പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് നാടുവിട്ട എല്‍.ഡി.എഫ് കൗണ്‍സിലര്‍ ഇന്ത്യയില്‍ തിരിച്ചെത്തി; പ്രതിയായ ഷംസുദ്ദീനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

Thursday 11 July 2019 8:41 pm IST

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വളാഞ്ചേരി നഗരസഭയിലെ എല്‍.ഡിഎഫ് കൗണ്‍സിലര്‍ ഷംസുദ്ദീന്‍ നടക്കാവിനെ അറസ്റ്റു ചെയ്യരുതെന്ന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി. രണ്ടാം തവണ അഡ്വക്കേറ്റ് ബി.എ ആളൂര്‍ മുഖേന സമര്‍പ്പിച്ച മുന്‍ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്.  പീഡനക്കേസില്‍ വളാഞ്ചേരി പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഷംസുദ്ദീന്‍ ഇന്ത്യോനേഷ്യയിലേക്കും തുടര്‍ന്ന് ദുബൈയിലേക്കും കടന്നിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ ഇന്ത്യയില്‍ തിരിച്ചെത്തിയെന്ന് വിവരം ലഭിച്ചിരുന്നു. 

ഇയാള്‍ക്കെതിരെ നേരത്തെ പൊലീസ്  ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.  മലപ്പുറം പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പതിനാറ് വയസുകാരിയായ പെണ്‍കുട്ടിയെ ഒരു വര്‍ഷമായി പീഡിപ്പിക്കുന്നുവെന്നാണ് ഇയാള്‍ക്കെതിരായ കേസ്. വളാഞ്ചേരി നഗരസഭ 32-ാം വാര്‍ഡിലെ ഇടതുപക്ഷത്തിന്റെ സ്വതന്ത്ര കൗണ്‍സിലറാണ് ഷംസുദ്ദീന്‍ നടക്കാവില്‍. പതിനാറ് വയസുകാരിയായ പെണ്‍കുട്ടി ഇയാള്‍ക്കെതിരായി പരാതി നല്‍കിയത്. ഒരു വര്‍ഷമായി ഷംസുദ്ദീന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈനോട് വെളിപ്പെടുത്തിയത്. തനിക്കെതിരെ പരാതി വരുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ഷംസുദ്ദീന്‍ ഒളിവില്‍ പോവുകയായിരുന്നു.   ഇയാള്‍ മലേഷ്യയിലേക്കോ തായ്‌ലന്റിലേക്കോ കടന്നുവെന്നാണ് പോലീസ് കരുതിയത്. 

പ്രതിയെ ഒളിവില്‍ പോകാന്‍ വളാഞ്ചേരിക്കാരന്‍ തന്നെയായ മന്ത്രി കെ ടി ജലീല്‍ സഹായിച്ചു എന്ന ആരോപണം പ്രതിപക്ഷ എംഎല്‍എമാരും മുസ്ലീം ലീഗും ഉയര്‍ത്തിയിരുന്നു. മന്ത്രിയും ഷംസുദ്ദീനും തമ്മിലുള്ള ബന്ധമുണ്ടെന്ന് ആരോപിച്ച് ചില ഫോട്ടോകളും പുറത്തുവന്നിരുന്നു. ഷംസുദ്ദീന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പതിനഞ്ചാം തീയതി പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.