ലോക്കപ്പ് മർദ്ദനത്തിനും കസ്റ്റഡി മരണത്തിനും ഇടവരുത്തുന്ന പോലീസുകാരെ പിരിച്ചു വിടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Thursday 18 July 2019 12:12 pm IST

തിരുവനന്തപുരം: ലോക്കപ്പ് മർദ്ദനങ്ങൾക്കും കസ്റ്റഡി മരണങ്ങൾക്കും ഇടവരുത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നത് ഉൾപ്പെടെയുള്ള മാതൃകാപരമായ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സർക്കാരിന് നിർദ്ദേശം നൽകി. നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ പീരുമേട് സബ്‌ജയിലിലും നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും നടത്തിയ സന്ദർശനത്തിന് ശേഷം ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശത്തിലാണ് ഇക്കാര്യമുള്ളത്. 

ജയിലിൽ പ്രവേശിപ്പിക്കുന്നവരുടെ ശാരീരികാവസ്ഥ രേഖപ്പെടുത്തുന്ന ആധികാരിക രജിസ്റ്റർ പീരുമേട് ജയിലിൽ ഇല്ലെന്ന് കമ്മീഷൻ കണ്ടെത്തി. ജയിലിൽ പ്രതിയെ എത്തിക്കുമ്പോൾ തത്സമയത്തെ ശാരീരികാവസ്ഥയും ആരോഗ്യ സ്ഥിതിയും പരിക്കുകളും പരിശോധിച്ച്  പ്രതിയോട് നേരിട്ട് സംസാരിച്ച് വിവരങ്ങൾ രേഖപ്പെടുത്താൻ ഒരു രജിസ്റ്റർ ജയിലിൽ സൂക്ഷിക്കണം. ജയിൽ ഉദ്യോഗസ്ഥർ രജിസ്റ്ററിലെ ഉള്ളടക്കം സ്വതന്ത്രമായി രേഖപ്പെടുത്തണം. രജിസ്റ്ററിന്റെ  കൃത്യത ഉയർന്ന ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കണം. 

പ്രതികളെ ജയിലിൽ കൊണ്ടുവരുമ്പോൾ അവരെ ഡോക്ടർ കൃത്യമായി പരിശോധിച്ച് രോഗവിരങ്ങളും പരുക്കുകളും  കൃത്യമായി രേഖപ്പെടുത്തിട്ടുണ്ടെന്ന് ജയിൽ ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷൻ, ജയിൽ എന്നിവിടങ്ങളിൽ നിന്നും മെഡിക്കൽ പരിശോധനക്ക് എത്തിക്കുന്നവരെ ഡോക്ടർമാർ കൃത്യമായി പരിശോധിച്ച് നിക്ഷ്പക്ഷമായി റിപ്പോർട്ട് തയ്യാറാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

കുമാറിന്റെ മരണം സ്ഥിരീകരിക്കുന്ന ഡോക്ടർ സർട്ടിഫിക്കേറ്റ് കമ്മീഷൻ ആവശ്യപ്പെട്ടെങ്കിലും സർട്ടിഫിക്കേറ്റ് ലഭിച്ചില്ലെന്ന മറുപടിയാണ് ജയിൽ സൂപ്രണ്ട് നൽകിയത്. കുമാറിനെ ആശുപത്രിയിൽ കൊണ്ടു പോകാൻ ഇടുക്കി എ.ആർ ക്യാമ്പിലേക്ക് എസ്കോർട്ട് ആവശ്യപ്പെട്ട് ജയിൽ അധികൃതർ മെയിൽ അയച്ചതായി മൊഴിയിലുണ്ട്. എന്നാൽ എസ്കോർട്ട് വന്നില്ല. തുടർന്ന് ജൂൺ 18 ന് ജയിൽ ജീവനക്കാർ കുമാറിനെ എസ്കോർട്ടില്ലാതെ ആശുപത്രിയിൽ കൊണ്ടു പോയതായി ജയിലധികൃതർ കമ്മിഷനെ അറിയിച്ചു.

19 നും 20നും കുമാറിനെ എസ്കോർട്ടോടെ കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടു പോയി ചികിത്സിച്ചു. 21 ന് രാവിലെ 10 -20 ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 10.45ന് മരണം സ്ഥിരീകരിച്ചതായി ജയിൽ സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു.  കുമാർ സെല്ലിൽ എത്തുമ്പോൾ തീരെ അവശനായിരുന്നുവെന്നും നടക്കാനോ ഇരിക്കാനോ കഴിയുമായിരുന്നില്ലെന്നും സഹതടവുകാരൻ ചാക്കോ കമ്മീഷനെ അറിയിച്ചു. തന്നെ പോലീസുകാർ ഉപദ്രവിച്ചതായി കുമാർ ഇയാളോട് പറഞ്ഞു.  സെല്ലിൽ എത്തിച്ച ശേഷം ആരും ഉപദ്രവിച്ചിട്ടില്ലെന്നും ചാക്കോയുടെ മൊഴിയിലുണ്ട് . 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.