'പ്രളയ പഠനമാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിട്ട് മറുപടി ലഭിച്ചില്ല, തന്റെ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു; പഠനം ഇല്ലാതെ എങ്ങനെ സര്‍ക്കാര്‍ നവകേരളം സൃഷ്ടിക്കും'; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ. ശ്രീധരന്‍

Tuesday 17 September 2019 1:31 pm IST

കൊച്ചി: പ്രളയാനനന്തര പുനരധിവാസത്തില്‍ പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മെട്രോമാന്‍  ഇ ശ്രീധരന്‍. പ്രളയമുണ്ടായ സാഹചര്യവും പ്രളയശേഷമുള്ള സ്ഥിതിഗതിയും പഠിക്കാന്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഏജന്‍സിയെ നിയോഗിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല.  നവകേരള നിര്‍മ്മിതിയിലും സംസ്ഥാന സര്‍ക്കാര്‍ പിടിപ്പ്‌കേടാണ് കാണിക്കുന്നതെന്ന് അദേഹം പറഞ്ഞു. നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. വിശദമായ പഠനം ഇല്ലാതെ എങ്ങനെയാണ് സംസ്ഥാന സര്‍ക്കാര്‍ നവകേരളം സൃഷ്ടിക്കുകയെന്നും ഇ ശ്രീധരന്‍ ചോദിച്ചു.

നേരത്തെയും പ്രളയാനന്തര പുനനിര്‍മ്മാണത്തിലും സര്‍ക്കാരിനെ മെട്രോമാന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രളയകാരണം കണ്ടുപിടിച്ച് ഭാവിയില്‍ ഇതിനെ തരണം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനും വിദഗ്ധ സാങ്കേതികസമിതി രൂപവല്‍കരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്ലാനിങ് ബോര്‍ഡിനും കത്തെഴുതിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷത്തെ പ്രളയ കാരണം ഇതുവരെ കണ്ടുപിടിച്ചിട്ടില്ലന്നും അദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.  കാരണം കണ്ടുപിടിച്ച് പരിഹരിക്കണം. അതിനാര്‍ക്കും താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്ത് ഭാരതപ്പുഴയില്‍ തൃത്താലയിലെ റെഗുലേറ്ററിന്റെ 27 ഷട്ടറുകള്‍ തുറക്കാന്‍പറ്റിയില്ല. ഇക്കാരണത്താല്‍ സമീപപ്രദേശങ്ങളില്‍ മുഴുവന്‍ വെള്ളം കയറി. പ്രളയത്തിനുശേഷവും അതിന്റെ ഷട്ടര്‍ തുറക്കാന്‍ പറ്റാത്തതിന്റെ കാരണം കണ്ടുപിടിച്ചില്ല. ഇപ്പോഴും അത് അങ്ങനെത്തന്നെ കിടക്കുന്നു.

അനധികൃത ഖനനം പ്രളയത്തിന് കാരണമാണ്. ശാസ്ത്രീയമായ മൈനിങ് നടക്കുന്നില്ല. പുഴയില്‍നിന്ന് മണല്‍വാരുന്നതും പ്രശ്‌നമാണ്. മണല്‍ വാരുന്നവര്‍ പുഴയുടെ ഇരുവശത്തുനിന്നുമാണ് വാരുന്നത്, നടുവില്‍നിന്നല്ല. ഇത് പുഴയുടെ ഒഴുക്കിനെ ദോഷകരമായി ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.നേരത്തെ, പ്രളയത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഫൗണ്ടേഷന്‍ ഫോര്‍ റീസ്‌റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസ് എന്ന സംഘടനയ്ക്ക് വേണ്ടിയാണ് പ്രസിഡന്റായ ഇ . ശ്രീധരന്‍ ഹര്‍ജി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.