പാലക്കാട് എട്ട് നായ്ക്കള്‍ വെടിയേറ്റു ചത്ത നിലയില്‍; തീവ്രവാദ സംഘടനകള്‍ പരിശീലനം നടത്തിയതാണോയെന്ന് സംശയം; പോലീസ് അന്വേഷണം ആരംഭിച്ചു

Wednesday 21 August 2019 5:48 pm IST

പാലക്കാട്: ജില്ലയിലെ കുളപ്പുള്ളിയില്‍ എട്ട് നായ്ക്കളെ വെടിയേറ്റ് ചത്ത നിലയില്‍ കണ്ടെത്തി. ആലിന്‍ ചുവട് ഹെല്‍ത്ത് സെന്റര്‍ പരിസരത്താണ് നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയത്. ബൈക്കിലെത്തിയ സംഘം വെടിവെച്ച് പരിശീലനം നടത്തിയതാണോയെന്ന് സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.  നഗരസഭ ജീവനക്കാരാണ് കഴിഞ്ഞ ദിവസം രാവിലെ സംഭവം കണ്ടത്. തുടര്‍ന്ന് നഗരസഭ സെക്രട്ടറി പോലിസില്‍ വിവരം അറിയിച്ചു. ഷൊര്‍ണൂര്‍ പോലിസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നായ്ക്കളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ തൃശൂര്‍ മണ്ണുത്തി വെറ്റിനറി കേന്ദ്രത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്.റിപ്പോര്‍ട്ട് കിട്ടിയാലെ ഏത് തരം തോക്കാണ് ഉപയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരൂ എന്നാണ് പോലിസ് പറയുന്നത്.

വെടിവെപ്പ് പരിശീലനം നടത്തിയതാണോ എന്ന നിഗമനമാണ് പ്രദേശവാസികള്‍ പങ്കുവെക്കുന്നത്. നായ്ക്കളുടെ ഒരേ ഭാഗത്ത് തന്നെയാണ് വെടിയേറ്റിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ള ഗ്രൂപ്പുകളാണോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഏത് തരം തോക്കാണ് ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഷൊര്‍ണ്ണൂര്‍ മുനിസിപ്പല്‍ സെക്ടറിയുടെ പരാതിയില്‍ മൃഗങ്ങളോടുള്ള ക്രൂരത പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നേരത്തെ ഈ പ്രദേശത്ത് നായ്ക്കള്‍ക്ക് വ്യാപകമായി വെട്ടേറ്റിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.