ബ്രസീലിലെ ആമസോണില്‍ തീ; ഡിവൈഎഫ്‌ഐ പ്രതിഷേധം ഡല്‍ഹിയില്‍; അവധി ദിവസം എംബസിക്കു മുന്നില്‍ സമരം നടത്തി റിയാസും റഹീമും കൂട്ടരും ട്രോള്‍ ഏറ്റുവാങ്ങി

Sunday 25 August 2019 3:20 pm IST

ന്യൂദല്‍ഹി: ബ്രസീലിലെ ആമസോണ്‍ കാടുകളില്‍ തീ പടരുന്നതും അതു നിയന്ത്രിക്കാത്തതുമാണ് ഇപ്പോള്‍ ഡിവൈഎഫ്‌ഐയുടെ പ്രധാന വിഷയം. ബ്രസീല്‍ സര്‍ക്കാര്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഇന്നലെ പ്രതിഷേധം നടന്നത് ദല്‍ഹിയിലെ ബ്രസീല്‍ എംബസിക്കു മുന്നില്‍. കേരളത്തില്‍ നിന്നുള്ള മറ്റൊരു നേതാവ് എ.എ.റഹീമും വിരലില്‍ എണ്ണാവുന്നവരും പങ്കെടുത്ത പ്രതിഷേധത്തിന്റെ ചിത്രം റിയാസ് തന്നെയാണ് ഫേയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. ബ്രസീല്‍ എംബസി അവധിയായ ഞായറാഴ്ച ആയിരുന്നു ഡിവൈഎഫ്‌ഐയുടെ സമരം. ചിത്രം പുറത്തുവന്നയുടന്‍ ട്രോളിന്റെയും കളിയാക്കലുകളുടേയും പെരുമഴയാണ് റിയാസിന്റെ എഫ്ബി പേജില്‍. 

ഇതിലും നല്ലത് തേഞ്ഞിപ്പാലം പോസ്റ്റ്ഓഫിസിനു മുന്നില്‍ പോരായിരുന്നോ പ്രതിഷേധം എന്നാണ് പലരുടേയും ചോദ്യം. ഇവരൊനൊക്കെ എന്തൊരു ദുരന്തം ആണ് കേരളത്തില്‍ പശ്ചിമ ഘട്ടം സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സമ്മതിക്കാത്തവന്‍ ആഗോള പരിസ്ഥിതി കാര്യങ്ങള്‍ ചര്‍ച്ച ചെയുന്നു .മിക്കവാറും ആമസോണ്‍ കാടുകള്‍ ചുറ്റി ഒരു വനിതാ മതില്‍ തീര്‍ക്കാന്‍ സാധ്യത ഉണ്ട്, ഇന്ത്യയുടെ നീറുന്ന പ്രശ്‌നമായ ആമസോണ്‍ വിഷയത്തില്‍ അവധി ദിവസം ബ്രസീല്‍ എംബസിയ്ക്ക് മുന്നില്‍ പോയി സമരം ചെയ്ത റിയാസ് മാസ്് ആണ് എന്നിങ്ങനെ നിരവധി ട്രോളുകളാണ് പേജില്‍ വന്നു നിറയുന്നത്. 

സമരത്തിനു മണിക്കൂറുകള്‍ മുന്‍പ് ആമസോണ്‍ വിഷയത്തില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് പങ്കുണ്ടെന്ന് കാട്ടി റിയാസ് ഫേയ്‌സ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. പോസ്റ്റിലെ പ്രസക്തഭാഗം ഇങ്ങനെ- മസോണ്‍ വനാന്തരങ്ങളില്‍ ധാതു സമ്പത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന ചില വന്‍കിട കോര്‍പ്പറേറ്റുകള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലാറ്റിനമേരിക്കയിലെ നിരവധി പരിസ്ഥിതി പ്രവര്‍ത്തകര്‍ സംശയമുയര്‍ത്തിയിട്ടുണ്ട്. ഈ വര്‍ഷം മാത്രം 74000 ത്തിലധികം തീപ്പിടുത്തങ്ങളാണ് ആമസോണില്‍ രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് 83 ശതമാനം കൂടുതലാണ്. പുതിയ ബ്രസീലിയന്‍ ഭരണാധികാരിയും കോര്‍പ്പറേറ്റുകളുടെ കളി തോഴനുമായ ജയര്‍ ബോള്‍സനാരോ ഈ പ്രകൃതി ദുരന്തത്തേ നിയന്ത്രിക്കുന്നതില്‍ സ്വീകരിക്കുന്ന നിഷേധാത്മകമായ നിലപാട് സംശയങ്ങള്‍ ബലപ്പെടുത്തുകയാണ്. ബോളീവിയന്‍ അതിര്‍ത്തിക്കുള്ളിലെ വനപ്രദേശത്ത് പടരുന്ന തീ നിയന്ത്രിക്കുവാന്‍ അവിടുത്തെ ഇടതുപക്ഷ ഭരണാധികാരി കൂടിയായ ഇവാ മൊറലേസ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ ടാങ്കര്‍ വിമാനത്തെ വാടകയ്‌ക്കെടുത്ത് നിയോഗിച്ചിരിക്കുന്നു എന്നത് ഏറെ ആശ്വസകരമാണ്. എന്നാല്‍ ആമസോണ്‍ വനാന്തരങ്ങളുടെ സിംഹഭാഗവും ബ്രസീലിന്റെ അധീനതയിലാണ്. ബോണ്‍സനാരോയുടെ ക്രിമിനല്‍ നിസംഗത, ലോക പരിസ്ഥിതിയെ തന്നെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിയ്ക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.