തരംതാഴരുത് 'കമ്മി'പോസ്റ്റുകളിലേക്ക്

Tuesday 22 October 2019 3:25 am IST
ഒരു മന്ത്രി സാധാരണ കമ്മിനിലവാരത്തിലേക്ക് താഴുന്നത് എന്തിനുവേണ്ടിയാണെങ്കിലും അംഗീകരിക്കാനാവുന്നതല്ല. തോമസ് ഐസക്കിന്റെ പോസ്റ്റുകളില്‍ ഏറ്റവും പുതിയത് വിനായക ദാമോദര സവര്‍ക്കറെ അവഹേളിച്ച് കമ്മി നുണപ്രചാരണത്തിന്റെ മറപിടിച്ചുള്ളതാണ്. സത്യനിഷേധമായ ഇത്തരം നുണപ്രചാരണങ്ങള്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുനേരെയുള്ള വിരല്‍ചൂണ്ടലായേ കാണാന്‍ സാധിക്കൂ.

ജനാധിപത്യത്തിലും അതിലൂടെ ഉണ്ടായിവരുന്ന ഭരണകൂടത്തിലും വിശ്വസിക്കുന്നവരാണ് നമ്മളൊക്കെ. ആ ഭരണകൂടവും അതിന്റെ ഭാഗമായ മന്ത്രിമാരും രാഷ്ട്രീയത്തിനതീതമായി നിലകൊള്ളുമെന്നും നാമൊക്കെ പ്രതീക്ഷിക്കുന്നു. എന്നാല്‍ നിരന്തരം ഈ വിശ്വാസത്തിന് കളങ്കംവരുത്തുന്ന നിലപാടുകളാണ് തോമസ് ഐസക്കിനെപോലുള്ള മന്ത്രിമാര്‍ അവരുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍കൂടി നടത്തുന്നത്. ഒരു മന്ത്രി സാധാരണ കമ്മിനിലവാരത്തിലേക്ക് താഴുന്നത് എന്തിനുവേണ്ടിയാണെങ്കിലും അംഗീകരിക്കാനാവുന്നതല്ല. തോമസ് ഐസക്കിന്റെ പോസ്റ്റുകളില്‍ ഏറ്റവും പുതിയത് വിനായക ദാമോദര സവര്‍ക്കറെ അവഹേളിച്ച് കമ്മി നുണപ്രചാരണത്തിന്റെ മറപിടിച്ചുള്ളതാണ്. 

ഒപ്പമുണ്ടായിരുന്ന അന്‍പതുപേരെ കൊലയ്ക്ക് കൊടുത്തശേഷവും കൈകള്‍ മുകളില്‍ ഉയര്‍ത്തി നിറതോക്കുകളുമായി 'ഞാന്‍ ചെഗുവേര, എന്നെ കൊല്ലരുത്, മരിച്ച എന്നെക്കാള്‍ നിങ്ങള്‍ക്ക് ഗുണം ജീവനുള്ള എന്നെയാണ്' എന്ന് യാചിച്ച് ജീവനുവേണ്ടി കേണ ചെഗുവേരയാണ് തോമസ് ഐസക്കിന്റെ ഹീറോ എന്നത് മറക്കുന്നില്ല. അതുകൊണ്ടുതന്നെ മറുപടി അര്‍ഹിക്കുന്നുമില്ല. എങ്കിലും ഈ രാജ്യത്തെ പൗരനെന്ന നിലയില്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുനേരെ വരുന്ന ഇത്തരം നുണപ്രചാരണങ്ങളെ പ്രതിരോധിക്കേണ്ട ബാധ്യത ഉള്ളതുകൊണ്ടുമാത്രം ആ പോസ്റ്റിലൂടെ ഒന്ന് കയറി ഇറങ്ങിപോകുന്നു. ആദ്യമായി ഐസക്ക് പറഞ്ഞുവയ്ക്കുന്നത് സവര്‍ക്കര്‍ സ്വയം 'വീര്‍' എന്നു വിളിക്കാന്‍ തുടങ്ങിയെന്നാണ്. കമ്മി ക്ലോസറ്റ് സാഹിത്യങ്ങള്‍മാത്രം വായിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന്റെ പ്രശ്‌നമാണിത്. ലഭ്യമായ ഏതു തെളിവുകള്‍ വച്ച് നോക്കിയാലും 1921ല്‍തന്നെ സവര്‍ക്കര്‍ വീര്‍ സവര്‍ക്കര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയിരുന്നു. മറാത്തിപത്രം ഭാലയുടെ പത്രാധിപരായിരുന്ന ബി.ബി. ഭൊപ്പ്റ്റാഗറാണ് ആദ്യമായി സവര്‍ക്കറെ വീര്‍ എന്ന് വിളിച്ചുതുടങ്ങിയത്. അടുത്തതായി ഐസക്കിന്റെ ആരോപണം ശിക്ഷയെ എക്കാലവും സവര്‍ക്കര്‍ക്ക് ഭയമായിരുന്നു എന്നതാണ്. മഹാത്മാഗാന്ധി കമ്യൂണിസ്റ്റുകള്‍ക്ക് എല്ലാകാലത്തും വര്‍ഗവഞ്ചകനും ബൂര്‍ഷ്വയുമാണ് എന്ന കാര്യം ഓര്‍ത്തുകൊണ്ടുതന്നെ 1921 മെയ് 18ന് ഗാന്ധിജി യങ് ഇന്ത്യയില്‍ എഴുതിയത് ക്വോട്ട് ചെയ്യുന്നു 'ഭാരതം ഇന്നൊരു അപകട സന്ധിയിലാണ്. അവള്‍ യഥാസമയം ഉണര്‍ന്നില്ലെങ്കില്‍ അവളുടെ ഏറ്റവും വിശ്വസ്തരായ രണ്ട് മക്കളെ അവള്‍ക്ക് നഷ്ടമായേക്കാം. അതിലൊരു സഹോദരനെ എനിക്കറിയാം. അയാളെ ഞാന്‍ ലണ്ടനില്‍വച്ച് കണ്ടിട്ടുണ്ടെന്ന് പറയാന്‍ സന്തോഷമുണ്ട്. അദ്ദേഹം ധീരനാണ്, ദേശാഭിമാനിയാണ്. അയാളൊരു വിപ്ലവകാരിയാണെന്ന് നിര്‍വ്യാജം പറയാന്‍ എനിക്കുകഴിയും. ആപത്ത് അതിന്റെ ഏറ്റവും നികൃഷ്ടമായ രൂപത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ കുടിയിരിക്കുന്നത് എന്നെക്കാള്‍ വളരെമുന്‍പേ അയാള്‍ മനസ്സിലാക്കി. ഭാരതത്തെ അങ്ങേയറ്റം സ്‌നേഹിച്ചതിനാല്‍ അയാളിന്ന് ആന്‍ഡമാന്‍ ജയിലിലാണ്.' 

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ സവര്‍ക്കറെപോലെ ശിക്ഷിക്കപ്പെട്ട ഒരു നേതാവില്ല എന്നതാണ് സത്യം. കാലാപാനിയില്‍ ആദ്യത്തെ ആറുമാസം സവര്‍ക്കര്‍ക്ക് ഏകാന്തതടവായിരുന്നു, പിന്നെ അത് ശിക്ഷ എന്ന നിലയില്‍ ഇടയ്ക്കിടെ കിട്ടി. കൈകള്‍ ഭിത്തിയില്‍ കൊളുത്തിയിട്ട് കൈവിലങ്ങില്‍ പൂട്ടി തുടര്‍ച്ചയായി ഏഴുദിവസം നില്‍ക്കേണ്ടിവന്നിട്ടുണ്ട്. കഴുത്തിലെ ചങ്ങല വലയങ്ങളില്‍ കൈകാലുകള്‍ പൂട്ടിയിടുന്ന ചെയിന്‍ഗോഗും ധരിച്ച് നാല് മാസം ജീവിക്കേണ്ടിവന്നു. ആന്‍ഡമാനില്‍ ലഭ്യമായിരുന്ന എല്ലാ ശിക്ഷകളും സവര്‍കര്‍ക്ക് കിട്ടിയിരുന്നു എന്ന് ജയില്‍രേഖകള്‍ നോക്കിയാല്‍ അറിയാം. ആദ്യത്തെ രണ്ടുവര്‍ഷങ്ങളില്‍ എട്ടുതവണയാണ് സവര്‍ക്കര്‍ ശിക്ഷിക്കപ്പെട്ടത്. പോരാത്തതിന് എണ്ണയാട്ടുന്ന ചക്കിലെ ജോലി, രാവിലെ മുതല്‍ വൈകുന്നേരംവരെ കാളയെപോലെ ചക്കും ചുമലില്‍വച്ച് എണ്ണയാട്ടണം. വീട്ടിലേക്ക് വര്‍ഷത്തില്‍ ഒരിക്കലാണ് എഴുത്തുപോലും! അതിനെയൊക്കെ ധീരതയോടെ നേരിട്ട വ്യക്തിയെയാണ്, അറസ്റ്റുപേടിച്ച് നെഞ്ചുവേദന അഭിനയിച്ച നേതാക്കളുള്ള പാര്‍ട്ടിക്കാര്‍ വിമര്‍ശിക്കാന്‍ നോക്കുന്നത്. 

അടുത്തതായി തന്റെ വാദങ്ങള്‍ സമര്‍ഥിക്കാന്‍ ഐസക്ക് പറയുന്നത് 'ഏതാണ്ട് എണ്‍പതിനായിരത്തോളംപേരെ ബ്രിട്ടീഷുകാര്‍ ആന്‍ഡമാന്‍ ജയിലില്‍ അടച്ചെന്ന കണക്ക്. അപൂര്‍വം പേരെ ജീവനോടെ തിരിച്ചുവന്നിട്ടുള്ളൂ' എന്നാണ്. എന്നാല്‍ എന്താണ് സത്യമെന്നുനോക്കാം. ആന്‍ഡമാനില്‍നിന്നും പുറത്തുവരാന്‍ തടവുകാര്‍ക്ക് ഉണ്ടായിരുന്ന ഒരേ ഒരുമാര്‍ഗം 'ദയാഹര്‍ജിയാണ്' അതല്ലെങ്കില്‍ ഇടയ്ക്കിടെ ഗവണ്‍മെന്റ് നല്‍കുന്ന പൊതുമാപ്പാണ്. സവര്‍ക്കര്‍ ജയിലിലായശേഷം ആന്‍ഡമാനില്‍നിന്നും പൊതുമാപ്പുനല്‍കി തടവുകാരെ വിട്ടയക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് ബോംബെ ഗവണ്‍മെന്റ് പറഞ്ഞത്, ആരെ വിട്ടയക്കുന്നതിനും വിരോധമില്ല. 'അപകടകാരികളായ സവര്‍ക്കര്‍ സഹോദരങ്ങളെ വിട്ടയക്കരുത്' എന്നാണ്. 

സചീന്ദ്രനാഥ് സന്യാല്‍ സാക്ഷാല്‍ ഭഗത്‌സിങ്ങിന്റെ സംഘടനയായിരുന്ന ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ സ്ഥാപകനായിരുന്നു. അദ്ദേഹം ആന്‍ഡമാന്‍ തടവറയില്‍നിന്നും ദയാഹര്‍ജി നല്‍കി മോചിതനായി. സന്യാല്‍ തന്റെ 'ബന്ദി ജീവന്‍' എന്ന പുസ്തകത്തിലെ 226-ാം പേജില്‍ പറയുന്നു. 'ഞാന്‍ വാഗ്ദാനം ചെയ്ത അതേ സഹകരണം തന്നെയാണ് സവര്‍ക്കറും നല്‍കിയത്, പക്ഷെ എന്റെ ഹര്‍ജി സ്വീകരിക്കുകയും സവര്‍ക്കറുടെ തള്ളുകയുംചെയ്തത് എന്തുകൊണ്ട് എന്നറിയില്ല. ദയാഹര്‍ജിയും വിട്ടയയ്ക്കലും മുറപോലെ നടന്നെങ്കിലും അതൊക്കെ ബാധകമല്ലാത്തത് സവര്‍ക്കര്‍ സഹോദരങ്ങള്‍ക്ക് മാത്രമായിരുന്നു.  

കാലാകാലങ്ങളായി കമ്മികള്‍ പ്രചരിപ്പിക്കുന്ന ഒരു നുണയാണ് സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്ത് ജയിലില്‍നിന്ന് ഇറങ്ങിയെന്ന്. സവര്‍ക്കറിന്റെ ദയാഹര്‍ജികളെപറ്റി വൈസ്രോയി കൗണ്‍സിലിലെ ഹോം മിനിസ്റ്റര്‍ കാര്‍ഡോക്ക് എഴുതിയ വാചകത്തിന്റെ ഒന്നാം ഭാഗമാണ് പലയിടത്തും നൂറാണി അടക്കമുള്ളവര്‍ ക്വോട്ട് ചെയ്തിരിക്കുന്നത്. 'Savarkar's petition is one of mercy. He cannot be said to express any regret or repentance'(ദയാഹര്‍ജി കൊടുത്തെങ്കിലും അയാള്‍ക്ക് ചെയ്തകാര്യങ്ങളില്‍ ഒരല്‍പംപോലും പശ്ചാത്താപമോ സങ്കടമോ ഇല്ല എന്നാണ്). അതായത് സവര്‍ക്കറും ദയാഹര്‍ജികള്‍ കൊടുത്തെങ്കിലും ഒരിക്കല്‍പോലും പശ്ചാത്താപമോ സങ്കടമോ പ്രകടിപ്പിക്കാന്‍ തയ്യാറായിരുന്നില്ല എന്നുതന്നെ. ഇതൊന്നുമില്ലാതെ എന്ത് മാപ്പപേക്ഷ? മുഴുവന്‍ ദയാഹര്‍ജികളും തള്ളപ്പെട്ടുവെന്ന് മാത്രമല്ല, എല്ലാ തടവുകാര്‍ക്കും ബ്രിട്ടണ്‍ അനുവദിച്ച 'രാജകീയ പൊതുമാപ്പ്' സവര്‍ക്കര്‍ സഹോദരങ്ങള്‍ക്ക് മാത്രം കൊടുക്കേണ്ടെന്ന് തീരുമാനിച്ചു ബോംബെ സര്‍ക്കാര്‍. തന്നെ ഇന്ത്യയിലെ ജയിലിലേക്ക് മാറ്റണമെന്ന ആദ്യ ദയാഹര്‍ജിയോടും ജ്യേഷ്ഠനെയെങ്കിലും വിടണമെന്ന അവസാന ദയാഹര്‍ജിയും ബ്രിട്ടണ്‍ തള്ളി. അവസാന ദയാഹര്‍ജിയില്‍ ബോംബെ സര്‍ക്കാര്‍ 1920 ജൂണ്‍ 19ന് കൊടുത്ത മറുപടിയുടെ ഭാഷ കണ്ടാല്‍ ബ്രിട്ടന് സവര്‍ക്കറെ പറ്റിയുള്ള നിലപാട് വ്യക്തമാകും. 'സവര്‍ക്കര്‍ സഹോദരന്മാരെ വിട്ടയക്കേണ്ടാ എന്ന മുന്‍തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു. ബംഗാള്‍ സര്‍ക്കാര്‍ വിട്ടയച്ച ബരീന്ദ്രനാഥ് ഘോഷിനെ പോലുള്ളവരുടെ പ്രവര്‍ത്തികളുടെ വെളിച്ചത്തില്‍ സവര്‍ക്കറെപോലുള്ള 'ക്രിമിനലുകളെ' വിട്ടയക്കുന്നതില്‍ ഒരു ഗുണവും ഇല്ലെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു. 'പതിനൊന്ന് വര്‍ഷത്തെ ശിക്ഷയ്ക്കുശേഷം 1921ല്‍ സവര്‍ക്കറെ ഇന്ത്യന്‍ ജയിലിലേക്ക് മാറ്റാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. എന്നാല്‍ ബോംബെസര്‍ക്കാര്‍ അതിനെ എതിര്‍ത്തു. സവര്‍ക്കറിന്റെ സാന്നിധ്യംതന്നെ വിപ്ലവം ആളിക്കത്തിക്കും എന്നവര്‍ ഭയന്നു. അതുകൊണ്ടുതന്നെ ബോംബെയിലേക്ക് അയയ്ക്കുന്നതിനുപകരം രത്‌നഗിരിയെന്ന ഒറ്റപ്പെട്ട കുഗ്രാമത്തില്‍ സവര്‍ക്കര്‍ വീണ്ടും തടവുകാരനായി. രാഷ്ട്രീയപ്രവര്‍ത്തനവും രത്‌നഗിരിക്ക് വെളിയിലേക്കുള്ള യാത്രയും തടയപ്പെട്ടു. പതിമൂന്നു വര്‍ഷത്തെ കാലാപ്പാനി ജയില്‍ജീവിതത്തിനുശേഷവും സവര്‍ക്കറെ ബ്രിട്ടീഷ്ഭരണകൂടം ഭയന്നുവെന്നതിന് മറ്റെന്ത് തെളിവുവേണം?

ഇത്രയേറെ ജയില്‍വാസമനുഭവിച്ചത് സവര്‍ക്കര്‍ മാത്രമല്ലല്ലോ എന്ന് പലരും ചോദിച്ചേക്കാം. അത് മനസ്സിലാക്കാന്‍ നെഹ്‌റുവിന്റെയും ഇഎംഎസ് നമ്പൂതിരിപ്പാടിന്റെയും ജയില്‍വാസം ഒന്ന് നോക്കാം. 24 വര്‍ഷത്തിനിടയില്‍ പന്ത്രണ്ട് തവണയായി 9 വര്‍ഷമാണ് നെഹ്റു ജയില്‍വാസം അനുഭവിച്ചത്. വീട്ടില്‍നിന്ന് പഴങ്ങളും ഐസുമൊക്കെ നെഹ്‌റുവിന് എത്തിച്ചുകൊടുക്കുകയും ചെയ്തു. ജയില്‍വാസകാലത്താണ് നെഹ്റു തന്റെ പ്രധാന കൃതികളൊക്കെ എഴുതിയതും. ഇഎംഎസിന്റെ കഥയും വ്യത്യസ്ഥമല്ല. ഏലംകുളം മനയിലെ ഇളമുറക്കാരന് എ ക്ലാസ് ജയില്‍തന്നെ കിട്ടി. ചോദിച്ചുവാങ്ങി എന്നതാണ് സത്യം. അനേകം ആളുകളെ പരിചയപ്പെടാനും തന്റെ ആശയങ്ങള്‍ മിനുക്കിയെടുക്കാനുമുള്ള അവസരമായാണ് ഇഎംഎസ് ആ കാലത്തെ പറ്റി പറയുന്നതും. ചുരുക്കത്തില്‍ ഇന്ത്യന്‍മണ്ണിലെ രാഷ്ട്രീയതടവ് അത്ര ബുദ്ധിമുട്ടുള്ളതായിരുന്നില്ല എന്ന് സാരം. വായിക്കാം, എഴുതാം, ചര്‍ച്ച ചെയ്യാം, വീട്ടിലെ ഭക്ഷണം കഴിക്കാം, മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങാം. സവര്‍ക്കറിനാവട്ടെ ഏകാന്തതടവും ഭിത്തിയില്‍ കല്ലുകള്‍ കൂര്‍പ്പിച്ച് മാത്രം എഴുതാനുള്ള അവസരവും.  

അങ്ങനെ 27 വര്‍ഷങ്ങള്‍. വീര്‍ വിനായക് ദാമോദര്‍ സവര്‍ക്കര്‍ അനുഭവിച്ച യാതനകളും പകര്‍ന്നുകൊടുത്ത ആവേശവും ചരിത്രം വായിക്കുന്നവര്‍ക്ക് മനസ്സിലാകും. പ്രസിദ്ധീകരിക്കും മുന്നെ ബ്രിട്ടീഷ് ഭരണകൂടം ഒരു പുസ്തകം നിരോധിക്കണമെങ്കില്‍, നീണ്ട 11 വര്‍ഷം തടവിലിട്ടിട്ടും സ്വദേശത്തേക്ക് മടങ്ങാന്‍ അനുവദിക്കാതിരിക്കണമെങ്കില്‍ ബ്രിട്ടീഷ് ഭരണകൂടം ആ മനുഷ്യനെ എത്ര ഭയന്നിട്ടുണ്ടാവണം? 'മരിച്ച എന്നെക്കാള്‍ നിങ്ങള്‍ക്ക് ഗുണം ജീവിച്ചിരിക്കുന്ന എന്നെക്കൊണ്ടാണ്' എന്നുപറഞ്ഞ് കാലുപിടിച്ച് കരഞ്ഞ ഗുവേരയല്ല വീര വിനായക ദാമോദര്‍ സവര്‍ക്കര്‍. അതറിയാന്‍ ദേശാഭിമാനിയും കമ്യൂണിസ്റ്റ് ക്ലോസറ്റ് സാഹിത്യത്തിനും മലയാളം വിക്കിക്കും അപ്പുറം എന്തെങ്കിലും കൂടി വായിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.