മുപ്പത് കോടിയുടെ മയക്കുമരുന്ന് : ഇന്റര്‍പോളിന്റെ സഹായംതേടും

Sunday 25 February 2018 2:45 am IST
"undefined"

കൊച്ചി: മുപ്പത് കോടിയുടെ മയക്കുമരുന്ന് പിടിച്ച കേസില്‍ വിദേശത്തുള്ള പ്രതികളെ പിടിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. അഞ്ച് വിദേശ രാജ്യങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെട്ട സംഘം കേരളത്തിലേക്ക് മയക്കുമരുന്ന് കടത്താന്‍ പ്രവര്‍ത്തിക്കുന്നതായും ഇതില്‍ ഒരു സംഘത്തെയാണ് ഇപ്പോള്‍ പിടികൂടിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മുപ്പത് കോടിയുടെ എംഡിഎംഎ മയക്കുമരുന്ന് സംഘത്തിലെ മറ്റ് പ്രതികളെ പിടിക്കാനും കൂടുതല്‍ അന്വേഷണത്തിനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും അടുത്ത ദിവസം സര്‍ക്കാര്‍ തീരുമാനമുണ്ടാകുമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി. പ്രധാന പ്രതിയെന്ന് കരുതുന്ന 'ഭായി'യേയും മറ്റ് പ്രതികളെയും കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. ഇവരെ പിടിക്കാനാണ് ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹായം തേടുന്നത്. രാജ്യാതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ സിഐഎസ്എഫ്, എയര്‍പോര്‍ട്ട് അതോറിട്ടി എന്നിവയുടെ സഹായം തേടും. സന്ദര്‍ശക വിസയില്‍ വിദേശത്ത് പോകുന്നവരെയാണ് മയക്കുമരുന്ന് കടത്തിനായി ഉപയോഗിക്കുന്നത്. കമ്പ്യൂട്ടര്‍ വഴി ഫോണ്‍ സന്ദേശമയക്കുന്നതിനാല്‍ പ്രതികളെ കണ്ടെത്തുക ദുഷ്‌കരമാണ്.

 വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കടത്തില്‍ ഒരേസമയം ഒട്ടേറെ ആളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനാല്‍ മയക്കുമരുന്ന് ഏറെ നേരം സംഘങ്ങളുടെ കൈകളില്‍ സൂക്ഷിക്കാറില്ല. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്താന്‍ വലിയ ശൃംഖലയുണ്ട്. ഇതില്‍ ചിലത് കണ്ടെത്തിക്കഴിഞ്ഞു. തമിഴ്‌നാട്, കര്‍ണാടകം, മധ്യപ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിലും ഇത്തരം നെറ്റ്‌വര്‍ക്ക് വ്യാപിച്ചിട്ടുണ്ട്. ഇവിടുത്തെ പോലിസ്, എക്‌സൈസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. മറ്റ് ചില വഴികളില്‍കൂടിയും മയക്കുമരുന്ന് കേരളത്തിലെത്തുന്നതിന്റെ സൂചനകളും ലഭിച്ചു. എക്‌സൈസ് സംഘത്തിന് വിവരം നല്‍കുന്നവരുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശേരിയില്‍ നിന്നും 30 കോടിയുടെ എംഡിഎംഎ മയക്കുമരുന്ന് പിടികൂടിയ ഉദ്യോഗസ്ഥര്‍ക്ക് എക്‌സൈസ് വകുപ്പ് അനുവദിച്ച 50,000 രൂപ കമ്മീഷണര്‍ ഋഷിരാജ് സിങ് കൈമാറി.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി ലക്ഷ്മണന്‍, എസ്‌ഐ എന്‍ പി സുധീപ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ.എസ്. ജയന്‍, എം.എ.കെ. ഫൈസല്‍, എഎസ്‌ഐ സി.കെ. സൈഫുദീന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എം. റോബി, പി.എക്‌സ്. റൂബന്‍, രഞ്ജു എല്‍ദോ തോമസ്, ഡ്രൈവര്‍ പ്രദീപ് എന്നിവര്‍ക്കാണ് പുരസ്‌കാരം കൈമാറിയത്. എക്‌സൈ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എ. നെല്‍സണും ചടങ്ങില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.