ദുബായില്‍ ആവേശം വിതറി ലാലും കൂട്ടുകാരും

Sunday 24 November 2019 7:39 am IST
മോഹന്‍ലാല്‍ തന്നെയായിരുന്നു പരിപാടിയുടെ അവതാരകനായി എത്തിയത്. കൂട്ടുകാരെ ഓരോരുത്തരെ സദസ്സിലേക്ക് ആനയിച്ചുകൊണ്ടു വന്ന് അവരുമായുള്ള ബന്ധം, കടപ്പാട്, സ്‌നേഹം ഒക്കെ വിശദീകരിക്കുകമാത്രമല്ല സ്വയം പാട്ടുപാടിയും കൂട്ടുകാരെക്കൊണ്ട് പാടിപ്പിച്ചും പറയിപ്പിച്ചും മോഹന്‍ലാല്‍ ഷോ അസാധാരണമാക്കി.

ദുബായ്: അഞ്ചര മണിക്കൂര്‍.... ഇത്തിസലാത്ത് അക്കാദമിയുടെ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത് മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികകല്ലിനാണ്. നിറഞ്ഞൊഴുകിയ ജനക്കൂട്ടം ആര്‍പ്പുവിളിച്ചത് കൊഴുപ്പാര്‍ന്ന പരിപാടിയില്‍ മനം നിറഞ്ഞാണ്. നടന വിസ്മയം മോഹന്‍ലാല്‍ എന്ന മഹാനടന്‍ ആദ്യാവസാനം നിറഞ്ഞാടിയ ഷോ കണ്ടിട്ടില്ല, ഇനി കാണുവാനും പോകുന്നില്ലെന്ന് പറഞ്ഞ് കാണികള്‍ പിരിയുമ്പോള്‍ സംഘാടകര്‍ക്കും സന്തോഷം. 'മോഹന്‍ലാലും കൂട്ടുകാരും@41' എല്ലാ അര്‍ത്ഥത്തിലും വിജയം.

മോഹന്‍ലാലും ഉറ്റ സുഹൃത്തുക്കളും പിന്നിട്ട വഴികളുടെ ദൃശ്യാവിഷ്‌ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മകളുടെ ചെപ്പ് തുറന്നപ്പോള്‍ അര നൂറ്റാണ്ടിന്റെ മലയാള സിനിമയുടെ ചരിത്രമായി. മോഹന്‍ലാല്‍ തന്നെയായിരുന്നു പരിപാടിയുടെ അവതാരകനായി എത്തിയത്. കൂട്ടുകാരെ ഓരോരുത്തരെ സദസ്സിലേക്ക് ആനയിച്ചുകൊണ്ടു വന്ന് അവരുമായുള്ള ബന്ധം, കടപ്പാട്, സ്‌നേഹം ഒക്കെ വിശദീകരിക്കുക മാത്രമല്ല, സ്വയം പാട്ടുപാടിയും കൂട്ടുകാരെക്കൊണ്ട് പാടിപ്പിച്ചും പറയിപ്പിച്ചും മോഹന്‍ലാല്‍ ഷോ അസാധാരണമാക്കി.

പ്രേമോദാരനായി അണയൂ നാഥാ. എന്ന ഗാനത്തിന്റെ അകമ്പടിയില്‍ ആശാശരത്തിന്റെ നേതൃത്വത്തില്‍ നൂറിലധികം നര്‍ത്തകരുടെ അവതരണ നൃത്തത്തോടെയാണ് പരിപാടി തുടങ്ങിയത്. തുടര്‍ന്ന് എം.ജി. ശ്രീകുമാറിനെ മോഹന്‍ലാല്‍ പരിചയപ്പെടുത്തി. ഇഷ്ടമുള്ള പാട്ട് പാടാന്‍ ലാല്‍ ആവശ്യപ്പെട്ടപ്പോള്‍ ശ്രീകുമാര്‍ ഓര്‍മ്മകളോടിക്കളിക്കുവാന്‍.... എന്ന മനോഹരഗാനം ആലപിച്ച് സദസ്സിനെ ഓര്‍മ്മകളിലേക്ക് കൂട്ടുക്കൊണ്ടുപോയി. തുടര്‍ന്ന് കെ.എസ്. ചിത്ര എത്തി ഞാറ്റുവേലക്കിളിയേ.... പാടി. ലാലിന്റെ ആദ്യ സംവിധായകന്‍ അശോക് കുമാറും ലേഡി മോഹന്‍ലാല്‍ മഞ്ജുവാര്യരും എത്തി. എംജി കോളേജിലെ പഠനവും ഇന്ത്യന്‍ കോഫി ഹൗസിലെ ഇരിപ്പും ഒക്കെ പങ്കുവച്ച് ലാലും അശോക് കുമാറും സൗഹൃദത്തിന്റെ ദൃഢത എന്തെന്ന് വരച്ചിട്ടു. ദൂരെക്കിഴക്കുതിക്കും മാണിക്ക ചെമ്പഴുക്ക... ലാലും മഞ്ചുവും ചേര്‍ന്ന് മനോഹരമായി പാടിയപ്പോള്‍ സദസ്സിലിരുന്ന് അത് സിനിമയില്‍ പാടിയ എംജി ശ്രീകുമാറും ദൃശ്യവല്‍ക്കരിച്ച എസ്. കുമാറും സംവിധാനം ചെയ്ത പ്രിയദര്‍ശനും കൈ അടിക്കുന്നുണ്ടായിരുന്നു.

മധു ബാലകൃഷ്ണന്റെ ഹരിമുരളീരവം പാട്ടിനുശേഷം ഷംനാകാസിമും നിഥിനും ചേര്‍ന്ന് നൃത്തം, ജോത്സനയുടെ എന്റെ മനസ്സിലൊരു നാണം, ചിത്രയും മധു ബാലകൃഷ്ണനും ചേര്‍ന്നുള്ള നീയെന്‍ കിനാവോ.... ഗാനങ്ങള്‍ക്ക് ശേഷം ദുര്‍ഗ്ഗാകൃഷ്ണയും അര്‍ജ്ജുന്‍ലാലും ചേര്‍ന്നുള്ള ചെമ്പൂവേ പൂവേ..... നൃത്തം, കള്ളിപ്പൂങ്കുയിലെയും ബൊമ്മ, ബൊമ്മ പാട്ടുകളുമായി എം.ജി. ശ്രീകുമാര്‍, പാടി തൊടിയില്‍... പാടി കെ.എസ്. ചിത്ര, സ്വാസികയും നിഥിനും ചേര്‍ന്ന് ഒന്നാനാം കുന്നിന്‍ മേലെ നൃത്തം, ശ്രീകുമാറിന്റെ സ്വാമിനാഥാ..... തുടര്‍ന്ന് ഇരുതലമുറകളുടെ അപൂര്‍വ്വ സംഗമം. മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം നേടിയ കീര്‍ത്തിസുരേഷ് വേദിയിലെത്തി പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, നിരഞ്ചന്‍ രാജു, വിസ്മയ മോഹന്‍ലാല്‍, സിദ്ധാര്‍ത്ഥ പ്രിയദര്‍ശന്‍, കുഞ്ഞുണ്ണി എസ്. കുമാര്‍, രേവതി സുരേഷ് എന്നിവരെ ഓരോരുത്തരായും മാതാപിതാക്കളെ ഒന്നിച്ചും വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ അത്യപൂര്‍വ്വനിമിഷമായി മാറി. ജന്മഭൂമി സാരഥികളായ കുമ്മനം രാജശേഖരന്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍, കെ.ബി. ശ്രീകുമാര്‍ എന്നിവരും വേദിയിലെത്തി. ഇരു തലമുറകളുടെ താരസംഗമത്തില്‍ പങ്കാളികളായി. ദേശീയ പുരസ്‌കാരം നേടിയതിനുള്ള അനുമോദനമായി കുമ്മനം രാജശേഖരന്‍ പൊന്നാട അണിയിച്ചു. കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ ആശംസ നേര്‍ന്നു.

മോഹന്‍ലാല്‍ തന്റെ ആദ്യ നായകന്‍ ശങ്കറുമായി എത്തി. മിഴിയോരം പാട്ടുമായി മധു ബാലകൃഷ്ണനും. നെടുമുടിയെ കൈപിടിച്ച് ലാല്‍ വീണ്ടും അതിരുകാക്കും മലയൊന്നു... എന്ന നാടന്‍പാട്ടുപാടി. നെടുമുടി കയ്യടി വാങ്ങി. തന്റെ ഹിറ്റ് സംവിധായകന്‍ പ്രിയദര്‍ശനെയാണ് പിന്നീട് ലാല്‍ പരിചയപ്പെടുത്തിയത്. അമ്മൂമ്മക്കിളി വായാടിയുമായി... ഷംനാകാസിം നൃത്തം.... ലാലും ചിത്രയും ചേര്‍ന്നുള്ള ശ്യാമമേഖമേ നീ.... ഗാനം...

ഇന്നസെന്റിന്റെ കൈപിടിച്ചാണ് മോഹന്‍ലാല്‍ വേദിയില്‍. തമാശ പറഞ്ഞും പാട്ടുപാടിയും ഇന്നസെന്റ് സദസ്സിനെ കയ്യിലെടുത്തു. ശ്രീകുമാറും ജ്യോത്സനയും ചേര്‍ന്ന് മഴവില്‍ കൊതുമ്പില്‍... യുഗ്മഗാനം തന്റെ മുഖത്ത് ചായം തേച്ച മണിയന്‍പിള്ള രാജുവിനെ ലാല്‍ പരിചയപ്പെടുത്തി. തുടര്‍ന്ന് ലാലും മധു ബാലകൃഷ്ണനും ചേര്‍ന്ന് സുന്ദരി സുന്ദരി ഒന്നൊരുങ്ങി.... പാടി തകര്‍ത്തു. തമാശ വിതറി അയ്യപ്പ ബൈജുവും സംഘവും. 

ശ്രീകുമാറുമായുള്ള കൂട്ടുകെട്ട് വിവരിച്ച് ലാല്‍. ലാലിനെ ഒപ്പം നിര്‍ത്തി... കണ്ടു ഞാന്‍ പാടി ശ്രീകുമാര്‍. മേനകയുമായി അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവച്ച് മോഹന്‍ലാല്‍. 

ദുര്‍ഗ്ഗകൃഷ്ണ, ജ്യോത്സന എന്നിവരുടെ നൃത്തം. രാവേറെയായ് പൂവേ എന്ന ഗാനം മധു ബാലകൃഷ്ണന്‍ പാടാന്‍ തയ്യാറെടുക്കുമ്പോള്‍ ദുബായ് പോലീസെത്തി. രാത്രി പന്ത്രണ്ടരയായി. അനുവദിച്ചതിലും ഒന്നര മണിക്കൂര്‍ അധികം. നിശ്ചയിച്ചിരുന്ന രണ്ടുപാട്ടും ഒരു നൃത്തവും ഉപേക്ഷിച്ച് ഷോയുടെ ലൈറ്റ് അണഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.