ബാര്‍ ഹോട്ടല്‍ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ മാപ്പ് പറഞ്ഞ് ഡിവൈഎഫ്ഐ നേതാക്കള്‍, പോലീസിന്റെ ലുക്കൗട്ട് നോട്ടീസ് ഭയന്ന് പണം തിരികെ നല്‍കി

Tuesday 22 October 2019 11:26 am IST

 

തൊടുപുഴ: ഡിവൈഎഫ് ഐ നേതാക്കള്‍ ഹോട്ടല്‍ ആക്രമിക്കുകയും ജീവനക്കാരനെ മര്‍ദ്ദിച്ച് 22000 രൂപ തട്ടിയെടുത്ത കേസില്‍ പണം തിരികെ നല്‍കി തടിയൂരാന്‍ ശ്രമം. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനു മുന്നോടിയായി ഒരു ഡിവൈഎഫ് ഐ നേതാവിന്റെ ബന്ധുവഴി മാപ്പ് പറഞ്ഞ്‌ പണം ഹോട്ടലുടമയ്ക്ക് തിരികെ നൽ‌കി.

കഴിഞ്ഞ മാസം 13ന് പുലര്‍ച്ചെ 1.45ന് ഇടുക്കി റോഡിലുള്ള സിസിലിയ ബാര്‍ ഹോട്ടലില്‍ ആണ് അക്രമവും പണം തട്ടിയെടുക്കലും നടന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഡിവൈഎഫ്‌ഐ മുതലക്കോടം യൂണിറ്റ് മുന്‍ സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളി ഉള്‍പ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായി. തുടർന്നാണ് പോലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. ഇതേത്തുടര്‍ന്ന് പ്രതികള്‍ ഒളിവിലായിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ ആരംഭിച്ചതോടെ പ്രതികള്‍ അങ്കലാപ്പിലായി. ഇതോടെയാണ് തട്ടിയെടുത്ത 22000 രൂപ ബന്ധുവഴി ഹോട്ടലുടമയ്ക്ക് തിരികെ നല്‍കി നേതാക്കള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്.

പണം തട്ടല്‍ കേസില്‍ മാത്യൂസ് കൊല്ലപ്പള്ളിയാണ് ഒന്നാം പ്രതി. ഡിവൈഎഫ്ഐ മുതലക്കോടം യൂണിറ്റ് മുന്‍ പ്രസിഡന്റ് പഴുക്കാക്കുളം പാലാത്ത് ജിത്തു ഷാജി (22), കാഞ്ഞിരമറ്റം കൃഷ്ണാഞ്ജലിയില്‍ കെ.എസ്.ഗോപാലകൃഷ്ണന്‍ (21), തെക്കുംഭാഗം ഇടശേരിയില്‍ ലിജോ ജോസഫ് (21) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. മൂന്ന് ആഴ്ചകള്‍ക്കു മുന്‍പ് മാത്യൂസ് കൊല്ലപ്പള്ളി ഒഴികെയുള്ള പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. അക്രമവും പിടിച്ചുപറിയും നടത്തിയ സംഭവം വലിയ വിവാദമായതോടെ മാത്യൂസ് കൊല്ലപ്പള്ളി ഉള്‍പ്പെടെയുള്ളവരെ   ഡിവൈഎഫ്ഐയില്‍ നിന്നു തല്‍ക്കാലം പുറത്താക്കിയതായി നേതാക്കള്‍ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.