പാർട്ടി ഗ്രാമത്തിൽ ഗ്രുപ്പ് വൈരം മറ നീക്കി പുറത്ത്; സിപിഎം നേതൃത്വത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ പന്തംകൊളുത്തി പ്രകടനം, അതിയാമ്പൂരിൽ വിഭാഗീയതയ്ക്ക് വർഷങ്ങളുടെ പഴക്കം

Friday 8 November 2019 9:11 pm IST

കാഞ്ഞങ്ങാട്: വര്‍ഷങ്ങളായി വിഭാഗീയത കത്തിപ്പടരുന്ന പാര്‍ട്ടി ഗ്രാമത്തില്‍ ഗ്രൂപ്പ് വൈരം മറനീക്കി പുറത്തുവന്നു. സിപിഎം പാര്‍ട്ടി നേതൃത്വത്തിനെതിരെ അതിയാമ്പൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മുപ്പതോളം വരുന്ന യുവാക്കളാണ് ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തിയത്. 

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും പാര്‍ട്ടി നിയന്ത്രണത്തിലുള്ള അതിയാമ്പൂര്‍ പാര്‍ക്കോ ക്ലബ്ബ് വൈസ് പ്രസിഡന്റുമായ അനൂപ് എന്ന കുഞ്ഞൂണ്ണിക്കെതിരെ പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ പി.ലീല നല്‍കിയ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്. അനൂപിനെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കാന്‍ സാക്ഷി പറഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകന്റെ പേര് എടുത്ത് പറഞ്ഞായിരുന്നു മുദ്രാവാക്യം.

സിപിഎം ശക്തികേന്ദ്രമെന്നവകാശപ്പെടുന്ന അതിയാമ്പൂരില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ 27ന് അതിയാമ്പൂരില്‍ പി.ലീല ആക്രമിക്കപ്പെട്ട് ജാമ്യമില്ലാ വകുപ്പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പ്രതിയായതോടെ പാര്‍ട്ടിക്കുള്ളിലെ കലഹം രൂക്ഷമാകുകയും ചെയ്തു. ലീല നഗരസഭാ കൗണ്‍സിലര്‍ ആയിരുന്ന സമയത്ത് നടന്ന റോഡ് നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്ത് വരികയും വിജിലന്‍സിന് പരാതി നല്‍കുകയും ചെയ്തിരുന്നു. കേരളോത്സവ നടത്തിപ്പിലെ ഫണ്ട് വിതരണത്തിലും റോഡരികിലുള്ള കാടുകള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടിത്തെളിച്ചതിന് പണം എഴുതിയെടുത്ത സംഭവത്തിലും കുടിവെള്ള പദ്ധതി അഴിമതി ഉള്‍പ്പെടെ പ്രാദേശിക നേതൃത്വത്തിനെതിരെ ഡിവൈഎഫ്‌ഐ ഉയര്‍ന്ന അഴിമതി കഥകള്‍ ഒരുപാടുണ്ട്. 

ഇടതുമുന്നണി അധികാരത്തില്‍ എത്തിയ ശേഷം ലോട്ടറി ക്ഷേമ നികുതി വകുപ്പില്‍ അനൂപിന് താല്‍ക്കാലിക ജോലി ലഭിച്ചിരുന്നു. പ്രതിചേര്‍ക്കപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അനൂപ് ഈ ജോലി നഷ്ടപ്പെടുത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകനെതിരെ പാര്‍ട്ടി നേതൃത്വത്തിന് രേഖാമൂലം പരാതി നല്‍കിയിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുകയോ നടപടിയോ ഉണ്ടായിട്ടില്ല. ഇതിനിടെ പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗം അഡ്വ.പി അപ്പുക്കുട്ടന്‍, ഏരിയ സെക്രട്ടറി അഡ്വ.കെ രാജ്‌മോഹന്‍, ലോക്കല്‍ സെക്രട്ടറി ഗോപി എന്നിവരുടെ സാന്നിധ്യത്തില്‍ ഏരിയ സെന്ററില്‍ യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ എടുത്തുവെങ്കിലും പരാതിയില്‍ നിന്ന് പിന്മാറാന്‍ പി.ലീല തയ്യാറായില്ല. ഇതോടെ അനൂപ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. 

കഴിഞ്ഞ മാസം 27ന് ഞായറാഴ്ച മൂന്ന് മണിക്ക് കുടുംബശ്രീ യോഗത്തില്‍ പങ്കെടുക്കാന്‍ പോകവെ പ്രതിചേര്‍ക്കപ്പെട്ട അനൂപ് കയ്യേറ്റം ചെയ്തുവെന്നാണ് കേസ്. നേതാക്കളും അണികളും തമ്മിലുള്ള വിഭാഗീയത പ്രശ്‌നങ്ങള്‍ പറഞ്ഞൊതുക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് വിഭാഗീയത മറനീക്കി പുറത്ത് വന്ന് പന്തംകൊളുത്തി പ്രകടനത്തില്‍ കലാശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.