ദേവൂട്ടന് അറിയില്ല, പൊന്നുമ്മ തരാന്‍ അച്ഛന്‍ വരില്ലെന്ന്

Thursday 5 December 2019 4:38 am IST

 

കാട്ടാക്കട: 'ഹലോ, ദേവൂട്ടാ.... ഇത് അച്ഛനാടാ.' ഫോണിലൂടെ അച്ഛന്റെ ശബ്ദം കേട്ടപ്പോള്‍ ഒരു വയസുകാരന്‍ ദേവരഥ് റിസീവര്‍ ചുണ്ടോട് ചേര്‍ത്ത് പറഞ്ഞു ....ഉമ്മ...' ദിവസങ്ങള്‍ക്ക് മുമ്പ് കശ്മീരിലെ സിയാച്ചിനില്‍ നിന്ന് അഖില്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഏക മകന്‍ ദേവരഥ് അച്ഛനു നല്‍കിയ അവസാന ഉമ്മ. ഇനി തനിക്ക് തരാന്‍ പൊന്നുമ്മയും കളിപ്പാട്ടങ്ങളുമായി അച്ഛന്‍ വരില്ലെന്ന് അവനറിയില്ല. 

കഴിഞ്ഞ ദിവസം സിയാച്ചിനിലെ ഹിമപാതത്തില്‍ ശ്വാസകോശത്തില്‍  മഞ്ഞുകയറി അഖില്‍ മരണത്തിന് കീഴടങ്ങിയത് ഇനിയും വിശ്വസിക്കാനാവാതെ, വിറങ്ങലിച്ച് നില്‍ക്കുകയാണ് ഒരു നാടുമുഴുവന്‍. പൂവച്ചല്‍ കുഴയ്ക്കാട് കല്ലണമുഖത്ത് വീട്ടില്‍ കര്‍ഷകനായ സുദര്‍ശനകുമാറിന്റേയും ആശാവര്‍ക്കര്‍ സതി കുമാരിയുടേയും രണ്ട് മക്കളില്‍ മൂത്തയാളാണ് അഖില്‍. ഒരുപാട് കഷ്ടപ്പെട്ടാണ് സുദര്‍ശനന്‍ മക്കളെ പഠിപ്പിച്ചത്. അഖിലിന് ആര്‍മിയിലും ഇളയ മകന്‍ അക്ഷയ്ക്ക് പോലീസിലും ജോലിയായതോടെയാണ് കുടുംബം ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത്. രണ്ട് വര്‍ഷം മുമ്പ് ബാങ്കില്‍ നിന്ന് വായ്പ എടുത്താണ് സ്വന്തമായൊരു വീട് പണിഞ്ഞത് പോലും.

2017 ലാണ് അഖില്‍ ഗീതുവിനെ വിവാഹം കഴിച്ചത്. ഇവരുടെ ആദ്യത്തെ കണ്‍മണി ദേവരഥിന്റെ ഒന്നാം പിറന്നാളിന് അഖില്‍ അവധിയെടുത്ത് നാട്ടിലെത്തിയിരുന്നു. പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ച് രണ്ട് മാസം മുമ്പാണ് അഖില്‍ ജോലി സ്ഥലത്തേക്ക് മടങ്ങിയത്. അന്ന് യാത്ര പറഞ്ഞു പോയപ്പോള്‍ ഇനിയൊരിക്കലും കാണാനാവില്ലെന്ന് കരുതിയില്ല ബന്ധുക്കളും നാട്ടുകാരും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.