തമിഴ്‌നാട്ടില്‍ ശക്തമായ മഴ; മേട്ടുപാളയത്ത് കെട്ടിടം ഇടിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 15 മരണം; തീരദേശ മേഖലയിലെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Monday 2 December 2019 9:34 am IST
ഇടിഞ്ഞ് വീണ കെട്ടിടത്തിന് അടിയില്‍പ്പെട്ടാണ് തഞ്ചാവൂരിലും തിരുവാരൂരിലും മൂന്ന് പേര്‍ മരിച്ചത്.

ചെന്നൈ: തമിഴ്‌നാട്ടില്‍ തീരദേശ മേഖലയില്‍ ശക്തമായ മഴ തുടരുന്നു. കനത്ത മഴയില്‍ ഇടിഞ്ഞു വീണ കെട്ടിടത്തിനിടയില്‍ പെട്ട് കൊയമ്പത്തൂര്‍ മേട്ടുപാളയത്ത് 15 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഇതോടെ തമിഴ്‌നാട്ടിലെ മഴക്കെടുതിയിലെ ആകെ മരണം 20 ആയി.

തീരദേശ മേഖലയിലെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടിഞ്ഞ് വീണ കെട്ടിടത്തിന് അടിയില്‍പ്പെട്ടാണ് തഞ്ചാവൂരിലും തിരുവാരൂരിലും മൂന്ന് പേര്‍ മരിച്ചത്. തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവടങ്ങളില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. ചെന്നൈ ഉള്‍പ്പടെ ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. 176 ദുരിതാശ്വാസ ക്യാമ്പുകള്‍ ചെന്നൈയില്‍  സജ്ജീകരിച്ചിട്ടുണ്ട്. കടലൂരില്‍ നൂറിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മദ്രാസ്, അണ്ണാ സര്‍വ്വകലാശാകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. ചെന്നൈ ഉള്‍പ്പടെ പതിനാല് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചില്‍ ഉള്ളതിനാല്‍ ഊട്ടിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.