ജനങ്ങളുടെ ജീവന്‍ പന്താടരുത്

Saturday 24 August 2019 3:00 am IST

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ പ്രളയദുരന്തത്തിന്റെ പേരില്‍ ഒഴുക്കുന്നത് വെറും മുതലക്കണ്ണീരാണെന്ന് വ്യക്തമായിരിക്കുന്നു. സംസ്ഥാനത്ത് 120 ലേറെ പേരുടെ ദാരുണമണത്തിനിടയാക്കിയ മലവെള്ളപ്പാച്ചിലിന്റെയും ഉരുള്‍പൊട്ടലിന്റെയും ഭീതിദമായ ഓര്‍മകള്‍ തങ്ങിനില്‍ക്കുമ്പോള്‍തന്നെ, പാറഖനനത്തിനുള്ള വിലക്ക് പിന്‍വലിച്ച പിണറായി സര്‍ക്കാരിന്റെ നടപടി ഇതാണ് കാണിക്കുന്നത്. മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടര്‍ കെ. ബിജു ഇതുസംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവ് ഈ സര്‍ക്കാരിന്റെ മനുഷ്യത്വമില്ലായ്മയ്ക്ക് തെളിവാണ്. നിലവില്‍ ഉരുള്‍പൊട്ടല്‍ മുന്‍കരുതലുകളൊന്നും ഇല്ലെന്ന വിശദീകരണം നല്‍കി സര്‍ക്കാര്‍ എടുത്തിരിക്കുന്ന ഈ തലതിരിഞ്ഞ തീരുമാനം ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തും. 11 ദിവസം മാത്രമാണ് പാറഖനനനിരോധനം നിലനിന്നത്. മലപ്പുറത്തെ ചിലയിടങ്ങളെപ്പോലെ കളക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയ പ്രാദേശിക വിലക്ക് മാത്രമാണ് ഇപ്പോള്‍ പാറഖനനത്തിനുള്ളത്.

വന്‍ നാശംവിതച്ച ഉരുള്‍പൊട്ടലുകളുണ്ടായ കവളപ്പാറയിലും പുത്തുമലയിലും കാണാതായവരുടെ മൃതദേഹങ്ങള്‍ക്കുവേണ്ടി തെരച്ചില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍തന്നെ യാതൊരു ശാസ്ത്രീയമായ പഠനവും നടത്താതെ ഇത്തരമൊരു തീരുമാനമെടുത്ത സര്‍ക്കാര്‍ ദുരന്തം ക്ഷണിച്ചുവരുത്തുകയാണ്. കവളപ്പാറയിലെയും പുത്തുമലയിലെയും ഉരുള്‍പൊട്ടല്‍ ഉണ്ടായതിനു പിന്നാലെയാണ് പാറഖനനവും മണ്ണിടിക്കലും നിരോധിച്ചത്. ഇവിടങ്ങളിലെ ഉരുള്‍പൊട്ടലിന് കാരണമായത് അനധികൃത ക്വാറികളുടെ പ്രവര്‍ത്തനമാണെന്ന് തിരിച്ചറിഞ്ഞിട്ടും, യാതൊരു വീണ്ടുവിചാരവുമില്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നാടിന് ശാപമായി മാറുകയാണ്. സിപിഐ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടിക്കാരെ സഹായിക്കാന്‍ വേണ്ടിയാണ് തലതിരിഞ്ഞ ഈ തീരുമാനം എടുത്തതെന്നാണ് അറിയാന്‍ കഴിയുന്നത്. ഒരു വര്‍ഷത്തിനിടെ പിണറായി സര്‍ക്കാര്‍ അനുമതിനല്‍കിയ 129 ക്വാറികളില്‍ 119 എണ്ണവും സിപിഎം അനുഭാവികളുടേതാണത്രേ. പ്രളയ ദുരിതാശ്വാസത്തിനുള്ള പണം തിരിമറിനടത്തിയതിനും വകമാറ്റിയതിനുമൊക്കെ പഴികേള്‍ക്കുന്ന സര്‍ക്കാര്‍ യാതൊരു കൂസലുമില്ലാതെ പാര്‍ട്ടിക്ക് പണമുണ്ടാക്കുകയാണ്. പാറഖനനത്തിനുള്ള നിരോധനം നീക്കിയതുവഴി ക്വാറി ഉടമകളില്‍നിന്ന് പാര്‍ട്ടി ഖജനാവിലേക്ക് പണമൊഴുകുമെന്ന കാര്യം ഉറപ്പാണ്.

കേരളം പ്രളയദുരന്ത നിരയാവുന്നത് പശ്ചിമഘട്ടം സംരക്ഷിക്കുന്നതില്‍ വരുത്തുന്ന വീഴ്ചമൂലമാണെന്ന് ഏറ്റവും ആധികാരികമായി പഠനം നടത്തിയ വി.എന്‍. ഗാഡ്ഗില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ ഇനിയും വിവേകമുദിച്ചില്ലെങ്കില്‍ സമ്പൂര്‍ണ നാശത്തിന് ഒട്ടും കാത്തിരിക്കേണ്ടിവരില്ലെന്നും, നമ്മുടെ കണ്‍മുന്‍പില്‍ തന്നെ അത് സംഭവിക്കുമെന്നും അടുത്തിടെ ഈ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. എന്നാല്‍ ഇതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ലെന്ന പരസ്യപ്രഖ്യാപനമാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 750 ക്വാറികളാണ് അനുമതിയോടെ പ്രവര്‍ത്തിക്കുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്നത് ഇതിന്റെ ഇരട്ടിയിലേറെ വരുമെന്ന് പറയപ്പെടുന്നു. ഒരു വര്‍ഷംകൊണ്ട് മൂന്നുകോടി 52 ലക്ഷം ടണ്‍ പാറയാണ് സംസ്ഥാനത്ത് പൊട്ടിച്ചതെന്നാണ് ഒരു കണക്ക്. ഈ ആപല്‍ക്കരമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുകൊണ്ട് പാറഖനനത്തിന് അനുമതിനല്‍കിയ സര്‍ക്കാര്‍ ചുരുക്കം ചിലര്‍ക്ക് സമ്പന്നരാകാനും പാര്‍ട്ടിക്ക് അതിന്റെ പങ്കുപറ്റാനും ജനങ്ങളുടെ ജീവന്‍ പന്താടുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.