കുട്ടിസഖാക്കളുടെ അക്രമങ്ങളുടെ ഫലം വന്‍ പ്രക്ഷോഭങ്ങളാകാം; മന്ത്രിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു; ആറ് മന്ത്രിമാരുടെ സുരക്ഷയ്ക്ക് അനുവദിച്ചത് രണ്ടരക്കോടി!

Friday 19 July 2019 10:41 am IST
ഭരണത്തിന്റെ ഗുണം കൊണ്ട് വിദ്യാഭ്യാസ മന്ത്രിക്കും ആരോഗ്യ മന്ത്രിക്കും എതിരെ നിരന്തരം സമരങ്ങള്‍ നടക്കാറുണ്ട്. ഇതു കണക്കിലെടുത്താണ് 101 നിരീക്ഷണ ക്യാമറകള്‍, മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള സുരക്ഷാ സജ്ജീകരണങ്ങള്‍ എന്നിവ ഏര്‍പ്പെടുത്താന്‍ രണ്ടരക്കോടി രൂപ അനുവദിച്ചത്.

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ അക്രമവും ഗുണ്ടായിസവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും വന്‍ പ്രക്ഷോഭത്തിലേയ്ക്ക് വഴിവയ്ക്കുമെന്ന ആശങ്കയില്‍ മന്ത്രിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു. ആറ് മന്ത്രിമാരുടെ സുരക്ഷയ്ക്ക് അനവദിച്ചത് രണ്ടരക്കോടിയാണ്! 

മന്ത്രിമാരായ സി. രവീന്ദ്രനാഥ്, കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, കെ. രാജു, എം.എം. മണി, വി.എസ്. സുനില്‍കുമാര്‍ എന്നിവരുടെ സുരക്ഷയ്ക്കാണ് ആറു കോടി മുടക്കിയിരിക്കുന്നത്. സെക്രട്ടേറിയേറ്റിലെ അനെക്‌സ് 2 മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെ സുരക്ഷ കൂട്ടാന്‍ പൊതുഭരണ വകുപ്പ് അനുമതി നല്‍കുകയായിരുന്നു.

ഭരണത്തിന്റെ ഗുണം കൊണ്ട് വിദ്യാഭ്യാസ മന്ത്രിക്കും ആരോഗ്യ മന്ത്രിക്കും എതിരെ നിരന്തരം സമരങ്ങള്‍ നടക്കാറുണ്ട്. ഇതു കണക്കിലെടുത്താണ് 101 നിരീക്ഷണ ക്യാമറകള്‍, മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള സുരക്ഷാ സജ്ജീകരണങ്ങള്‍ എന്നിവ ഏര്‍പ്പെടുത്താന്‍ രണ്ടരക്കോടി രൂപ അനുവദിച്ചത്.

സെക്രട്ടേറിയറ്റിനുള്ളിലേക്ക് പൊതുജനങ്ങള്‍ക്കു കയറാന്‍ കഴിയാത്ത തരത്തില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 4 പ്രധാന ഗേറ്റുകളില്‍ 3 എണ്ണവും ഇന്നലെ അടച്ചിട്ടു. തുറന്നിട്ട കന്റോണ്‍മെന്റ് ഗേറ്റിലാകട്ടെ കര്‍ശന പരിശോധനകള്‍ക്കു ശേഷമാണു സന്ദര്‍ശകരെ കടത്തിവിട്ടത്. 

വരുംദിവസങ്ങളിലും സമാന പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങുകളിലും കര്‍ശന സുരക്ഷ വേണമെന്നും സ്‌പെഷല്‍ ബ്രാഞ്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 

ഇന്നലെ മന്ത്രി കെ.ടി. ജലീലിന്റെ ഓഫിസിലേക്കു മാര്‍ച്ച് നടത്തിയ കെഎസ്യു പ്രവര്‍ത്തകരും സുരക്ഷ ഭേദിക്കാന്‍ ശ്രമിച്ചിരുന്നു. കെഎസ്യു സമരക്കാര്‍ ബുധനാഴ്ച മതില്‍ ചാടിക്കടന്നു മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന ബ്ലോക്കിന്റെ വാതില്‍ക്കല്‍ വരെയെത്തിയിരുന്നു. സെക്രട്ടേറിയറ്റിലും അനെക്‌സ് 1, അനെക്‌സ് 2 മന്ദിരങ്ങളിലും കൂടുതല്‍ വനിതാ പോലീസുകാരേയും വിന്യസിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.