ഭക്തിയോടെ കര്‍മം അനുഷ്ഠിക്കുക

Thursday 19 September 2019 3:02 am IST
വിദ്യാഭ്യാസമുള്ളവനും ഇല്ലാത്തവനും പണ്ഡിതനും പാമരനും അവനവന്‍ അനുഷ്ഠിക്കുന്ന കര്‍മം ഭക്തിശ്രദ്ധയോടെ അനുഷ്ഠിച്ചാല്‍ അവനും പരമമായ അവസ്ഥ കൈവരിക്കാനാകുമെന്നു മാത്രമല്ല, ഈ സമൂഹത്തിന് അവന്‍ ചെയ്യുന്ന കര്‍മത്തിന്റെ ഫലം വളരെയേറെ പ്രയോജനപ്പെടുകയും ചെയ്യും.

 

കര്‍മ സംന്യാസയോഗം

സംന്യാസം സ്വീകരിച്ച് ഒരു യോഗിയെപ്പോലെ ജീവിക്കുന്നതാണോ ശ്രേഷ്ഠം അഥവാ ഒരു കര്‍മയോഗിയായി ജീവിക്കുന്നതാണോ ശ്രേഷ്ഠം എന്ന അര്‍ജുനന്റെ ചോദ്യത്തിന് ശ്രീകൃഷ്ണന്‍ വിശദീകരണം നല്‍കുന്നു. സംന്യാസവും കര്‍മയോഗവും ശ്രേഷ്ഠം  തന്നെയാണെങ്കിലും കര്‍മനിരതരാകേണ്ടവര്‍ കര്‍മ യോഗത്തിലൂടെ ചരിക്കണം. ഒരു കര്‍മയോഗി കര്‍മത്തില്‍ ബന്ധമുള്ളപ്പോഴും കര്‍മഫലത്തില്‍ ബന്ധിതനാകാതെ മുന്നേറണം. മാത്രമല്ല, സാംഖ്യയോഗവും (ജ്ഞാനയോഗവും ) കര്‍മയോഗവും പരസ്പര പൂരകമാണ്. അവ രണ്ടും വിരുദ്ധങ്ങളല്ല. രണ്ടിന്റേയും ലക്ഷ്യം ഒന്നുതന്നെ. കര്‍മമാര്‍ഗത്തിലൂടെയല്ലാതെ ജ്ഞാനയോഗിയാകാന്‍ ആര്‍ക്കും സാധ്യമല്ല. മനസ്സിനെ പൂര്‍ണ നിയന്ത്രണത്തില്‍ കൊണ്ടുവന്ന കര്‍മയോഗിക്ക് ഒരു കര്‍മവും സ്വയം ചെയ്യുന്നു എന്ന തോന്നലുണ്ടാകില്ല. ബന്ധനങ്ങളില്ലാതെ സിദ്ധിയുടെ മാര്‍ഗത്തിലേക്കു തന്നെ അവര്‍ പ്രയാണം ചെയ്യുന്നു. ഈ കര്‍മഫലത്യാഗമാണ് കര്‍മയോഗിയുടെ കര്‍മവും ലക്ഷ്യവും ലക്ഷണവും മാര്‍ഗവുമെല്ലാം. 

ഈശ്വരന്‍ കര്‍മത്തിന്റെ സദ്ഫലത്തേയോ ദുഷ്ഫലത്തേയോ തരുന്നില്ല. അതുകൊണ്ടുതന്നെ ഇൗശ്വരന്‍ പാപപുണ്യങ്ങളുടേയും നരകസ്വര്‍ഗങ്ങളുടേയും ഉടമസ്ഥനോ ദാതാവോ അല്ല. ദാതാവാണെന്ന തെറ്റിദ്ധാരണയുമുണ്ടാകരുത്. ഈ അറിവാണ് പാണ്ഡിത്യത്തിലേക്ക് നയിക്കുന്നത്. പണ്ഡിതന് എല്ലാം ഒരേപോലെയാണ്. 

പരമമായ ആത്മചൈതന്യം ഒന്നിനേയും ബന്ധിക്കുന്നില്ല. അതിന് ഇഷ്ടാനിഷ്ടങ്ങളില്ല. നന്മതിന്മകളുമില്ല. ജ്ഞാനയോഗിയും കര്‍മയോഗിയും ഈ പരമാത്മചൈതന്യത്തെ ആത്മാനന്ദത്തിന്റെ അനുഭൂതിയിലൂടെ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു. ആ യോഗി അത്യാഗ്രഹത്തില്‍ നിന്നും ദ്വേഷങ്ങളില്‍നിന്നും ശാശ്വതമോചനം നേടിയവനുമായിരിക്കും. അവര്‍ ബ്രഹ്മജ്ഞാനിയുടെ നിലവാരത്തിലേക്ക് ഉയരുന്നു. അതിനാല്‍ ജ്ഞാനയോഗിയും കര്‍മയോഗിയും   ഒരേ പദത്തിലെത്തുന്നു. കര്‍മപന്ഥാവ് ജ്ഞാനപന്ഥാവിനേക്കാള്‍ സാമാന്യജനതയ്ക്ക് എളുപ്പമാണെന്നും സ്മരിക്കണം. വിദ്യാഭ്യാസമുള്ളവനും ഇല്ലാത്തവനും പണ്ഡിതനും പാമരനും അവനവന്‍ അനുഷ്ഠിക്കുന്ന കര്‍മം ഭക്തിശ്രദ്ധയോടെ അനുഷ്ഠിച്ചാല്‍ അവനും പരമമായ അവസ്ഥ കൈവരിക്കാനാകുമെന്നു മാത്രമല്ല, ഈ സമൂഹത്തിന് അവന്‍ ചെയ്യുന്ന കര്‍മത്തിന്റെ ഫലം വളരെയേറെ പ്രയോജനപ്പെടുകയും ചെയ്യും.  

ആത്മസംയമന യോഗം

കര്‍മത്തില്‍ ബന്ധം നിലനിര്‍ത്തിക്കൊണ്ടു തന്നെ എന്നാല്‍ കര്‍മത്തിലും കര്‍മഫലത്തിലും കര്‍മത്തിന്റെ പ്രതിഫലത്തിലും ബന്ധനമില്ലാത്ത ഒരു കര്‍മയോഗി സംന്യാസിയുമാണ് യോഗിയുമാണ്. അതിഗഹനമായി വിശകലനം ചെയ്താല്‍ സംന്യാസം തന്നെയാണ് കര്‍മയോഗമെന്നും വ്യക്തമാകും. യോഗിയുടെ പരമമായ അവസ്ഥയിലെത്തിയവന് ഒന്നിനോടും ബന്ധനമില്ല തന്നെ. 

 അവനവനെ അവനവന്‍ ഉയര്‍ത്തണം. അവനവനെ അവനവന്‍ തന്നെ അപകീര്‍ത്തിപ്പെടുത്തരുത്. അവനവന്റെ ബന്ധുവും ശത്രുവും അവനവന്‍ തന്നെയാണ്. നന്മ നിറഞ്ഞ മനസ്സ് ബന്ധുവും തിന്മ നിറഞ്ഞ മനസ്സ് ശത്രുവുമായിത്തീരുന്നു. പരമാത്മ ചൈതന്യം പരിശുദ്ധമായ അറിവായി നിലനില്‍ക്കുന്നു. ഇന്ദ്രിയങ്ങളുടെ സ്വാധീനത്തില്‍ നിന്ന് മോചിതനായവന് മാത്രമേ ആത്മസാക്ഷാത്ക്കാരം സാധ്യമാകൂ. അങ്ങനെയുള്ള വ്യക്തിക്ക് ധ്യാനമാര്‍ഗവും എളുപ്പമായിത്തീരുന്നു. 

 

                                                                ഭഗവത്ഗീതാ സന്ദേശം നിത്യജീവിതത്തില്‍നിന്ന് എന്ന പുസ്തകത്തില്‍ നിന്ന്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.