ചുഴലിക്കാറ്റുകള്‍ക്കു നേരേ ആണവബോംബുകള്‍ പ്രയോഗിച്ചു കൂടെയെന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ആശയം തള്ളാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍

Monday 26 August 2019 2:08 pm IST

 

വാഷിങ്ടണ്‍: ചുഴലിക്കാറ്റുകള്‍ക്ക് നേരെ ആണവ ബോംബുകള്‍ പ്രയോഗിക്കണമെന്ന് നിര്‍ദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദേശീയ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിലാണ് ചുഴലിക്കാറ്റിന്റെ ഭീഷണിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് പറഞ്ഞതായി അമേരിക്കന്‍ വാര്‍ത്താ വെബ്‌സൈറ്റായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തത്. ഹോംലാന്‍ഡ് സെക്യൂരിറ്റി, നാഷണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയ്ക്കിടെയാണ് ട്രംപ് സുപ്രധാനമായ ആശയം മുന്നോട്ടുവച്ചത്. ആഫ്രിക്കന്‍ തീരത്തിനു സമീപത്തുനിന്ന് രൂപം കൊള്ളുന്ന ചുഴലിക്കാറ്റിനെ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിച്ച് യുഎസില്‍ പ്രവേശിക്കുന്നതിനു മുന്‍പ് കേന്ദ്ര ഭാഗത്ത് ബോംബിട്ട് എന്തുകൊണ്ട് തകര്‍ത്തുകൂടായെന്നു ട്രംപ് ഉദ്യോഗസ്ഥരോട് ആരാഞ്ഞു. ട്രംപിന്റെ നിര്‍ദേശത്തെ പൂര്‍ണമായി തള്ളാതെ തന്നെയാണു ചര്‍ച്ചയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരും പ്രതികരിച്ചത്.

1950ല്‍ യുഎസ് പ്രസിഡന്റ് ഡി.ഡി ഐസെനോവറിന്റെ കാലത്തും ഇത്തരം അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നിരുന്നുവെങ്കിലും അധികം പഠനങ്ങളും ഗവേഷണങ്ങളും ഈ വിഷയത്തില്‍ നടന്നില്ല. ഈ ആശയം ശാസ്ത്രജ്ഞര്‍ പൂര്‍ണമായി തള്ളിക്കളയുന്നുമില്ല. പ്രസിഡന്റിന്റെ അനൗദ്യോഗിക സംഭാഷണങ്ങളില്‍ നിലപാട് അറിയിക്കാന്‍ സാധിക്കില്ലെന്നായിരുന്നു വൈറ്റ്ഹൗസ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കുന്നത് ഇതാദ്യമല്ല. 2017 ല്‍ ട്രംപ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനോട് സമാനമായ ചോദ്യം ചോദിച്ചിരുന്നു. ഈ സംഭാഷണത്തില്‍ ആണവ ബോംബുകള്‍ ഉപയോഗിക്കണമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ലെന്ന് യുഎസ് വെബ്‌സൈറ്റ് പറഞ്ഞു.അഭിപ്രായം പറയാന്‍ വൈറ്റ് ഹൗസ് വിസമ്മതിച്ചു, എന്നാല്‍ ട്രംപിന്റെ ''ലക്ഷ്യം മോശമല്ല'' എന്ന് ഒരു മുതിര്‍ന്ന അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഓരോ വര്‍ഷവും യുഎസിനെ ചുഴലിക്കാറ്റ് സാരമായി ബാധിക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും കോടികണക്കിന് ഡോളര്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.