വിനാശകരമായ രാഷ്ട്രീയക്കളി

Thursday 23 January 2020 5:00 am IST

രാജ്യം നശിച്ചാലും രാഷ്ട്രീയം വിജയിച്ചാല്‍ മതി എന്നു കരുതുന്നവരുടെ സംഖ്യ അനുദിനം വര്‍ധിച്ചു വരികയാണ്. സ്വന്തം നേട്ടത്തിനൊപ്പം രാഷ്ട്രീയ നേട്ടം കൂടിയാവുമ്പോള്‍ ഏത് വിദ്രോഹ ശക്തികളും അവരുടെ കൂട്ടുകാരാവുന്നു. അത്തരമൊരു ചങ്ങാത്തത്തിന്റെ നേര്‍ക്കാഴ്ചയാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് കണ്ടത്. ഒരുതരത്തില്‍ പറഞ്ഞാല്‍ സമൂഹത്തില്‍ അസ്വാസ്ഥ്യമുണ്ടാക്കുന്നതു കൂടിയാണത്.

സിപിഎം പ്രവര്‍ത്തനം പുറമേക്കും മാവോവാദ മുന്നേറ്റം ഉള്ളിലുമായി കൊണ്ടു നടക്കുന്ന രണ്ടു ചെറുപ്പക്കാരെ സംശയാസ്പദ സാഹചര്യത്തില്‍ പോലീസ് അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏറെ സങ്കീര്‍ണമായി നില്‍ക്കുകയാണ്. നേരത്തെ സിപിഎമ്മും മറ്റും കസ്റ്റഡിയിലായ ചെറുപ്പക്കാര്‍ക്കു വേണ്ടി നിലയുറപ്പിച്ചെങ്കിലും ഉള്ളറകളില്‍ അത്ര സുഖകരമല്ലാത്ത സ്ഥിതിഗതികളാണെന്ന് മനസ്സിലാക്കിയതോടെ പിന്‍വാങ്ങിയിരുന്നു. പ്രസ്തുത കേസ് എന്‍ഐഎ ഏറ്റെടുക്കുകയും ചെയ്തു. അറസ്റ്റിന്റെ തുടക്കത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ചെറുപ്പക്കാരുടെ വീടുകളിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

   'ചായ കുടിക്കുമ്പോഴല്ല ഇരു ചെറുപ്പക്കാരെയും പോലീസ് പിടികൂടിയത്' എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ അന്തരീക്ഷമൊക്കെ കീഴ്മേല്‍ മറിഞ്ഞു. സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെയെന്ന് മനസ്സിലാക്കിയ ചെറുപ്പക്കാരുടെ ബന്ധുക്കള്‍ പാര്‍ട്ടി ബന്ധവും മറ്റും കണക്കിലെടുക്കാതെ പൊട്ടിത്തെറിക്കുന്ന സ്ഥിതിയിലെത്തി. വിദ്രോഹ ശക്തികളുമായാണ് തങ്ങളുടെ മക്കള്‍ കൂട്ടുകൂടിയതെന്നതൊക്കെ മാറ്റിവെച്ച് എങ്ങനെയും മക്കളെ രക്ഷിക്കാനുള്ള തത്രപ്പാടിലാണ് അവര്‍. ഇവരെ സഹായിക്കാനായാല്‍ തങ്ങളുടെ രാഷ്ട്രീയത്തിന് കൂടുതല്‍ ബലം കിട്ടുമെന്ന ദുഷ്ടലാക്കുമായി രമേശ് ചെന്നിത്തലയും സംഘവും രംഗത്തിറങ്ങിയിരിക്കുകയാണ്. ഇരുവരുടെയും വീടുകളില്‍ എത്തി വേണ്ട സഹായമൊക്കെ വാഗ്ദാനം ചെയ്താണ് ചെന്നിത്തലയും സംഘവും മടങ്ങിയത്. എക്കാലത്തെയും കോണ്‍ഗ്രസിന്റെ മ്ലേച്ഛരാഷ്ട്രീയമാണ് ഇതുവഴി പുറത്തായിരിക്കുന്നത്.

   രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാന്‍ ഏതുവഴിയും തേടുന്നവര്‍ക്ക് കൈത്താങ്ങു നല്‍കാന്‍ കോണ്‍ഗ്രസ് രംഗത്തെത്തിയത് സമാധാന കാംക്ഷികളെ ഞെട്ടിച്ചിരിക്കുകയാണ്. സ്വന്തം പാര്‍ട്ടിക്കാരായിട്ടും സിപിഎമ്മും അവരുടെ സര്‍ക്കാരും വിമുഖത കാണിക്കുമ്പോള്‍ സംശയ നിഴലിലുള്ളവരെ അങ്ങോട്ടുചെന്ന് കെട്ടിപ്പിടിക്കുന്ന ഖദറുകാരുടെ കയ്യിലിരിപ്പ് രാജ്യത്തെ ഒറ്റുകൊടുക്കാനുള്ള തന്ത്രമല്ലേ? എന്തേ കളിയിക്കാവിളയില്‍ ഒരു പോലീസുദ്യോഗസ്ഥനെ വെടിവെച്ചു കൊന്നപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ആശ്വാസവുമായി ഒരു ഖദറുകാരന്‍ പോലും പോയില്ല? നോട്ടും വോട്ടും നേടാന്‍ ഏതറ്റം വരെയും പോകാനുള്ള സൃഗാലതന്ത്രത്തിന്റെ ചെന്നിത്തലയന്‍ വ്യാഖ്യാനമല്ലേ മാവോവാദി കൂട്ടുകെട്ടുകാരുടെ കാര്യത്തിലും ഉള്ളത്?

    മതത്തിന്റെ പേരില്‍ പീഡനമേറ്റ് പലായനം ചെയ്യുന്നവരുടെ നേരെ കരംനീട്ടാനുള്ള വ്യവസ്ഥക്കെതിരെ രാജ്യദ്രോഹികള്‍ക്കൊപ്പം ചേര്‍ന്ന് ആയുധം സംഭരിച്ച് പോരാടാനുള്ള കോണ്‍ഗ്രസിന്റെ നീചരാഷ്ട്രീയത്തിന്റെ മറ്റൊരു വഴിയായി മാറുന്നു ഇതും. മാവോവാദികളുടെ ആസാദിക്കായാണോ കോണ്‍ഗ്രസ് ആവേശപൂര്‍വം ചൂണ്ടിക്കാണിക്കുന്ന സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കിയത്? ഇവരാണോ ഭരണഘടന സംരക്ഷിക്കാനും 

ഭരണഘടനയുടെ ആമുഖം വായിക്കാനും തെരുവില്‍ ആളെ കൂട്ടുന്നത്? നിലവിലുള്ള വിഘടനവാദികളുടെയും ദേശദ്രോഹികളുടെയും പ്രവര്‍ത്തനങ്ങളെക്കാള്‍ അപകടകരവും പ്രത്യാഘാതാത്മകവുമാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈദൃശപ്രവര്‍ത്തനങ്ങള്‍. വെണ്‍മയുടെ പുറംപൂച്ചില്‍ ഒളിഞ്ഞിരിക്കുന്ന തിന്മയുടെ ഖദര്‍ രാഷ്ട്രീയം ജനാധിപത്യവാദികളും സമാധാന കാംക്ഷികളും ജാഗ്രതയോടെ കാണണം. അപകടത്തിന്റെ ആഴങ്ങളിലേക്കാണ് ഇത്തരക്കാര്‍ സമൂഹത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. തിരിച്ചറിവിന്റെ രാഷ്ട്രീയമാണ് ഇവിടെ വേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.