോബി

Thursday 13 February 2020 2:35 pm IST

ന്യൂദല്‍ഹി: ദല്‍ഹിയിലെ കേരളാ ഹൗസ് പൂര്‍ണമായും സിപിഎം നിയന്ത്രണത്തിലാക്കാന്‍ പാര്‍ട്ടിയുടെയും വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ നേതൃത്വം നല്‍കുന്ന ലോബിയുടെയും നീക്കം. ഇതിന്റെ ഭാഗമായി റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറിനെ കേരളത്തിലേക്ക് മാറ്റി. കണ്‍ട്രോളര്‍ ഡി.രാഗേഷിനോട് ചുമതല ഒഴിയാനും ആവശ്യപ്പെട്ടു.

പുനീത് കുമാറിന് പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമനം. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി (രണ്ട്) യുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. എന്നാല്‍ രാഗേഷിന് പകരം ചുമതല വ്യക്തമാക്കിയിട്ടില്ല. പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗാണ് പുതിയ റസിഡന്റ് കമ്മീഷണര്‍.

തെരഞ്ഞെടുപ്പില്‍ തോറ്റ മുന്‍ എംപി പി.സമ്പത്തിനെ കേരളാ ഹൗസില്‍ കാബിനറ്റ് റാങ്കോടെ പുനരധിവസിപ്പിച്ചത് ഗുണം ചെയ്തില്ലെന്ന വിമര്‍ശനം സിപിഎമ്മിലുണ്ട്. ഭരണത്തിലിരിക്കുമ്പോഴും ഇടത് സംഘടനാ നേതാക്കള്‍ക്ക് കേരളാ ഹൗസില്‍ പ്രത്യേക പരിഗണന ലഭിക്കുന്നില്ലെന്നാണ് പരാതി. അതിഥികള്‍ക്കായുള്ള കാന്റീനില്‍ നേതാക്കള്‍ക്ക് ഭക്ഷണം അനുവദിക്കാത്തതും കേരളാ ഹൗസിനുള്ളില്‍ പാര്‍ക്കിങ് ലഭിക്കാത്തതും ചൂണ്ടിക്കാട്ടി ഇടത് സംഘടനാ നേതാക്കള്‍ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളാ ഹൗസ് പിടിച്ചടക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കിയത്. പ്രധാന തസ്തികകളില്‍ പാര്‍ട്ടി കേഡറുകളെ നിയമിച്ച് പൂര്‍ണമായും സമ്പത്തിന്റെ നിയന്ത്രണത്തിലാക്കുകയാണ് ലക്ഷ്യം. സമ്പത്ത് കേരളത്തിലെത്തിയാണ് സ്ഥലംമാറ്റം ഉറപ്പാക്കിയത്. 

ഫ്രണ്ട് ഓഫീസ് മാനേജര്‍ തസ്തികയിലേക്ക് സിപിഎം നേതാവിനെ നിയമിച്ചതിനെതിരെ നിലപാടെടുത്തതാണ് റസിഡന്റ് കമ്മീഷണറും കണ്‍ട്രോളറും തെറിക്കാനിടയാക്കിയത്. റിസപ്ഷന്‍ അസിസ്റ്റന്റായ സിപിഎം സര്‍വ്വീസ് സംഘടനയുടെ ഭാരവാഹി പ്രകാശനെയാണ് ഫ്രണ്ട് ഓഫീസ് മാനേജരായി നിയമിച്ചത്. ഇയാളേക്കാള്‍ സീനിയോറിറ്റിയുള്ള രണ്ട് ജീവനക്കാര്‍ തങ്ങളെ തഴഞ്ഞതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. യോഗ്യതയുള്ള എല്ലാവരുടെയും അപേക്ഷ പരിഗണിച്ച് മാത്രമേ നിയമനം നടത്താവൂവെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ട്രാവല്‍ ആന്റ് ടൂറിസത്തില്‍ അംഗീകൃത ഡിപ്ലോമയും 15 വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യത. ഇതനുസരിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പ്രകാശന് റസിഡന്റ് കമ്മീഷണര്‍ രണ്ട് തവണ കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല.

കേരളത്തില്‍ അംഗീകാരമില്ലാത്ത മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ കറസ്പോണ്‍ന്റ് കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റാണ് പ്രകാശന്റെ കൈവശമുള്ളത്. ഇതിന് ഏതെങ്കിലും സര്‍വ്വകലാശാലയുടെ അംഗീകാരം ലഭ്യമാക്കുന്നതിനുള്ള തിരക്കിട്ട നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ നീട്ടിക്കൊണ്ടുപോവുകയെന്ന ലക്ഷ്യമാണ് മറുപടി നല്‍കാതിരിക്കുന്നതിന് പിന്നില്‍. റസിഡന്റ് കമ്മീഷണറെ മാറ്റിയതോടെ നടപടിക്രമങ്ങള്‍ ഇനിയും വൈകും.

കേരളാ ഹൗസില്‍ പ്രത്യേക പ്രതിനിധിയായി നിയമിച്ച സമ്പത്തിന്റെ ചെലവുകള്‍ സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷം ചോദ്യം ഉന്നയിച്ചിരുന്നു. നിയമനം പാഴ്ച്ചെലവാണെന്ന വിമര്‍ശനം നിലനില്‍ക്കെ ചെലവുകള്‍ പുറത്തുവരുമെന്നത് രാഷ്ട്രീയമായി ക്ഷീണം ചെയ്യുമെന്നതിനാല്‍ കൃത്രിമ കണക്ക് നല്‍കാനും നീക്കമുണ്ടായി. എന്നാല്‍ ഇത് റസിഡന്റ് കമ്മീഷണര്‍ ഇടപെട്ട് തടഞ്ഞു. ലോഗ് ബുക്കുള്‍പ്പെടെ പരിശോധിച്ച് വ്യക്തമായ കണക്ക് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതും സ്ഥലം മാറ്റത്തിന് പ്രേരകമായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.