'ബിജെപിക്കാരല്ല, പിന്നില്‍ നിന്ന് കുത്തിയത് വിമതര്‍'; ജെഡിഎസ് എംഎല്‍എമാര്‍ ചതിച്ചെന്ന് ഡി.കെ ശിവകുമാര്‍; കര്‍ണ്ണാടക നിയമസഭയില്‍ തമ്മിതല്ലി ഭരണപക്ഷം

Tuesday 23 July 2019 5:57 pm IST

ബെംഗളൂരു: കര്‍ണാടകയിലെ സഖ്യകക്ഷി സര്‍ക്കാരിന്റെ അന്ത്യത്തോട് അടുത്തപ്പോള്‍ നിയമസഭയില്‍ പരസ്പരം വെല്ലുവിളിയുമായി ഭരണകക്ഷി അംഗങ്ങള്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍ നയമസഭയില്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.  വിമത എംഎല്‍എമാര്‍ കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയെന്ന് അദ്ദേഹം പറഞ്ഞു. 'ബിജെപി നേതാക്കളല്ല എന്നെ പിന്നില്‍ നിന്ന് കുത്തിയത്, ഇപ്പോള്‍ മുംബൈയിലുള്ള വിമത എംഎല്‍എമാരാണ'്.-അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. 

'നിങ്ങള്‍ പേടിക്കേണ്ടതില്ല, അവര്‍ ഇത് എല്ലാവരോടും ചെയ്യും. അവര്‍ക്ക് മന്ത്രിമാരാകാന്‍ സാധിക്കില്ല, ഞാന്‍ നിങ്ങളോട് പറയുകയാണ്.ഞങ്ങള്‍ക്ക് എംഎല്‍എമാരെ പൂട്ടിവയ്ക്കാമായിരുന്നില്ലേ? പക്ഷേ ഞങ്ങളത് ചെയ്തില്ല, കാരണം ഞങ്ങളവരെ വിശ്വസിച്ചിരുന്നു. അവരെ ഇവിടെ കൊണ്ടുവരൂ', അവര്‍ സര്‍ക്കാരിന് എതിരായി വോട്ട് ചെയ്യട്ടെയെന്ന് അദേഹം പറഞ്ഞു. വിമത ജെഡിഎസ് എംഎല്‍എമാര്‍ക്കെതിരെയും ശിവകുമാര്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ചതിയന്‍മാരാണ് ഇവര്‍ എന്നും അദേഹം പറഞ്ഞു. 

അതേസമയം, വോട്ടെടുപ്പ് നടത്താതെ രാജിപ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് മുഖ്യമന്ത്രി കുമാരസ്വാമിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.  ഇന്നു വൈകിട്ട് ആറു മണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാനുള്ള സ്പീക്കറുടെ അന്ത്യശാസനം നിലനില്‍ക്കെയാണ് രാജി നീക്കതിന് കുമാരസ്വാമി തയാറെടുക്കുന്നത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് സഖ്യ സര്‍ക്കാരിന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് അവസാന പ്രസംഗം നടത്തി കുമാരസ്വാമി രാജി വയ്ക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇപ്പോള്‍ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ സഖ്യ സര്‍ക്കാരിന് കേവലം 100 എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് ഉണ്ടാകുക. എന്നാല്‍, ബിജെപിക്കാകട്ടെ 105 എംഎല്‍എമാരുടെ പിന്തുണയുണ്ടാകും. വിമത എംഎല്‍എമാര്‍ സഭയില്‍ എത്താത്തതാണ് സഖ്യ സര്‍ക്കാരിന് തിരിച്ചടിയായത്നിയമസഭയില്‍ കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണെന്നും വിശ്വാസ വോട്ടെടുപ്പില്‍ അവര്‍ പരാജയപ്പെടുമെന്നുമാണ് ബിജെപി പറയുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ സഖ്യ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും. 

കഴിഞ്ഞ വ്യാഴാഴ്ചയാണു സഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. അതിനു ശേഷം സഭയിലും പുറത്തും നടന്നത് രാഷ്ട്രീയ നാടകങ്ങളായിരുന്നു. വോട്ടെടുപ്പ് നടത്താതെ ചര്‍ച്ച അനുവദിച്ച് ആറു ദിവസം പിന്നിട്ട ശേഷമാണ് വോട്ടെടുപ്പ് നടത്താതെ സര്‍ക്കാര്‍ രാജിക്കൊരുങ്ങുന്നത്. ഗവര്‍ണര്‍ നല്‍കിയ അന്ത്യശാസനവും സ്പീക്കറും സര്‍ക്കാരും പലതവണ തള്ളിയിരുന്നു. അനിവാര്യമായ പതനം മുന്നില്‍ കണ്ടതോടെ വിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടത്താതെ സ്ഥാനം ഒഴിയാനുള്ള നീക്കമാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ നടത്തുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.