കുപ്പിവെള്ളക്കമ്പനികളെ സര്‍ക്കാരിനും പേടിയോ?

Monday 25 June 2018 9:59 am IST
ശുദ്ധമല്ലാത്ത വെള്ളം ഇപ്പോഴും വിപണിയില്‍ വിറ്റ് കമ്പനികള്‍ പണമുണ്ടാക്കുന്നു, ജനങ്ങളുടെ ആരോഗ്യം നശിക്കുന്നു.

കൊച്ചി: സ്വകാര്യ കുപ്പിവെള്ള വിതരണ കമ്പനിക്കാരെ സര്‍ക്കാരിനും പേടിയോ. കുപ്പിവെള്ളക്കമ്പനികള്‍ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി ജലവിഭവ വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ എന്തു നടപടിയെടുത്തു, ഏതൊക്കെ കമ്പനികളുടെ വെള്ളമാണ് അപകടം പിടിച്ചത് എന്നിവയെക്കുറിച്ച് ജനങ്ങളെ ധരിപ്പിക്കാന്‍ സര്‍ക്കാര്‍ അവയുടെ പേരു പറയാന്‍ ധൈര്യപ്പെടുന്നില്ല.

 കുപ്പിവെള്ള വിതരണക്കമ്പനികളുടെ ജലശേഖരണ സ്രോതസുകളെക്കുറിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷിച്ച് വെള്ളം പരിശോധിച്ചപ്പോള്‍ ചില കമ്പനികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു .ടി. തോമസ് നിയമസഭയില്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ഈ കമ്പനികള്‍ക്കെതിരേ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.

''ഭക്ഷ്യസുരരക്ഷാ വകുപ്പ് ലബോറട്ടറി നടത്തിയ പരിശോധനയില്‍ പല കമ്പനികളുടെയും ഉല്‍പ്പന്നങ്ങള്‍ നിശ്ചിത ഗുണനിലവാരമില്ലാത്തവയാണെന്ന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്താന്‍ ജലവിഭവ വകുപ്പ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല,'' എന്നും മന്ത്രി മറുപടി നല്‍കുന്നു. 

കുടിവെള്ളം ശുദ്ധമല്ലെന്ന് കണ്ടെത്തിയിട്ടും സര്‍ക്കാര്‍ കാര്യമായ നടപടികയൊന്നും എടുത്തിട്ടില്ല. ഏതൊക്കെ കമ്പനികളാണ് മാനദണ്ഡങ്ങള്‍ ലംഘിച്ചതെന്ന് പേരു പറയാന്‍ സര്‍ക്കാരിന് ധൈര്യമില്ല. ശുദ്ധമല്ലാത്ത വെള്ളം ഇപ്പോഴും വിപണിയില്‍ വിറ്റ് കമ്പനികള്‍ പണമുണ്ടാക്കുന്നു, ജനങ്ങളുടെ ആരോഗ്യം നശിക്കുന്നു. കുഴപ്പം പിടിച്ച കമ്പനികള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്താന്‍ ചോദ്യം ചോദിച്ച പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍.എ. നെല്ലിക്കുന്ന്, വി.കെ. ഇബ്രാഹിം കുഞ്ഞ്, ടി.വി. ഇബ്രാഹിം എന്നിവര്‍ ആവശ്യപ്പെട്ടിട്ടുമില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.
TAGS:Drinking water-Lab test- contaminated-Assembly