അറസ്റ്റിലായ ഭീകരര്‍ റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ബാനിഹാള്‍ തുരങ്കം കടത്താന്‍ ഡിഎസ്പി 12 ലക്ഷം വാങ്ങിയെന്ന് ഇന്റലിജെന്‍സ്‌

Tuesday 14 January 2020 11:12 am IST

ന്യൂദല്‍ഹി : ജമ്മു കശ്മീരില്‍ അറസ്റ്റിലായ ഡിഎസ്പിക്കൊപ്പമുണ്ടായിരുന്ന ഭീകരര്‍ റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഇന്റലിജെന്‍സ് വൃത്തങ്ങളാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞദിവസം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്കൊപ്പമാണ് ഡിഎസ്പി ദേവീന്ദര്‍ സിങ്ങിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവരില്‍ നിന്നും ഗ്രനേഡ് ഉള്‍പ്പടെയുള്ള മാരകായുധങ്ങളും പിടികൂടിയിരുന്നു. 

ഭീകരരെ ദല്‍ഹിയില്‍ എത്തിക്കുന്നതിന് പണം കൈപ്പറ്റിയതായി ചോദ്യം ചെയ്യലില്‍ ദേവീന്ദര്‍ സിങ് സമ്മതിച്ചെന്ന് ജമ്മു കശ്മീര്‍ ഐജി അറിയിച്ചു. ബാനിഹാള്‍ തുരങ്കം കടക്കുന്നതിനായി 12 ലക്ഷം രൂപയാണ് ദേവീന്ദര്‍ സിങ് ഭീകരരില്‍ നിന്നും വാങ്ങിയത്. ദേവീന്ദര്‍ സിങ് ഹിസ്ബുള്‍ ഭീകരരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വിഷയത്തില്‍ എന്‍ഐഎ അന്വേഷണം നടത്തി വരികയാണ്. കശ്മീര്‍ താഴ്‌വരയിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച പശ്ചാത്തലമുള്ള പോലീസുകാരനാണ് ദേവീന്ദര്‍ സിങ്.

അതുകൊണ്ടുതന്നെ ഭീകരരെ നിഷ്പ്രയാസം ദല്‍ഹിയില്‍ എത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇയാള്‍ പണം കൈപ്പറ്റിയത്. ശനിയാഴ്ച ദല്‍ഹിയിലേക്ക് ഭീകരര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടയിലാണ് ഡിഎസ്പി പിടിയാലായത്. ഹിസ്ബുള്‍ ഭീകരന്‍ നവീദ് ബാബുവും സംഘവും ഇയാള്‍ക്കൊപ്പം പിടിയിലായിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.