ജാമ്യം വേണമെങ്കില്‍ ഹിന്ദു പെണ്‍കുട്ടി ഖുറാന്‍ വിതരണം ചെയ്യണമെന്ന് റാഞ്ചി കോടതി; 'ഹിന്ദു മതത്തെ ആക്ഷേപിച്ച മറ്റ് മതസ്ഥരോട് രാമായണം നല്‍കാന്‍ പറഞ്ഞിട്ടുണ്ടോ'; ഒടുവില്‍ മതംമാറാന്‍ പറയുമോയെന്നും വിദ്യാര്‍ത്ഥിനി

Tuesday 16 July 2019 9:42 pm IST

ന്യൂദല്‍ഹി: മുസ്ലിം മതവിഭാഗത്തെ ആക്ഷേപിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന കേസില്‍ ജാമ്യം അനുവദിക്കുന്നതില്‍ വിവാദ നിലപാടുമായി റാഞ്ചി കോടതി. പ്രതിയും വിദ്യാര്‍ത്ഥിനിയുമായ റിച്ച ഭാരതി ഖുറാന്‍ വിതരണം ചെയ്യണമെന്ന് ജാമ്യാപേക്ഷയില്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌  മനീഷ് സിംഗ് നിര്‍ദ്ദേശിച്ചു. പോലീസിന്റെയും അധികൃതരുടെയും സാന്നിധ്യത്തില്‍ സദര്‍ അഞ്ജുമാന്‍ ഇസ്ലാമിയ കമ്മറ്റിക്കും നാല് സ്‌കൂള്‍, കോളേജ് ലൈബ്രറികള്‍ക്കുമാണ് മുസ്ലിം മതഗ്രന്ഥം നല്‍കേണ്ടത്. 

15 ദിവസത്തിനുള്ളില്‍ ഇതിന്റെ രസീത് കോടതിയില്‍ ഹാജരാക്കണം. കോടതി നിര്‍ദ്ദേശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി റിച്ച ഭാരതി രംഗത്തെത്തി. നിര്‍ദ്ദേശം അംഗീകരിക്കില്ല. ഇന്ന് ഖുറാന്‍ വിതരണം ചെയ്യാനാണ് പറഞ്ഞതെങ്കില്‍ നാളെ നമാസ് ചെയ്യാനും മുസ്ലിമിലേക്ക് മതംമാറാനുമാകും ആവശ്യപ്പെടുക. ഹിന്ദു മതവിശ്വാസത്തെ ആക്ഷേപിച്ച മറ്റ് മതസ്ഥരോട് എന്നെങ്കിലും രാമായണം നല്‍കാനോ വായിക്കാനോ പറഞ്ഞിട്ടുണ്ടോയെന്നും അവര്‍ ചോദിച്ചു. 

അടുത്തിടെ ഝാര്‍ഖണ്ഡില്‍ മോഷണത്തിനിടെ അറസ്റ്റിലായി പോലീസ് കസ്റ്റഡിയില്‍ തബ്രേസ് അന്‍സാരിയെന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. അന്‍സാരിയുടെ മകന്‍ പ്രതികാരം ചെയ്താല്‍ മുസ്ലിങ്ങളെ തീവ്രവാദികളെന്ന് വിളിക്കരുതെന്ന് ചില ടിക് ടോക് താരങ്ങള്‍ നടത്തിയ പരാമര്‍ശത്തിനെതിരെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ ഹിന്ദു സംഘടനകള്‍ പ്രദേശത്ത് വന്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.