അനുമതി ഇല്ലാതെ വിദേശ ക്ലബ് ക്രിക്കറ്റില്‍ പങ്കെടുത്തതില്‍ നിരുപാധികം മാപ്പപേക്ഷിച്ച് ദിനേശ് കാര്‍ത്തിക്; ടൂര്‍ണമെന്റില്‍ കളിച്ചില്ലെന്നും ക്ഷണം ലഭിച്ചതിനാല്‍ കളി കാണാന്‍ പോയതാണെന്നും വിശദീകരണം

Sunday 8 September 2019 12:44 pm IST

ന്യൂദല്‍ഹി: മുന്‍കൂര്‍ അനുമതി ഇല്ലാതെ വിദേശത്ത് ക്ലബ് ക്രിക്കറ്റ് കളിക്കാന്‍ പോയതിനു ബിസിസിഐ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനു ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്ക് മറുപടി നല്‍കി. ഐപിഎല്ലില്‍ താന്‍ കളിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഹെഡ് കോച്ച് ബ്രെന്‍ഡന്‍ മക്കെല്ലം ക്ഷണിച്ചതിനാലാണു ട്രിനിഡാഡിലേക്ക് പോയത്. നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായ തനിക്ക് കളികള്‍ കാണുന്നത് ഉപകാരപ്പെടുമെന്ന് കരുതിയാണ് പോയത്. ഒപ്പം, ഐപിഎല്ലിനെ പറ്റി ചില ചര്‍ച്ചകളും നടത്താനുണ്ടായിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാംഗോ നൈറ്റ് റൈഡേഴ്സിന്റെ ആദ്യ മത്സരത്തില്‍ സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയോറ്റ്സിനെതിരേയുള്ള കളി താന്‍ കളിച്ചിരുന്നില്ല. എന്നാല്‍, ടീമിന്റെ ജേഴ്‌സി ധരിച്ച് ഡ്രസിങ് റൂമിലിരുന്നു കളി വീക്ഷിച്ചിരുന്നു. ബിസിസിഐയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ വിദേശസന്ദര്‍ശനം നടത്തിയതില്‍ നിരുപാധികം മാപ്പപേക്ഷിക്കുന്നെന്നു ദിനേശ് കാര്‍ത്തിക്. 

നേരത്തേ, ബോര്‍ഡുമായുള്ള കരാര്‍ മാനദണ്ഡങ്ങള്‍ പ്രഥമദൃഷ്ട്യാ ലംഘിച്ചെന്നു നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാംഗോ നൈറ്റ് റൈഡേഴ്സിന്റെ ആദ്യ മത്സരത്തില്‍ സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയോറ്റ്സിനെതിരേയാണ് കാര്‍ത്തിക് കളിക്കാന്‍ ഇറങ്ങിയതായി റിപ്പോര്‍ട്ടുണ്ടായത്.  ന്യൂസിലാന്‍ഡ് മുന്‍ ക്യാപ്റ്റര്‍ ബ്രെന്‍ഡന്‍ മക്കെല്ലത്തിനൊപ്പം കാര്‍ത്തിക് ഇരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഐപിഎല്ലില്‍ കാര്‍ത്തിക് കളിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെയാണ് ട്രിന്‍ബാംഗോ നൈറ്റ് റൈഡേഴ്സിന്റേയും ഉടമകള്‍ എന്നതും ശ്രദ്ധേയമായിരുന്നു. ബിസിസിഐ കരാര്‍ പ്രകാരം അനുമതി ഇല്ലാതെ മറ്റു ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നത് ഗുരുതര അച്ചടക്ക ലംഘനമാണ്. ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനെതിരേ ആണ് കാര്‍ത്തിക് അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. എന്നാല്‍, മോശം ഫോമിനെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതരായ ടീമില്‍ കാര്‍ത്തിക്കിന് ഇടംലഭിച്ചിരുന്നില്ല. വിജയ് ഹസാരെ ട്രോഫില്‍ തമിഴ്നാട് ടീമിന്റെ ക്യാപ്റ്റനായി കാര്‍ത്തിക്കിനെ നിയമിക്കുകയും ചെയ്തിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.